Quantcast

ധനമന്ത്രിയുടെ 'സാരി നയതന്ത്രം'; ഒമ്പതാം ബജറ്റിനെത്തിയത് കട്ടം-കള്ളി കാഞ്ചീപുരം സാരിയിൽ

തമിഴ്നാടിന്റെ തനതായ കാഞ്ചീപുരം നെയ്ത്ത് ശൈലിയിലുള്ള ഈ സാരിയിൽ സ്വർണ നൂലുകൾ കൊണ്ട് നെയ്തെടുത്ത ചെറിയ ചെക്കുകളും കോഫി ബ്രൗൺ കസവുമാണുള്ളത്

MediaOne Logo

Web Desk

  • Updated:

    2026-02-01 06:02:34.0

Published:

1 Feb 2026 11:30 AM IST

ധനമന്ത്രിയുടെ സാരി നയതന്ത്രം; ഒമ്പതാം ബജറ്റിനെത്തിയത് കട്ടം-കള്ളി കാഞ്ചീപുരം സാരിയിൽ
X

മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ഫെബ്രുവരി ഒന്ന് ഞായറാഴ്ച രാവിലെ 11ന് ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കയാണ്. തുടർച്ചയായി ഒമ്പതാം തവണ ബജറ്റ് അവതരിപ്പിച്ച് നിർമല സീതാരാമന് ചരിത്രത്തിൽ ഇടംപിടിക്കാനിരിക്കുകയാണ്. സാമ്പത്തിക നയങ്ങൾക്കൊപ്പം തന്നെ ഓരോ ബജറ്റ് ദിനത്തിലും ചർച്ചയാകാറുള്ള മറ്റൊരു കാര്യമാണ് ധനമന്ത്രി നിർമല സീതാരാമന്റെ വസ്ത്രധാരണവും. 2026-ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ പാർലമെന്റിലെത്തിയ മന്ത്രി, ഒമ്പതാം തവണയും ഇന്ത്യൻ കൈത്തറി പാരമ്പര്യത്തിന്റെ മനോഹാരിത വിളിച്ചോതുന്ന വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്.

തന്റെ ഒമ്പതാം ബജറ്റ് പ്രസംഗത്തിനായി നിർമല സീതാരാമൻ തെരഞ്ഞെടുത്തത് അതിമനോഹരമായ പർപ്പിൾ‍ കളർ കട്ടം കാഞ്ചീപുരം സാരിയാണ്. തമിഴ്നാടിന്റെ തനതായ കാഞ്ചീപുരം നെയ്ത്ത് ശൈലിയിലുള്ള ഈ സാരിയിൽ സ്വർണ നൂലുകൾ കൊണ്ട് നെയ്തെടുത്ത ചെറിയ ചെക്കുകളും കോഫി ബ്രൗൺ കസവുമാണുള്ളത്. ലാളിത്യവും ഗാംഭീര്യവും ഒത്തുചേർന്ന ഈ വേഷം ഇന്ത്യൻ പൈതൃകത്തോടുള്ള മന്ത്രിയുടെ ആദരവായാണ് വിലയിരുത്തപ്പെടുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, തന്റെ ജന്മനാടിന്റെ നെയ്ത്തു സംസ്കാരത്തെ ഉയർത്തിക്കാട്ടാനുള്ള രാഷ്ട്രീയവും സാംസ്കാരികവുമായ ഒരു നീക്കം കൂടിയായി ഇതിനെ വിലയിരുത്താം.

2025 മധുബാനി

എട്ടാം ബജറ്റിൽ ബിഹാറിന്റെ കലാരൂപമായ മധുബാനി പെയിന്റിം​ഗുകൾ നിറഞ്ഞ ഓഫ് വൈറ്റ് കൈത്തറി സാരിയാണ് മന്ത്രി ധരിച്ചത്. പത്മശ്രീ ജേതാവ് ദുലാരി ദേവി നേരിട്ട് സമ്മാനിച്ച ഈ സാരിയിൽ സമൃദ്ധിയുടെ പ്രതീകമായ മത്സ്യങ്ങളുടെ രൂപങ്ങൾ ആലേഖനം ചെയ്തിരുന്നു. പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വസ്ത്രം തെരഞ്ഞെടുത്തത്

2024 പൂർണ ബജറ്റ്

മൂന്നാം മോദി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റിൽ സ്വർണ ബോർഡറുള്ള ഓഫ് വൈറ്റ് സാരിയാണ് ധനമന്ത്രി അണിഞ്ഞത്. മജന്ത നിറത്തിലുള്ള ബോർഡറും ഗോൾഡൻ മോട്ടിഫുകളും ആ വസ്ത്രത്തിന് ഗാംഭീര്യം പകർന്നു. രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിറം പകരുന്നതായിരുന്നു അന്നത്തെ വസ്ത്രധാരണം.

2024 ഇടക്കാല ബജറ്റ്

ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ പശ്ചിമ ബംഗാളിലെ പ്രസിദ്ധമായ കാന്താ സ്റ്റിച്ച് എംബ്രോയ്ഡറി ചെയ്ത നീല ടസ്സർ സിൽക്ക് സാരിയാണ് മന്ത്രി തെരഞ്ഞെടുത്തത്. ലാളിത്യം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ഇത്.

2023 കർണാടക കസൂതി

കർണാടകയുടെ പരമ്പരാഗതമായ കസൂതി എംബ്രോയ്ഡറി ചെയ്ത ചുവന്ന സാരിയാണ് 2023-ൽ അവർ അണിഞ്ഞത്. കറുത്ത ബോർഡറിൽ ക്ഷേത്ര മാതൃകയിലുള്ള എംബ്രോയ്ഡറികൾ നിറഞ്ഞ ഈ സാരി വലിയ രീതിയിൽ വാർത്തകളിൽ ഇടംപിടിച്ചു.

2022 ഒഡീഷയുടെ ബൊംകായ് നെയ്ത്ത്

ഒഡീഷയുടെ തനതായ ബൊംകായ് നെയ്ത്തു രീതിയിലുള്ള സാരിയാണ് 2022-ൽ മന്ത്രി തെരഞ്ഞെടുത്തത്. കടും തവിട്ട് നിറത്തിലുള്ള സാരിയിൽ ഓഫ് വൈറ്റ് ബോർഡറുകൾ ശ്രദ്ധേയമായിരുന്നു. ഓരോ വർഷവും ഓരോ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന രീതി മന്ത്രി ഇതിനോടകം ശീലമാക്കിയിരുന്നു.

2021 പോച്ചംപള്ളി ഇക്കത്ത് സാരി

കോവിഡ് കാലത്തെ ബജറ്റിൽ തെലങ്കാനയുടെ പ്രശസ്തമായ പോച്ചംപള്ളി ഇക്കത്ത് സാരിയാണ് മന്ത്രി ധരിച്ചത്. ചുവപ്പും ഓഫ് വൈറ്റും കലർന്ന ഈ സാരിയിൽ പച്ച നിറത്തിലുള്ള ബോർഡറുകൾ ഉണ്ടായിരുന്നു. പൂർണമായും ഡിജിറ്റലായി ബജറ്റ് അവതരിപ്പിച്ച ആദ്യ വർഷം കൂടിയായിരുന്നു ഇത്.

2020 മഞ്ഞ സിൽക്ക് സാരി

തന്റെ രണ്ടാമത്തെ ബജറ്റ് അവതരണത്തിനായി ഐശ്വര്യത്തിന്റെയും വളർച്ചയുടെയും പ്രതീകമായി മഞ്ഞ നിറമാണ് അവർ തിരഞ്ഞെടുത്തത്. നീല ബോർഡറുള്ള മനോഹരമായ മഞ്ഞ സിൽക്ക് സാരി ധരിച്ചാണ് അന്ന് അവർ സഭയിലെത്തിയത്.

2019 കന്നി ബജറ്റിലെ മംഗളഗിരി സാരി

ധനമന്ത്രി എന്ന നിലയിലുള്ള ആദ്യ ബജറ്റിൽ ആന്ധ്രാപ്രദേശിലെ പ്രശസ്തമായ മംഗളഗിരി സിൽക്ക് സാരിയാണ് നിർമ്മല സീതാരാമൻ ധരിച്ചത്. കടും പിങ്ക് നിറത്തിലുള്ള ഈ സാരിയിൽ സ്വർണ കരകൾ ഉണ്ടായിരുന്നു. കൂടാതെ, ബ്രിട്ടീഷ് കാലം മുതലുള്ള ബജറ്റ് ബ്രീഫ്കേസ് രീതി മാറ്റി ചുവന്ന തുണിയിൽ പൊതിഞ്ഞ 'ബാഹി ഖാത്ത'യുമായി എത്തിയതും അന്ന് ചരിത്രമായി.

TAGS :

Next Story