നേപ്പാൾ സംഘര്‍ഷം; യുപിയിലെ സോനൗലി അതിർത്തിയിൽ പ്രതിഷേധക്കാര്‍ നേപ്പാൾ സർക്കാരിന്‍റെ ഓഫീസുകൾക്ക് തീയിട്ടു
മേഖലയിൽ സുരക്ഷസേനയും പൊലീസും സുരക്ഷ ശക്തമാക്കി

ഡൽഹി: നേപ്പാളിലെ സംഘർഷം ഇന്ത്യ-നേപ്പാൾ അതിർത്തിയിലേക്കും വ്യാപിക്കുന്നു. യുപിയിലെ സോനൗലി അതിർത്തിയിൽ പ്രതിഷേധക്കാർ നേപ്പാൾ സർക്കാരിന്‍റെ ഓഫീസുകൾക്ക് തീയിട്ടു. മേഖലയിൽ സുരക്ഷസേനയും പൊലീസും സുരക്ഷ ശക്തമാക്കി.
ഇന്നലെ വൈകുന്നേരരമാണ് യു പിയിലെ സോനൗലി അതിർത്തിയിൽ പ്രതിഷേധക്കാർ ഒത്തുകൂടി നേപ്പാൾ സർക്കാരിന്റെ ഓഫീസുകൾ തീയിട്ടത്. പിന്നാലെ യുപി പൊലീസിനെതിരെയും അതിർത്തി സുരക്ഷ സേനക്കെതിരെയും മുദ്രാവാക്യം വിളിച്ചു. ബിപി ചൗക്കിലും ത്രിഭുവൻ ചൗക്കിലും പ്രതിഷേധം നടന്നു.
അരാരിയ, കിഷൻഗഞ്ച്, കിഴക്കൻ ചമ്പാരൻ എന്നിവയുൾപ്പെടെയുള്ള അതിർത്തി ജില്ലകളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. അതിർത്തി കാക്കുന്ന കേന്ദ്ര സേനയായ സശസ്ത്ര സീമ ബൽ നിരീക്ഷണം ശക്തമാക്കി.നേപ്പാളിൽ നിന്ന് വരുന്ന ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥർ കർശനമായി പരിശോധിക്കും. ട്രക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്. സാധനങ്ങൾ കൊണ്ടുപോകുന്ന നിരവധി ട്രക്കുകൾ ഇത് മൂലം അതിർത്തിയിൽ കാത്തുകിടക്കുകയാണെന്ന് ജോഗ്ബാനി ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ പറഞ്ഞു. നേപ്പാൾ അതിർത്തിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16

