വലിയ മീനെന്ന് കരുതി ചാടിവീഴല്ലേ! പ്രളയത്തിൽ നേപ്പാളിൽ നിന്നെത്തിയ മീനുകൾ കഴിച്ചാൽ പണി കിട്ടും; ബിഹാറിൽ ജാഗ്രതാ മുന്നറിയിപ്പ്
അസാധാരണമായി തോന്നുന്ന മത്സ്യങ്ങളെ കണ്ടാൽ പ്രാദേശിക ഭരണകൂടത്തെയോ ജില്ലാ ഫിഷറീസ് ഓഫീസറെയോ വിവരം അറിയിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്

പട്ന: പ്രളയജലത്തിനൊപ്പം ഒഴുകിയെത്തിയ അപരിചിതവും അസാധാരണ രൂപത്തിലുള്ളതുമായ മത്സ്യങ്ങളെ കണ്ടാൽ കൗതുകത്തോടെ പിടിച്ച് കഴിക്കാനോ വാങ്ങാനോ വിൽക്കാനോ നിൽക്കേണ്ട. നേപ്പാളിൽ നിന്നുള്ള പ്രളയജലത്തെ തുടർന്ന് ബിഹാറിലെ ചില പ്രദേശങ്ങളിൽ വലിയ മത്സ്യങ്ങളെ കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് ആരോഗ്യ മുന്നറിയിപ്പ് നൽകിയത്.
പ്രളയജലം നദികളിൽ മാത്രമല്ല, കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും നിന്ന് മത്സ്യങ്ങളെ പുറത്തേക്ക് ഒഴുക്കിക്കൊണ്ടുപോകാം. കിലോമീറ്ററുകൾ ദൂരം സഞ്ചരിക്കുന്നതിനിടെ മലിനജലം, അഴുക്കുചാലുകൾ, ചത്ത മൃഗങ്ങൾ, മറ്റ് മലിന വസ്തുക്കൾ എന്നിവയുമായി മത്സ്യങ്ങൾ സമ്പർക്കത്തിൽ വരാനുള്ള സാധ്യതയുണ്ട്. ഇതുവഴി വിവിധ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയുടെ സാന്നിധ്യത്തിനുള്ള സാധ്യതയും വർധിക്കാം.
ഇതിന്റെ പശ്ചാത്തലത്തിലാണ് ബിഹാർ സർക്കാരിന്റെ ഡയറി, ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്സസ് വകുപ്പിന് കീഴിലെ ഫിഷറീസ് വിഭാഗം പ്രത്യേക നിർദേശം നൽകിയത്. പ്രളയജലത്തിൽ നിന്ന് നേരിട്ട് ലഭിക്കുന്നതും തിരിച്ചറിയാൻ കഴിയാത്തതുമായ മത്സ്യങ്ങൾ ഭക്ഷിക്കരുതെന്നും അവ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുതെന്നുമാണ് നിർദേശം.
ഗണ്ഡക് നദിയിലും സമീപത്തെ പ്രളയബാധിത പ്രദേശങ്ങളിലും അസാധാരണ വലുപ്പത്തിലുള്ള മത്സ്യങ്ങളെ കണ്ടെത്തിയതിന്റെ വീഡിയോകളാണ് ഇതിനിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
വലിയ ക്യാറ്റ്ഫിഷുകളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ ഇത് ഏതുതരം മത്സ്യമാണെന്ന ചർച്ചയും സജീവമായി.
വന്യജീവി ഗവേഷകരുടെ അഭിപ്രായത്തിൽ ഗണ്ഡക് നദിയിൽ കാണപ്പെടുന്ന ഇത്തരം വലിയ മത്സ്യങ്ങളിൽ പലതും ഗൂഞ്ച് ക്യാറ്റ്ഫിഷ് ആയിരിക്കാമെന്നാണ് സൂചന. ഇന്ത്യ, നേപ്പാൾ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ പ്രദേശങ്ങളിലെ അതിവേഗം ഒഴുകുന്ന നദികളിൽ കാണപ്പെടുന്ന ശുദ്ധജല മത്സ്യമാണിത്.
ഇവിടെ ശ്രദ്ധിക്കേണ്ടത് മറ്റൊരു കാര്യമാണ്. സർക്കാർ നൽകിയ മുന്നറിയിപ്പ് പ്രളയജലത്തിൽ ഒഴുകിയെത്തിയ എല്ലാ വലിയ മത്സ്യങ്ങളും വിഷമുള്ളതാണെന്നോ പുതിയ ഇനം മത്സ്യമാണെന്നോ അർഥമാക്കുന്നില്ല.
പ്രളയജലത്തിലൂടെ സഞ്ചരിച്ച മത്സ്യങ്ങളുടെ ഉറവിടവും അവ മലിനജലവുമായി സമ്പർക്കത്തിലായിട്ടുണ്ടോ എന്നതും ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് മുൻകരുതലെന്ന നിലയിൽ അവ കഴിക്കരുതെന്ന് നിർദേശിക്കുന്നത്.
ഗൂഞ്ച് പോലുള്ള മത്സ്യങ്ങൾ ചില പ്രദേശങ്ങളിൽ ആളുകൾ ഭക്ഷണമായി ഉപയോഗിക്കുന്നവയുമാണ്. എന്നാൽ മത്സ്യം ചത്തശേഷം ശരിയായ രീതിയിൽ സൂക്ഷിക്കാതെ പോയാൽ പെട്ടെന്ന് കേടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പ്രളയബാധിത പ്രദേശങ്ങളിൽ ലഭിക്കുന്ന തിരിച്ചറിയാത്ത മത്സ്യങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് വിദഗ്ധരുടെ നിർദേശം.
തിരിച്ചറിയാത്ത മത്സ്യം കഴിച്ചതിന് ശേഷം ഛർദ്ദി, വയറിളക്കം, വയറുവേദന, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സ തേടണം.
അസാധാരണമായി തോന്നുന്ന മത്സ്യങ്ങളെ കണ്ടാൽ പ്രാദേശിക ഭരണകൂടത്തെയോ ജില്ലാ ഫിഷറീസ് ഓഫീസറെയോ വിവരം അറിയിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ‘ഭീമൻ മത്സ്യം’, ‘വിഷമത്സ്യം’ തുടങ്ങിയ അവകാശവാദങ്ങൾ വിശ്വസിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിവരങ്ങൾ പരിശോധിക്കണമെന്നതും പ്രധാനമാണ്. പ്രളയജലത്തിൽ നിന്ന് കിട്ടിയതാണെന്ന ഒറ്റക്കാരണത്താൽ മത്സ്യം സുരക്ഷിതമാണെന്ന് കരുതാതിരിക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന മുന്നറിയിപ്പ്.
Adjust Story Font
16

