Quantcast

നേപ്പാളിനെ ഹിന്ദുരാഷ്ട്രമാക്കാൻ പ്രതിഷേധം; രാജഭരണം തിരികെവരുമോ?

പ്രധാനമന്ത്രിയുടെ രാജിയിലേക്ക് നയിച്ച തീവ്രമായ പ്രതിഷേധങ്ങളുടെ തുടക്കത്തിൽ ഒരു വിഭാഗം ആളുകൾ രാജഭരണത്തിലേക്ക് മടങ്ങണമെന്ന ആവശ്യമുയർത്തി തെരുവിലിറങ്ങി. 2008ൽ രാജവംശം അവസാനിപ്പിച്ച് റിപ്പബ്ലിക്കായി മാറിയ നേപ്പാളിൽ ഇപ്പോഴുണ്ടായിരിക്കുന്ന രാഷ്ട്രീയ അസ്ഥിരതയും പ്രതിഷേധങ്ങളും വീണ്ടും ആ ആവശ്യം ഉയർത്തിക്കൊണ്ട് വന്നിരിക്കുകയാണ്. നേപ്പാളിനെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ കൊതിക്കുന്നവർ ഇപ്പോഴും ആ രാജ്യത്തുണ്ട്...

MediaOne Logo

Web Desk

  • Published:

    15 Sept 2025 2:40 PM IST

nepal protest_monarchy
X

നേപ്പാളിലെ ജെൻ സി പ്രതിഷേധങ്ങൾക്കിടെ കാഠ്മണ്ടുവിന്റെ തെരുവുകളിൽ ഒരു മുദ്രാവാക്യം മുഴങ്ങിക്കേട്ടിരുന്നു.. 'രാജാ ആവോ, ദേശ് ബച്ചാവോ'.... രാജാവ് വരൂ, രാജ്യം രക്ഷിക്കൂ എന്ന്. പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരിക്കുകയാണ് നേപ്പാൾ. രാജ്യത്തെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കാർക്കി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. പ്രധാനമന്ത്രിയുടെ രാജിയിലേക്ക് നയിച്ച തീവ്രമായ പ്രതിഷേധങ്ങളുടെ തുടക്കത്തിൽ ഒരു വിഭാഗം ആളുകൾ രാജഭരണത്തിലേക്ക് മടങ്ങണമെന്ന ആവശ്യമുയർത്തി തെരുവിലിറങ്ങി. 2008ൽ രാജവംശം അവസാനിപ്പിച്ച് റിപ്പബ്ലിക്കായി മാറിയ നേപ്പാളിൽ ഇപ്പോഴുണ്ടായിരിക്കുന്ന രാഷ്ട്രീയ അസ്ഥിരതയും പ്രതിഷേധങ്ങളും വീണ്ടും ആ ആവശ്യം ഉയർത്തിക്കൊണ്ട് വന്നിരിക്കുകയാണ്. നേപ്പാളിനെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ കൊതിക്കുന്നവർ ഇപ്പോഴും ആ രാജ്യത്തുണ്ട്...

നേപ്പാളിന്റെ രാജഭരണത്തിന്റെ ചരിത്രം, എങ്ങനെയാണ് അത് തകർന്നത് എന്ന് ആദ്യമറിയാം. നേപ്പാളിലെ രാജഭരണത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ, ചരിത്രം പറഞ്ഞുതുടങ്ങുമ്പോൾ അത് ഷാ രാജവംശത്തെ ചുറ്റിപ്പറ്റിയാണ് പുരോഗമിക്കുന്നത്. 1768ൽ പ്രിഥ്വി നാരായൺ ഷാ രാജാവ് നേപ്പാളിനെ ഏകീകരിച്ചതോടെ ഷാ രാജവംശം ആരംഭിച്ചു. ഈ രാജവംശം നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി നിലനിർത്തി 240 വർഷത്തോളം ഭരണം നടത്തി. രാജാക്കന്മാർ മഹാവിഷ്‌ണുവിന്റെ അവതാരങ്ങളായാണ് കണക്കാക്കപ്പെട്ടിരുന്നത്. ജനങ്ങൾക്കിടയിൽ ദൈവിക പ്രതിച്ഛായയുണ്ടായിരുന്നു അവർക്ക്.

1846ൽ റാണകൾ എന്ന മറ്റൊരു കുടുംബം ശക്തരായി അധികാരം പിടിച്ചെടുത്തു. 100 വർഷത്തിലേറെ റാണമാർ പ്രധാനമന്ത്രിമാരായി രാജ്യം നിയന്ത്രിച്ചു. 1951 വരെ ഇത് തുടർന്നു. 1950-കളിൽ ജനാധിപത്യ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നെങ്കിലും, രാജവംശം ഭരണാധികാരം നിലനിർത്തി. റാണകളിൽ നിന്ന് ഷാ വംശം അധികാരം തിരിച്ചുപിടിച്ചു. 1990കളിലും 2000ത്തിന്റെ തുടക്കത്തിലും മാവോയിസ്റ്റ് കലാപകാലത്ത് രാജവാഴ്‌ച വെല്ലുവിളികൾ നേരിട്ടിരുന്നു. 2001ലെ രാജകീയ കൂട്ടക്കൊലയ്ക്കും തുടർന്നുണ്ടായ രാഷ്ട്രീയ കോളിളക്കങ്ങൾക്കും ശേഷം 2008ൽ രാജവാഴ്‌ച നിർത്തലാക്കുകയും നേപ്പാൾ ഒരു ഫെഡറൽ ജനാധിപത്യ റിപ്പബ്ലിക്കായി മാറുകയും ചെയ്‌തു. ഇതോടെ രാജകുടുംബം സാധാരണ പൗരൻമാരായി മാറി. 2015-ല്‍ നിലവില്‍ വന്ന പുതിയ ഭരണഘടനപ്രകാരം മതനിരപേക്ഷ റിപ്പബ്ലിക്കാണ് നേപ്പാള്‍.

2008 മുതൽ നേപ്പാൾ രാഷ്ട്രീയ അസ്ഥിരത നേരിടുന്നുണ്ട്. 17 വർഷത്തിനിടെ 13 സർക്കാരുകളാണ് രാജ്യത്ത് അധികാരത്തിലെത്തിയത്. സാമ്പത്തിക വികസനം മന്ദഗതിയിലായതും നല്ലൊരു നേതൃത്വത്തിന്റെ അഭാവവും പൗരൻമാരിൽ ഉണ്ടാക്കിയ നിരാശ ചെറുതായിരുന്നില്ല. രാജഭരണകാലത്ത് ജീവിതം മെച്ചമായിരുന്നു, സാധനങ്ങൾക്ക് വിലക്കുറവ്... നേതാക്കൾ അടിക്കിടെ മാറുന്നില്ല തുടങ്ങിയ കാര്യങ്ങൾ ആളുകൾ ഓർത്തെടുക്കാൻ തുടങ്ങി. ചില രാജവാഴ്‌ച അനുകൂലികൾ നേപ്പാളിന്റെ ഹിന്ദു രാജ്യപദവി പുനഃസ്ഥാപിക്കാനും ആഗ്രഹിക്കുന്നു.

ഈ വർഷം മാർച്ച് മാസത്തിൽ ജനാധിപത്യത്തില്‍ നിന്ന് രാജഭരണത്തിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് നേപ്പാളിൽ ജനകീയ പ്രക്ഷോഭം നടന്നിരുന്നു. മാർച്ച് 9ന്, മുൻ രാജാവ് ഗ്യാനേന്ദ്ര ഷാ പോഖ്രയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തെ മുദ്രാവാക്യം വിളിച്ചാണ് ആളുകൾ സ്വീകരിച്ചത്. രാജവംശവും ഹിന്ദുരാഷ്ട്രവും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ടിങ്കൂണിലും സമീപ പ്രദേശങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. 60,000ത്തോളം പേരാണ് അന്നീ പ്രതിഷേധത്തിൽ പങ്കെടുത്തത്. പൊലീസിനെ ഇറക്കിയാണ് സര്‍ക്കാര്‍ പ്രക്ഷോഭത്തെ നേരിട്ടത്. ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു, കടകമ്പോളങ്ങള്‍ക്ക് തീയിട്ട പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. അക്രമത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറിലധികമാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

ഗ്യാനേന്ദ്ര ഷായുടെ ഭരണകാലത്ത് സ്ഥിരത ഉണ്ടായിരുന്നുവെന്നാണ് ചിലരുടെ വാദം. ഇന്ത്യയിലെ നേതാക്കൾ പോലും നേപ്പാളിൽ രാജഭരണം തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയുണ്ടായി. നേപ്പാൾ സൈനിക മേധാവി ജനറൽ അശോക് രാജ് സിഗ്ഡൽ ജനങ്ങളെ അഭിസംബോധന ചെയ്‌തപ്പോൾ, അദ്ദേഹത്തിന്റെ പിന്നിൽ പൃഥ്വി നാരായൺ ഷാ രാജാവിന്റെ ഒരു ഛായാചിത്രമുണ്ടായിരുന്നു. ഇത് പെട്ടെന്ന് തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചു. രാജവാഴ്‌ചയുടെയും ഹിന്ദു രാഷ്ട്രത്തിന്റെയും തിരിച്ചുവരവിന്റെ സൂചനയാണോ എന്ന വ്യാഖ്യാനങ്ങളുമുണ്ടായി. എന്നിരുന്നാലും, പലരും രാജവംശം തിരിച്ചുവരില്ലെന്ന് ഉറപ്പിച്ച് പറയുന്നുണ്ട്.

ഇപ്പോൾ നടക്കുന്ന ജെൻ സി പ്രതിഷേധം രാജവാഴ്‌ചക്ക് വേണ്ടിയല്ല, മറിച്ച് അഴിമതിക്കെതിരെയാണ്. സൈന്യം രാജവംശം പുനഃസ്ഥാപിച്ചാൽ വൻ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ചിലർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭരണഘടനയനുസരിച്ച് രാജവംശം പുനഃസ്ഥാപിക്കാൻ രണ്ട് മൂന്നിലൊന്ന് ഭൂരിപക്ഷം വേണം. പക്ഷേ, രാജ്യത്ത് അസ്ഥിരത തുടർന്നാൽ, പ്രോ-മോണാർക്കി പാർട്ടികൾ ശക്തിപ്പെടാൻ സാധ്യത കൂടുതലാണ്.

TAGS :

Next Story