ബിഹാർ: നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത് എൻഡിഎ
പത്താം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്

പട്‌ന: ജെഡിയു നേതാവ് നിതീഷ് കുമാറിനെ ബിഹാറിൽ എൻഡിഎ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് രാജ്ഭവനിലെത്തി രാജി സമർപ്പിക്കും. തുടർന്ന് പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും. എൻഡിഎ യോഗത്തിൽ സാമ്രാട്ട് ചൗധരിയാണ് നിതീഷിനെ കക്ഷി നേതാവായി നിർദേശിച്ചത്.
നാളെയാണ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്. പത്താം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ബിജെപിയിൽ നിന്ന് 16 മന്ത്രിമാരും ജെഡിയുവിന് 14 മന്ത്രിമാരുമാണ് ഉണ്ടാവുക. ആഭ്യന്തരമന്ത്രി പദവിക്ക് ബിജെപി അവകാശവാദമുന്നയിച്ചെങ്കിലും ജെഡിയു വഴങ്ങിയിട്ടില്ല. സ്പീക്കർ സ്ഥാനം ബിജെപിക്ക് നൽകാൻ ധാരണയായിട്ടുണ്ട്. എത്ര മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നതിൽ തീരുമാനമായിട്ടില്ല.
സർക്കാരിലെ രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങളും ബിജെപിക്ക് ആണ്. സാമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരാവും. സാമ്രാട്ട് ചൗധരിയാണ് ബിജെപിയുടെ നിയമസഭാ കക്ഷി നേതാവ്. ബിഹാറിന്റെ വികസനത്തിനായി തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് സാമ്രാട്ട് ചൗധരി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ 202 സീറ്റ് നേടിയാണ് എൻഡിഎ സഖ്യം അധികാരത്തിലെത്തിയത്.
Adjust Story Font
16

