'കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കണ്ടു'; ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുമായുള്ള കൂടിക്കാഴ്ച ഓർമിച്ച് നിതിൻ ഗഡ്കരി
ഇറാന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മസൂദ് പെഷേഷ്കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുകയായിരുന്നു ഗഡ്കരി

ന്യൂ ഡൽഹി: കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തെഹ്റാനിൽ വെച്ച് ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയയെ കണ്ടുമുട്ടിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇറാന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മസൂദ് പെഷേഷ്കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുകയായിരുന്നു ഗഡ്കരി.
ചടങ്ങിന് മുമ്പ് തെഹ്റാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാരും മുതിർന്ന വിശിഷ്ട വ്യക്തികളുമായി ചായ സത്കാരത്തിൽ അനൗപചാരികമായി ഒത്തുകൂടിയതായും ഗഡ്കരി പറഞ്ഞു. 'വിവിധ രാഷ്ട്രങ്ങളുടെ തലവന്മാരും സന്നിഹിതരായിരുന്നു. എന്നാൽ രാഷ്ട്രത്തലവനല്ലാത്ത ഒരാൾ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയായിരുന്നു. ഞാൻ അദ്ദേഹത്തെ കണ്ടു. പ്രസിഡന്റിനും ചീഫ് ജസ്റ്റിസിനുമൊപ്പം സത്യപ്രതിജ്ഞാ ചടങ്ങിന് അദ്ദേഹം പോകുന്നത് ഞാൻ കണ്ടു.' ഗഡ്കരി പറഞ്ഞു.
ചടങ്ങിനുശേഷം അതിരാവിലെ തന്നെ സംഭവങ്ങളിൽ നാടകീയമായ വഴിത്തിരിവുണ്ടായതായും മന്ത്രി പറഞ്ഞു. 'സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ഞാൻ ഹോട്ടലിലേക്ക് മടങ്ങി. പുലർച്ചെ നാല് മണിയോടെ ഇന്ത്യയിലെ ഇറാനിയൻ അംബാസഡർ വന്നു ഉടൻ ഇവിടെ വിട്ട് പോകണമെന്ന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞാൻ ചോദിച്ചു. ഹമാസ് മേധാവി കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതെങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചു. 'ഇതുവരെ അറിയില്ല' എന്ന് അദ്ദേഹം പറഞ്ഞു.' ഗഡ്കരി കൂട്ടിച്ചേർത്തു.
ജൂലൈ 31ന് പുലർച്ചെ 1:15 ഓടെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) മേൽനോട്ടത്തിൽ തെഹ്റാനിലെ അതീവ സുരക്ഷയുള്ള ഒരു സൈനിക സമുച്ചയത്തിൽ താമസിക്കുന്നതിനിടെയാണ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടു. കൊലപാതകത്തിന് ഉപയോഗിച്ച രീതി ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നും ഗഡ്കരി പറഞ്ഞു.
Adjust Story Font
16

