Quantcast

'ഭാവിയിൽ തേജസ്വി നയിക്കും'; ബിഹാറിൽ അധികാര കൈമാറ്റ സൂചന നൽകി നിതീഷ് കുമാർ

കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ തുടരുന്ന കാലത്തോളം നളന്ദ സർവകലാശാല പുനഃസ്ഥാപിക്കുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും നിതീഷ് കുമാർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    13 Dec 2022 1:08 PM GMT

ഭാവിയിൽ തേജസ്വി നയിക്കും; ബിഹാറിൽ അധികാര കൈമാറ്റ സൂചന നൽകി നിതീഷ് കുമാർ
X

പാട്‌ന: ഭാവിയിൽ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് അധികാരം കൈമാറുമെന്ന് സൂചന നൽകി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മഹാഗത്ബന്ധൻ എം.എൽ.എമാരുടെ യോഗത്തിലായിരുന്നു നിതീഷിന്റെ പരാമർശം. ഭാവിയിൽ മഹാഗത്ബന്ധനെ തേജസ്വി യാദവ് നയിക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞു.

തന്റെ ജന്മനാട്ടിലുള്ളവർ വികസനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും തേജസ്വി വികസനം മുന്നോട്ട് കൊണ്ടുപോകുമെന്നും കഴിഞ്ഞ ദിവസം നളന്ദയിലെ ഒരു ഡെന്റൽ കോളേജിൽ നടന്ന പരിപാടിയിൽ നിതീഷ് കുമാർ പറഞ്ഞിരുന്നു.

''ഞങ്ങൾ നളന്ദയ്ക്കായി വളരെയധികം ചെയ്തു, ഇനിയും എന്തൊക്കെ ചെയ്യേണ്ടതുണ്ടോ അതൊക്കെ തേജസ്വി ചെയ്യും. നളന്ദയിലെ ജനങ്ങൾക്ക് ഒരു പ്രശ്‌നവും നേരിടേണ്ടിവരില്ല. ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന നിരവധി പേരുണ്ട്. പക്ഷേ തെറ്റിദ്ധരിക്കരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. നമ്മൾ ഐക്യത്തോടെ നിലകൊള്ളുകയും ജോലികൾ പൂർത്തിയാക്കുകയും വേണം''- നിതീഷ് പറഞ്ഞു.

കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ തുടരുന്ന കാലത്തോളം നളന്ദ സർവകലാശാല പുനഃസ്ഥാപിക്കുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. ''നേരത്തെ, എന്റെ കാഴ്ചപ്പാടുകൾ അനുസരിച്ചാണ് പ്രവർത്തനങ്ങൾ നടന്നിരുന്നത്. എന്നാൽ ഇപ്പോൾ ഞാൻ എന്ത് പറയും? മോദി ഉള്ളത് വരെ നളന്ദ സർവകലാശാല പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയില്ല'' - നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

TAGS :

Next Story