'ഒന്നിലധികം ഇമെയിൽ ഇടപാടുകൾ'; എപ്സ്റ്റീൻ ഫയലില്‍ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും, ഡിജിറ്റല്‍ ഇന്ത്യക്ക് വേണ്ടിയെന്ന് മറുപടി
സിലിക്കൺ വാലിയിലെ നിക്ഷേപകരുമായി ബന്ധിപ്പിക്കാൻ എപ്‌സ്റ്റീൻ നിരന്തരമായ ശ്രമങ്ങൾ നടത്തിയിരുന്നതായും വെളിപ്പെടുത്തുന്നു

- Updated:
2026-02-01 06:32:56.0

വാഷിങ്ടണ്‍: കഴിഞ്ഞ ദിവസമാണ് അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പുതിയ രേഖകൾ യുഎസ് നീതിന്യായ വകുപ്പ് വെളിപ്പെടുത്തിയത്. ഇതില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഹർദീപ് സിങ് പുരിയും ജെഫ്രി എപ്‌സ്റ്റീനും തമ്മിൽ നടന്ന ഇമെയിൽ ചാറ്റുകളുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബിസിനസ് ശൃംഖല കെട്ടിപ്പടുക്കുന്നതിനും നിക്ഷേപങ്ങളെക്കുറിച്ചുള്ള ചർച്ചകളുമൊക്കെ ഇതിലുള്‍പ്പെട്ടുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. യുഎസ് നീതിന്യായ വകുപ്പ് ജനുവരി 30നാണ് ഈ ഇ-മെയിലുകൾ പരസ്യപ്പെടുത്തിയത്. 2014 ജൂൺ മുതൽ 2017 ജൂൺ വരെയുള്ള ഏതാണ്ട് മൂന്ന് വർഷത്തെ വിവരങ്ങളാണ് ഇതിലുള്ളത്. എപ്‌സ്റ്റീന്റെ ന്യൂയോർക്കിലെ വസതിയിൽ വെച്ച് കുറഞ്ഞത് മൂന്ന് കൂടിക്കാഴ്ചകളെങ്കിലും പുരിയുമായി നടന്നതായാണ് വെളിപ്പെടുത്തല്‍.
ഇതിന് പുറമെ സിലിക്കൺ വാലിയിലെ നിക്ഷേപകരുമായി ബന്ധിപ്പിക്കാൻ എപ്‌സ്റ്റീൻ നിരന്തരമായ ശ്രമങ്ങൾ നടത്തിയിരുന്നതായും വെളിപ്പെടുത്തുന്നു. ആ സമയത്ത് ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ലെങ്കിലും പുരി, ബിജെപി അംഗമായിരുന്നു. ഇന്ത്യൻ ഫോറിൻ സർവീസിൽ നിന്ന് വിരമിച്ച ശേഷം ന്യൂയോർക്കിലെ ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന തിങ്ക് ടാങ്കിൽ ജോലി ചെയ്തുവരികയായിരുന്നു.
2017 സെപ്തംബറിലാണ് നരേന്ദ്ര മോദി സർക്കാരിൽ മന്ത്രിയായി ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ ചുമതലയാണ് പുരി വഹിക്കുന്നത്. ഇന്ത്യയുടെ ഇന്റർനെറ്റ് സമ്പദ്‌വ്യവസ്ഥയിലെ ബിസിനസ്സ് അവസരങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളുള്‍പ്പടെ ചര്‍ച്ച നടന്നുവെന്നാണ് വെളിപ്പെടുത്തല്‍. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ശേഷം ഇന്ത്യയുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കാരണങ്ങൾ 2014 നവംബറിൽ ഹർദീപ് പുരി എപ്‌സ്റ്റീന് അയച്ച ഒരു ഇ-മെയില്‍ പറയുന്നുണ്ട്.
അതേസമയം എംപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ഹർദീപ് സിങ് പുരി സ്ഥിരീകരിച്ചെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഇൻ്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (International Peace Institute) ഉണ്ടായിരുന്ന കാലത്താണ് കൂടിക്കാഴ്ചകളെല്ലാം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചകൾ നടന്ന കാലയളവിൽ എപ്സ്റ്റീൻ്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ബിസിനസ് അവസരങ്ങൾക്കും ഡിജിറ്റല്‍ ഇന്ത്യക്കും വേണ്ടിയാണ് സംസാരിച്ചതെന്നും പുരി പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎൻ പൊതുസഭയുടെ കാലയളവിൽ സംഘടിപ്പിച്ച പരിപാടികളിലേക്ക് എപ്‌സ്റ്റീൻ ക്ഷണിച്ച അന്താരാഷ്ട്ര വ്യക്തികളുടെ കൂട്ടത്തിൽ "ഹർദീപ് പുരിയുടെ പേരുമുണ്ടായിരുന്നു. അതേസമയം ആരോപണങ്ങളെല്ലാം ബിജെ പിയും നിഷേധിച്ചു. പേര് വന്നു എന്നതിലുപരി ഒരു കാര്യവുമില്ല എന്നാണ് ഹർദീപ് സിങ് പുരിയുമായി ബന്ധപ്പെട്ടുള്ള എപ്സ്റ്റീന്‍ ഫയല്‍ വെളിപ്പെടുത്തലുകളോടുള്ള ബിജെപി നേതാക്കളുടെ പ്രതികരണം.
Adjust Story Font
16
