Quantcast

ചോദ്യപേപ്പറിന് വില 28 ലക്ഷംരൂപ; കേരളത്തിലെ വിദ്യാർഥിക്കും പങ്ക്, പേപ്പർ എത്തിയിട്ടുണ്ടെന്ന് ഫോൺ കോൾ, 22 ലക്ഷം വിദ്യാർഥികൾ പ്രതിസന്ധിയിൽ

ഡൽഹി, ജമ്മു കശ്മീർ, ബീഹാർ, കേരളം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കോച്ചിങ് സെന്ററുകളിൽ എത്തിയതായും അധികൃതർ പറയുന്നു

MediaOne Logo
ചോദ്യപേപ്പറിന് വില 28 ലക്ഷംരൂപ; കേരളത്തിലെ വിദ്യാർഥിക്കും പങ്ക്, പേപ്പർ എത്തിയിട്ടുണ്ടെന്ന് ഫോൺ കോൾ, 22 ലക്ഷം വിദ്യാർഥികൾ പ്രതിസന്ധിയിൽ
X

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന പരാതിക്ക് പിന്നാലെ ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് (യുജി) പരീക്ഷ റദ്ദാക്കി. മെയ് മൂന്നിന് നടന്ന പരീക്ഷയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റദ്ദാക്കിയത്. 22ലക്ഷത്തിലധികം ഉദ്യോഗാർഥികളെയാണ് ചോദ്യപേപ്പർ ചോർച്ച ബാധിച്ചത്. ഇതേ തുടർന്ന് വലിയവിമർശനമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നേരിടുന്നത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ അന്വേഷണത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് രാജസ്ഥാനിലെ സിക്കർ. രാജസ്ഥാൻ പൊലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) നടത്തിയ അന്വേഷണത്തിൽ, നാസിക്കിലാണ് ചോദ്യപേപ്പർ അച്ചടിച്ചതെന്നാണ് സംശയിക്കുന്നത്. നാസിക്കിലെ പ്രിന്റിംഗ് പ്രസ്സിൽ നിന്നാണ് നീറ്റ്-യുജി ചോദ്യപേപ്പർ നേരിട്ട് ചോർന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണക്കാക്കുന്നു.

ശുഭം ഖൈർനാർ എന്ന ഈ വിദ്യാർഥി 10 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പർ വാങ്ങിയ ശേഷം ഹരിയാനയിലുള്ള ഒരാൾക്ക് 15 ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റതായും പറയപ്പെടുന്നു. പ്രിന്റിങ് പ്രസ്സുമായി ബന്ധപ്പെട്ട ഒരാൾ ചോദ്യപേപ്പർ ഒരു "ചെയിൻ നെറ്റ്‌വർക്കിലേക്ക്" കൈമാറിയെന്നും, അതുവഴി ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു ഡോക്ടറുടെ കൈവശം ഇത് എത്തിയെന്നും പറയുന്നു. തുടർന്ന് ജയ്‌പൂരിലെ ജംവ രാംഗഢിൽ നിന്നുള്ള ഖാതിക് എന്ന് പേരുള്ള ഒരാൾ ഡോക്ടറിൽ നിന്ന് ഈ ചോദ്യപേപ്പർ വാങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാസിക് പ്രിന്റിംഗ് പ്രസ്സുമായി ബന്ധമുള്ള വ്യക്തിയെ സിബിഐ ഇതിനകം കസ്റ്റഡിയിലെടുത്തതായുള്ള വിവരവും പുറത്തുവരുന്നു.

ജംവ രാംഗഢിൽ നിന്ന് ചോദ്യപേപ്പർ സിക്കറിലെ രാകേഷ് കുമാർ മാണ്ഡവാരിയ എന്ന വ്യക്തിയുടെ കൈവശം എത്തി. സിക്കറിലെ പ്രമുഖ കോച്ചിങ് സെന്ററുകൾക്ക് പുറത്ത് എംബിബിഎസ് കൗൺസിലിംഗ് ഏജന്റായി ജോലി ചെയ്യുകയാണ് രാകേഷ്. നീറ്റ് ചോദ്യപേപ്പർ രാജ്യത്തുടനീളമുള്ള ഒരു ശൃംഖല വഴി വിതരണം ചെയ്യപ്പെട്ടുവെന്നും ഡൽഹി, ജമ്മു കശ്മീർ, ബീഹാർ, കേരളം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കോച്ചിങ് സെന്ററുകളിൽ എത്തിയതായും അധികൃതർ പറയുന്നു. നീറ്റ് പരീക്ഷയ്ക്കുള്ള 'മാതൃകാ ചോദ്യപേപ്പർ' എന്ന പേരിലാണ് ഈ ചോദ്യപേപ്പർ പ്രചരിച്ചിരുന്നത്.

മെയ് മൂന്നിലെ പരീക്ഷയ്ക്ക് ഏകദേശം 15 ദിവസം മുമ്പ് തന്നെ ഈ പേപ്പർ പ്രചരിച്ചിരുന്നു. 30,000 രൂപ മുതൽ 28 ലക്ഷം രൂപ വരെ വാങ്ങിയാണ് ഇത് ഉദ്യോഗാർഥികൾക്ക് വിറ്റത്. പരീക്ഷയ്ക്ക് നാല് ദിവസം മുമ്പ് സിക്കറിലെത്തിയ നാഗൗറിൽ നിന്നുള്ള ഒരു വിദ്യാർഥി 28 ലക്ഷം രൂപയാണ് ചോദ്യപേപ്പറിനായി നൽകിയത്. ചോദ്യം ചെയ്യലിനിടെ, "പേപ്പർ എത്തിയിട്ടുണ്ട്" എന്ന് അറിയിച്ചുകൊണ്ട് തനിക്ക് ഡൽഹിയിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചതായി ഈ വിദ്യാർഥി പറഞ്ഞു.

രാജസ്ഥാനിലെ സിക്കാറിൽനിന്നുള്ള ഒരു വിദ്യാർഥിയെ തേടി പൊലീസ് കേരളത്തിലെത്തിയിരുന്നു. സഹായികളിൽ ഒരാളും കേരളത്തിൽ എംബിബിഎസ് വിദ്യാർഥിയുമായ സിക്കർ സ്വദേശിക്ക് 30,000 രൂപയ്ക്ക് ചോദ്യപേപ്പർ വിറ്റതോടെയാണ് ഇതിന്റെ തുടക്കം. പരീക്ഷയ്ക്ക് കൃത്യം ഒരു ദിവസം മുമ്പ്, വിദ്യാർഥി സിക്കറിൽ പിജി (PG) ഹോസ്റ്റൽ നടത്തുന്ന തന്റെ പിതാവിന് ചോദ്യപേപ്പർ അയച്ചു നൽകി.

"പപ്പാ, സിക്കറിലെ ഒരു സുഹൃത്ത് എനിക്ക് അയച്ചുതന്നതാണ്. ഇത് ഹോസ്റ്റലിലെ പെൺകുട്ടികൾക്ക് നൽകണം. നാളത്തെ പരീക്ഷയ്ക്ക് വരാൻ പോകുന്നത് ഇതാണ്," എന്നായിരുന്നു ആ സന്ദേശം. ഹോസ്റ്റൽ നടത്തിപ്പുകാരൻ തന്റെ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾക്കിടയിൽ ഈ പേപ്പർ വിതരണം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പരീക്ഷ അവസാനിച്ചതിന് ശേഷം, യഥാർത്ഥത്തിൽ പരീക്ഷയ്ക്ക് എത്ര ചോദ്യങ്ങൾ വന്നുവെന്ന് പരിശോധിക്കാൻ ഹോസ്റ്റൽ നടത്തിപ്പുകാരൻ ഒരു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനോട് ആവശ്യപ്പെട്ടു. ആകെ 281 ചോദ്യങ്ങൾ അടങ്ങിയ ആ "ഗസ് പേപ്പറിൽ" നിന്ന് ബയോളജിയിലെ 90 ചോദ്യങ്ങളും കെമിസ്ട്രിയിലെ 45 ചോദ്യങ്ങളും നീറ്റ് പരീക്ഷയിൽ അതേപടി ചോദിച്ചതായി കണ്ടെത്തി. ആകെ 180 ചോദ്യങ്ങളാണ് നീറ്റ് പരീക്ഷയിലുള്ളത്. ഗസ് പേപ്പറിലെ" കെമിസ്ട്രിയിലെ 45 ചോദ്യങ്ങളും യഥാർഥ നീറ്റ് പേപ്പറിലെ അതേ ക്രമത്തിലായിരുന്നുവെന്നും കോമയിലോ ഫുൾസ്റ്റോപ്പിലോ പോലും മാറ്റങ്ങളില്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇക്കാര്യം മനസ്സിലാക്കിയതിന് പിന്നാലെ, ഹോസ്റ്റൽ നടത്തിപ്പുകാരൻ ആദ്യം സിക്കറിലെ ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷനെയാണ് സമീപിച്ചത്. എന്നാൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പറഞ്ഞ് പൊലീസ് തന്നെ തിരിച്ചയച്ചതായി അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടർന്ന് അദ്ദേഹം ഈ വിവരങ്ങൾ നീറ്റ് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുമായി (NTA) പങ്കുവെക്കുകയായിരുന്നു. എൻടിഎ ഈ വിവരം ഇന്റലിജൻസ് ബ്യൂറോയ്ക്ക് (IB) കൈമാറുകയും, അവർ രാജസ്ഥാൻ പോലീസിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിനെത്തുടർന്ന് രാജസ്ഥാൻ എസ്ഒജി (SOG) അന്വേഷണം ആരംഭിക്കുകയും ഹോസ്റ്റൽ നടത്തിപ്പുകാരൻ ഉൾപ്പെടെ ഏകദേശം 15 പേരെ ആദ്യം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡെറാഡൂണിലേക്കും ജുൻജുനുവിലേക്കും റെയ്ഡ് വ്യാപിപ്പിച്ച അന്വേഷണസംഘം കൂടുതൽ പ്രതികളെ കസ്റ്റഡിയിലെടുത്തു. കേരളത്തിലുള്ള വിദ്യാർഥിക്ക് ചോദ്യപേപ്പർ അയച്ചുകൊടുത്തുവെന്ന് പറയപ്പെടുന്ന സിക്കറിലെ എംബിബിഎസ് കൗൺസിലർ രാകേഷിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യപേപ്പർ ആദ്യം ജയ്‌പൂരിലാണ് ചോർന്നതെങ്കിലും അത് ഏറ്റവും വ്യാപകമായി പ്രചരിച്ചത് സിക്കറിലാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

TAGS :

Next Story