ശിവസേനയിലെ പിളർപ്പ്; ശരദ് പവാർ വിഭാഗത്തിൽ ആശങ്ക, എംപിമാരുടെ അടിയന്തര യോഗം വിളിച്ചു
എൻസിപി (എസ്പി) വിഭാഗത്തിന് നിലവിൽ എട്ട് ലോക്‌സഭാംഗങ്ങളും ഒരു രാജ്യസഭാംഗവും ഉൾപ്പെടെ ഒൻപത് എംപിമാരാണുള്ളത്.

- Published:
18 Jun 2026 11:38 AM IST

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ (യുബിടി) വീണ്ടും പിളർപ്പെന്ന വാര്‍ത്തകള്‍ക്കിടെ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) ക്യാമ്പിലും ആശങ്ക പടരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ശരദ് പവാർ പാർട്ടി എംപിമാരുടെ അടിയന്തര യോഗം വിളിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എൻസിപി (എസ്പി) വിഭാഗത്തിന് നിലവിൽ എട്ട് ലോക്‌സഭാംഗങ്ങളും ഒരു രാജ്യസഭാംഗവും ഉൾപ്പെടെ ഒൻപത് എംപിമാരാണുള്ളത്.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ യോഗം ചേരുമെന്നാണ് വിവരം. രാഷ്ട്രീയ സാഹചര്യം അവലോകനം ചെയ്യുന്നതിനും എംപിമാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനുമാണ് പവാർ മുൻകൈ എടുക്കുന്നത്. ശിവസേന (യുബിടി) വിഭാഗത്തിലെ ആറോളം എംപിമാർ സ്പീക്കർ ഓം ബിർളയെ കണ്ട് തങ്ങൾ സ്വതന്ത്ര ഗ്രൂപ്പായി മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ഈ സംഭവവികാസങ്ങളോട് ശരദ് പവാർ നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ ചെറുമകനും എംഎൽഎയുമായ രോഹിത് പവാർ എക്‌സിലൂടെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
"സാധാരണക്കാർക്ക് ജോലി നഷ്ടപ്പെടുന്നു, യുവാക്കൾക്ക് തൊഴിലില്ല, സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു. സംസ്ഥാനത്തെ ആരോഗ്യരംഗം തകർന്നു കിടക്കുകയാണ്. എൽ നിനോയും കടുത്ത വരൾച്ചയും കാരണം കർഷകർ ദുരിതത്തിലാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുമ്പോഴും, ഇവിടെ എംപിമാരെയും എംഎൽഎമാരെയും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വിപണി തഴച്ചുവളരുകയാണ്''- രോഹിത് പവാർ വ്യക്തമാക്കി. ഇവരെ ജനാധിപത്യപരമായ രീതിയിൽ ജനം പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, എൻസിപി (എസ്പി) കോൺഗ്രസിൽ ലയിച്ചേക്കുമെന്ന ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. ശരദ് പവാർ ലയന നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നതായും ചില കാരണങ്ങളാൽ അത് വൈകുകയാണെന്നും മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ കഴിഞ്ഞ ആഴ്ച അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പടോളെയെ കോൺഗ്രസ് ഹൈക്കമാൻഡ് അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ, ലയന വാർത്തകൾ ശരദ് പവാർ വിഭാഗം പൂർണ്ണമായി നിഷേധിച്ചിട്ടുണ്ട്.
Adjust Story Font
16
