'നിങ്ങളെല്ലാം എങ്ങോട്ടാണ് ഓടുന്നത്, അവിടെ നിന്ന് കേൾക്ക്...'; പ്രസംഗം കേൾക്കാതെ പോയ സ്ത്രീകളോട് ആക്രോശിച്ച് നിതീഷ് കുമാർ
സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.

- Updated:
2026-01-22 14:30:45.0

പട്ന: പൊതുപരിപാടിയിൽ തന്റെ പ്രസംഗം കേൾക്കാതെ പോയ സ്ത്രീകൾക്ക് നേരെ രോഷാകുലനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രസംഗം കേൾക്കാതെ എങ്ങോട്ടാണ് പോകുന്നതെന്നും അവിടെനിന്ന് കേൾക്കൂ എന്നുമായിരുന്നു ആക്രോശം. വ്യാഴാഴ്ച സിവാനിൽ നടന്ന പരിപാടിയിൽ, സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.
'നിങ്ങളെല്ലാംകൂടി എങ്ങോട്ടാണ് ഓടിപ്പോകുന്നത്? ഇവിടേക്ക് മാറി നിന്ന് കേൾക്കൂ... അല്ലെങ്കിൽ നിങ്ങൾക്കായി ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് എങ്ങനെ അറിയും?'- സംസ്ഥാന വ്യാപകമായി നടത്തുന്ന സമൃദ്ധി യാത്രയുടെ ഭാഗമായി സിവാനിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ നിതീഷ് ചോദിച്ചു.
സിവാനിൽ 157 കോടിയുടെ 40 പദ്ധതികൾക്ക് തറക്കല്ലിട്ട മുഖ്യമന്ത്രി, 45 കോടിയുടെ 31 പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, മന്ത്രി വിജയ് കുമാർ ചൗധരി, ചീഫ് സെക്രട്ടറി പ്രത്യയ് അമൃത് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞവർഷം ഡിസംബറിൽ, നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിതാ ഡേക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാർ വിവാദത്തിൽ ഇടംപിടിച്ചിരുന്നു. ആയുഷ് ഡോക്ടർ നുസ്രത്ത് പർവീനിന്റെ നിഖാബാണ് നിതീഷ് വലിച്ചുമാറ്റിയത്. സംഭവം വലിയ വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും വിമർശനവുമായി കോൺഗ്രസും ആർജെഡിയും രംഗത്തുവരികയും ചെയ്തിരുന്നു. ബിഹാറിലെ സ്ത്രീകൾ സുരക്ഷിതരാണോ എന്ന് കോൺഗ്രസ് ചോദിച്ചപ്പോൾ, നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആർജെഡി പ്രതികരിച്ചു.
നിതീഷ് കുമാർ നിഖാബ് വലിച്ചു താഴ്ത്തി അപമാനിച്ച സാഹചര്യത്തിൽ താൻ ജോലിയിൽ പ്രവേശിക്കില്ലെന്ന് ഡോ. നുസ്രത്ത് പർവീൻ അറിയിച്ചിരുന്നു. ഡിസംബർ 20നായിരുന്നു പർവീൻ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. അപമാനഭാരം കൊണ്ടാണ് പർവീൻ ജോലിയിൽ പ്രവേശിക്കുന്നില്ലെന്ന തീരുമാനമെടുത്തത്.
ആയുഷ് ഡോക്ടർമാരുടെ നിയമന ഉത്തരവ് കൈമാറുന്നതിനിടെയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ നുസ്രത്തിന്റെ നിഖാബ് ബലമായി താഴ്ത്തി അപമാനിച്ചത്. നിയമന ഉത്തരവ് കൈമാറിയ നിതീഷ് കുമാർ യുവതിയോട് നിഖാബ് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഏതെങ്കിലും തരത്തിൽ യുവതി പ്രതികരിക്കുംമുമ്പുതന്നെ നിതീഷ് അവരുടെ മുഖത്തുനിന്നും ബലമായി നിഖാബ് പിടിച്ച് താഴേക്ക് വലിക്കുകയായിരുന്നു.
Adjust Story Font
16
