Quantcast

എൻഐസിയുവിൽ എലിയുടെ കടിയേറ്റ നവജാതശിശുക്കളിൽ ഒരാൾ മരിച്ചു; ഇൻഡോർ സർക്കാർ ആശുപത്രിയിലെ നഴ്‌സുമാർക്ക് സസ്‌പെൻഷൻ, അന്വേഷണത്തിന് ഉത്തരവ്

എലിയുടെ കടിയേറ്റ മറ്റൊരു കുഞ്ഞ് ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    3 Sept 2025 1:20 PM IST

എൻഐസിയുവിൽ എലിയുടെ കടിയേറ്റ നവജാതശിശുക്കളിൽ ഒരാൾ മരിച്ചു; ഇൻഡോർ സർക്കാർ ആശുപത്രിയിലെ നഴ്‌സുമാർക്ക് സസ്‌പെൻഷൻ, അന്വേഷണത്തിന് ഉത്തരവ്
X

ഭോപ്പാൽ:മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എലികളുടെ കടിയേറ്റ് നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ (എൻഐസിയു) ചികിത്സയിലായിരുന്ന നവജാതശിശുക്കളില്‍ ഒരാള്‍ മരിച്ചു. ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്.രണ്ട് നവജാത ശിശുക്കള്‍ക്കായിരുന്നു എലിയുടെ കടിയേറ്റത്. ഇവരുടെ തോളിലും വിരലുകളിലുമാണ് എലികൾ കടിച്ചത്. രണ്ടുപേരും പീഡിയാട്രിക് സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

1.2 കിലോഗ്രാം മാത്രം ഭാരമുള്ള, ഹീമോഗ്ലോബിൻ അളവ് കുറവുള്ള, ശ്വാസകോശ സംബന്ധമായ സങ്കീർണതകളുമടക്കമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പ്രസവ സമയത്ത് ഭാരക്കുറവുണ്ടായിരുന്ന കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. ഖാർഗോൺ ജില്ലയില്‍ നിന്നുള്ള ഒരാഴ്ച മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോകുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കുട്ടി അവശനിലയിലായിരുന്നെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്നും എംജിഎം മെഡിക്കൽ കോളേജിലെ ഡീൻ ഡോ. അരവിന്ദ് ഘാംഗോറിയ പറഞ്ഞു.എലിയുടെ കടിയേറ്റതല്ല കുട്ടി മരിച്ചതെന്നും സെപ്റ്റിസീമിയ മൂലമാണ് കുഞ്ഞ് മരിച്ചതെന്നും ഡോക്ടര്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എലി കടിച്ച മുറിവ് വളരെ ചെറുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എലിയുടെ കടിയേറ്റ മറ്റൊരു കുഞ്ഞ് ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ട്. ദേവാസ് ജില്ലയിൽ നിന്നുള്ള കുഞ്ഞ് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നതെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോ. ഘാംഗോറിയ പറഞ്ഞു.

കഴിഞ്ഞ 4-5 ദിവസത്തിനുള്ളിലാണ് ഐസിയുവില്‍ എലിയുടെ ശല്യമുണ്ടായതെന്നും എലികളെ കണ്ടിട്ടും ആശുപത്രി അധികൃതരെ അറിയിക്കാത്ത നഴ്‌സിംഗ് ഓഫീസർമാരായ അകാൻഷ ബെഞ്ചമിൻ, ശ്വേത ചൗഹാൻ എന്നിവരെ സസ്‌പെൻഡ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

ഹെഡ് നഴ്‌സ് കലാവതി ബാലവി, പീഡിയാട്രിക് ഐസിയു ഇൻ-ചാർജ് പ്രവീണ സിംഗ്, പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. മനോജ് ജോഷി എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും വിവരങ്ങള്‍ ലഭ്യമായതിനനുസരിച്ചായിരിക്കും തുടര്‍നടപടികളെടുക്കുകയെന്ന് ഡോ. അരവിന്ദ് ഘാംഗോറിയ പറഞ്ഞു.നഴ്സിംഗ് സൂപ്രണ്ട് മാർഗരറ്റ് ജോസഫിനെ സ്ഥാനത്ത് നിന്ന് മാറ്റി പകരം ദയാവതി ദയാലിനെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ ക്ഷുദ്രജീവികളുടെ ശല്യം ഒഴിവാക്കാനുത്തരവാദിത്തമുള്ള കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയെന്നും കാരണം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തിടെ പെയ്ത കനത്ത മഴയെത്തുടർന്ന് ആശുപത്രി കെട്ടിടത്തിന് സമീപം വെള്ളക്കെട്ട് ഉണ്ടായതാണ് എലിശല്യത്തിന് കാരണമെന്നാണ് വിവരം. നവജാത ശിശു മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ച് ഡോക്ടര്‍മാരും ഒരു നഴ്സിങ് ഓഫീസറും ഉള്‍പ്പെടുന്ന ഉന്നതതല അന്വേഷണ സമിതി മെഡിക്കല്‍ കോളജ് രൂപീകരിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തില്‍ മധ്യപ്രദേശ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എം വൈ ആശുപത്രി മെഡിക്കൽ സൂപ്രണ്ടിനോട് സമഗ്രമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.

TAGS :

Next Story