വിവാഹത്തിന് ആഴ്ചകൾ മാത്രം; ടെലിവിഷൻ അവതാരക ന്യൂസ് റൂമിൽ മരിച്ച നിലയിൽ
ഡിസംബര്‍ 5നായിരുന്നു റിതുവിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്

ഗുവാഹത്തി: അസ്സമിലെ ഗുവാഹത്തിയിൽ ടെലിവിഷൻ അവതാരകയെ ന്യൂസ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ ക്രിസ്ത്യൻ ബസ്തി പ്രദേശത്തെ ഒരു പ്രാദേശിക വാർത്താ പോർട്ടലിൽ ജോലി ചെയ്തിരുന്ന റിതുമോണി റോയ് (27) ആണ് അവതാരകയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതശരീരത്തിനടുത്ത് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വിവാഹത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെയായിരുന്നു ആത്മഹത്യ.
ഡിസംബര്‍ 5നായിരുന്നു റിതുവിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. ആഘോഷത്തിനുള്ള ഒരുക്കങ്ങൾ കുടുംബത്തിൽ പുരോഗമിക്കുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് യുവതി ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ സംശയം. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ആത്മഹത്യയുടെ കാരണം അന്വേഷിച്ചുവരികയാണെന്നും ഫോറൻസിക് സംഘം സംഭവം നടന്ന സ്ഥലം പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. എല്ലാവരുടെയും സന്തോഷത്തിനു വേണ്ടിയാണ് താൻ ഈ തീരുമാനമെടുത്തതെന്നും താനില്ലാതെ സുഖമായിരിക്കാനും തന്നോട് ക്ഷമിക്കാനും റിതുമോണി കുറിപ്പിലെഴുതിയിട്ടുണ്ട്.
റിതുമോണിയുടെ അപ്രതീക്ഷിത വിയോഗം മാധ്യമരംഗത്തെ മാനസികാരോഗ്യത്തെക്കുറിച്ചും ജോലിസ്ഥലത്തെ സമ്മർദ്ദത്തെക്കുറിച്ചും ചർച്ചകൾക്ക് തുടക്കമിട്ടു. മിടുക്കിയും കഠിനാധ്വാനിയുമായ റിതുവിന്‍റെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു സഹപ്രവര്‍ത്തകര്‍.
Adjust Story Font
16

