Quantcast

'നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകില്ല, എൻഡിഎക്ക് പോലും താൽപര്യമില്ല': തേജസ്വി യാദവ്

മുഖ്യമന്ത്രി നിതീഷ് കുമാറിന് ആരോഗ്യസ്ഥിതി മോശമാണ്, ഭരണത്തിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2025-10-28 05:09:31.0

Published:

28 Oct 2025 10:28 AM IST

നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകില്ല, എൻഡിഎക്ക് പോലും താൽപര്യമില്ല: തേജസ്വി യാദവ്
X

നിതീഷ് കുമാര്‍-തേജസ്വി യാദവ് Photo| HT

പറ്റ്ന: ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികൾ തമ്മിലുള്ള വാദപ്രതിവാദങ്ങൾ ചൂട് പിടിക്കുകയാണ്. ഛാഠ് പൂജ ആഘോഷങ്ങൾക്ക് പിന്നാലെ പ്രചരണം ശക്തമാക്കാനൊരുങ്ങുകയാണ് പാര്‍ട്ടികൾ. എൻഡിഎയും മഹാഗത്ബന്ധനും തമ്മിലാണ് മത്സരം. അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുസഖ്യവും.

ഇതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാര്‍ഥിയുമായ തേജസ്വി യാദവ് രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരില്ലെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാറിന്‍റെ കാലം അവസാനിക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തേജസ്വി പറഞ്ഞു.ജെഡിയു മേധാവി തനിക്ക് ഒരു വെല്ലുവിളിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"മുഖ്യമന്ത്രി നിതീഷ് കുമാറിന് ആരോഗ്യസ്ഥിതി മോശമാണ്, ഭരണത്തിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. അദ്ദേഹം തിരിച്ചുവരില്ല. തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ചിത്രത്തിൽ ഇല്ലാതാകും," തേജസ്വി യാദവ് പറയുന്നു. നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ഭരണകക്ഷിയായ എൻഡിഎയ്ക്ക് താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "എൻഡിഎ വീണ്ടും കുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്ന് വ്യക്തമാണ്. എൻഡിഎ ഇതുവരെ അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല, അത് ചിത്രം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിന്റെ പാർട്ടി ഇല്ലാതാകുമെന്നതിനാൽ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിരിച്ചുവരുമെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. എനിക്ക് അത് ഉറപ്പിച്ചു പറയാൻ കഴിയും," തേജസ്വി യാദവ് പറഞ്ഞു.

പ്രതിപക്ഷ മഹാസഖ്യം ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാർഥിയായി യാദവിനെ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് യാദവിന്റെ പരാമർശം . സീറ്റ് വിഭജനത്തെച്ചൊല്ലി ഇൻഡ്യാ മുന്നണിയിലുണ്ടായ ദിവസങ്ങൾ നീണ്ട ആഭ്യന്തര തർക്കത്തിന് ശേഷമാണ് പ്രഖ്യാപനം. ''ഇൻഡ്യാ മുന്നണിയിലെ എല്ലാ സഖ്യകക്ഷികളും, ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ, തേജസ്വി ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരിക്കുമെന്ന് തീരുമാനിച്ചു, ഞങ്ങൾ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. എല്ലാ സഖ്യകക്ഷികളുമായും ഞങ്ങളുടെ പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുമായും കൂടിയാലോചിച്ച ശേഷമാണ് തീരുമാനം," കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് പറ്റ്നയിൽ സംയുക്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) മേധാവി മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തു.

നിതീഷ് കുമാറുമായുള്ള പുനഃസമാഗമം എപ്പോഴെങ്കിലും സാധ്യമാകുമോ എന്ന് ചോദ്യത്തിന് ബിഹാർ തിരഞ്ഞെടുപ്പിന് ശേഷം ജെഡിയു ഇല്ലാതാകുമെന്ന തന്‍റെ വാദം ആവർത്തിച്ചുകൊണ്ട് "ആദ്യം, ജെഡിയുവുമായോ മുഖ്യമന്ത്രി കുമാറുമായോ സമീപഭാവിയിൽ പുനഃസമാഗമം നടക്കുന്നില്ല. ഞാൻ നിങ്ങളോട് പറഞ്ഞതുപോലെ, തെരഞ്ഞെടുപ്പുകൾക്ക് ശേഷം ജെഡിയു ഇല്ലാതാകും, പാർട്ടി ഇല്ലാതാകും. അപ്പോൾ, പുനഃസമാഗമത്തെക്കുറിച്ചുള്ള ചോദ്യത്തിന് തന്നെ പ്രസക്തിയില്ല'' തേജസ്വി പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മഹാഗത്ബന്ധൻ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2020 ലെ തെരഞ്ഞെടുപ്പിനെ പരാമർശിച്ച്, ദുരുപയോഗങ്ങളും വോട്ടെടുപ്പിലെ പൊരുത്തക്കേടുകളും സഖ്യത്തെ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു. മഹാഗത്ബന്ധൻ ഇപ്പോൾ ജാഗ്രത പാലിക്കുന്നുണ്ടെന്നും അത്തരം കൃത്രിമത്വം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 243 അംഗ ബിഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളായി നടക്കും. നവംബർ 14 ന് ഫലം പ്രഖ്യാപിക്കും.

TAGS :

Next Story