Quantcast

കാണാന്‍ ആളില്ലാത്തതിനാലാണ് 'കേരള സ്റ്റോറി' പ്രദര്‍ശനം നിര്‍ത്തിയതെന്ന് തമിഴ്നാട് സുപ്രിം കോടതിയില്‍

സിനിമക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രദര്‍ശനത്തിനു തയ്യാറായ തിയറ്ററുകള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    16 May 2023 4:47 AM GMT

kerala story
X

കേരള സ്റ്റോറി

ചെന്നൈ: തിയറ്ററില്‍ സിനിമ കാണാന്‍ ആളില്ലാത്തതുകൊണ്ടാണ് 'കേരള സ്റ്റോറി'യുടെ പ്രദര്‍ശനം നിര്‍ത്താന്‍ കാരണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. അഭിനേതാക്കളുടെ മോശം പ്രകടനം കാരണമാണ് സിനിമക്ക് സ്വീകാര്യത ലഭിക്കാതെ പോയെന്നും മേയ് 7 മുതല്‍ തിയറ്റര്‍ ഉടമകള്‍ പ്രദര്‍ശനം സ്വമേധയാ നിര്‍ത്തുകയായിരുന്നുവെന്നും തമിഴ്നാട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. സിനിമക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രദര്‍ശനത്തിനു തയ്യാറായ തിയറ്ററുകള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ സിനിമയ്‌ക്ക് വിലക്ക് ഉണ്ടെന്ന് ആരോപിച്ച് അണിയറ പ്രവര്‍ത്തകർ നൽകിയ ഹരജിക്ക് മറുപടി നല്‍കുകയായിരുന്നു തമിഴ്നാട്. കേരള സ്റ്റോറി നിരോധിച്ചതിൽ ബംഗാൾ സർക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ചിത്രം പ്രദർശനം നടത്തുന്നുണ്ടെന്നും ബംഗാളിൽ നിരോധിക്കുന്നതിന് ഒരു കാരണവുമില്ലെന്നും കോടതി നിരീക്ഷിച്ചു.

കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സ് ഉടമകള്‍ പ്രഖ്യാപിച്ചിരുന്നു. സിനിമ കാണാന്‍ ആളില്ല, ക്രമസമാധാനപ്രശ്നം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നാം തമിഴര്‍ കച്ചിയുടെ (എന്‍.ടി.കെ) നേതൃത്വത്തില്‍ ചെന്നൈയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സീമന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മേയ് അഞ്ചിനാണ് കേരള സ്റ്റോറി തിയേറ്ററുകളിൽ എത്തിയത്. സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്‍റെ ട്രയിലറിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം ചെയ്ത് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. തീവ്രവാദ സംഘടനയായ ഐഎസിലേക്ക് ഇത്തരത്തിൽ 32,000 പെൺകുട്ടികളെ കടത്തി കൊണ്ടുപോയിട്ടുണ്ട് എന്നാണ് സിനിമയുടെ ട്രെയിലറിൽ ആരോപിച്ചത്. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.


TAGS :

Next Story