'മുംബൈയിലെ ഭീകരാക്രമണ ഭീഷണി'; സുഹൃത്തായ ഫിറോസിനോടുള്ള പ്രതികാരമായാണ് സന്ദേശമയച്ചതെന്ന് പ്രതി അശ്വിന്‍കുമാറിന്‍റെ മൊഴി
14 ഭീകരർ 34 വാഹനങ്ങളിലായി 400 കിലോഗ്രാം ആർഡിഎക്‌സുമായി മുംബൈയിലേക്ക് കടന്നിട്ടുണ്ടെന്നും ഒരു കോടി ആളുകളെ കൊല്ലാന്‍ ഉദ്ദേശിച്ച സ്‌ഫോടനം ആസൂത്രണം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ഭീഷണി സന്ദേശം

ലഖ്‌നൗ: മുംബൈയില്‍ ഗണേശോത്സവത്തിനിടെ ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന് ഭീഷണി സന്ദേശം നൽകിയാള്‍ പിടിയില്‍.ബിഹാര്‍ പട്‌ന സ്വദേശിയായ അശ്വിന്‍ കുമാര്‍ സുപ്ര (50 )എന്നയാളെയാണ് നോയിഡ പൊലീസ് പിടികൂടിയത്. ഇയാള്‍ ജ്യോതിഷിയാണെന്നാണ് പൊലീസ് പറയുന്നത്.
തന്റെ സുഹൃത്തും ബിഹാർ സ്വദേശിയുമായ ഫിറോസിനോടുള്ള പ്രതികാരമായാണ് താൻ ഭീഷണി സന്ദേശം അയച്ചതെന്നാണ് അശ്വിൻ കുമാർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ഫിറോസ് നൽകിയ വഞ്ചനാ കേസിനെത്തുടർന്ന് 2023 ൽ അശ്വിൻ മൂന്ന് മാസം പട്‌ന ജയിലിൽ കഴിഞ്ഞിരുന്നെന്നും പൊലീസ് പറയുന്നു.പട്നയിലെ ഫുൽവാരി ഷെരീഫ് പൊലീസ് സ്റ്റേഷനിലാണ് ഫിറോസ് അശ്വിന്‍ കുമാറിനെതിരെ കേസ് കൊടുത്തത്.
വ്യാഴാഴ്ച രാത്രിയാണ് മുംബൈ പൊലീസിന് പ്രതി വാട്‌സ്ആപ്പ് സന്ദേശം അയച്ചത്. ലഷ്‌കർ-ഇ-ജിഹാദി എന്ന സംഘടനയുടെ പേരിലായിരുന്നു ഭീഷണി മുഴക്കിയിരുന്നത്. 14 ഭീകരർ 34 വാഹനങ്ങളിലായി 400 കിലോഗ്രാം ആർഡിഎക്‌സുമായി മുംബൈയിലേക്ക് കടന്നിട്ടുണ്ടെന്നും ഒരു കോടി ആളുകളെ കൊല്ലാന്‍ ഉദ്ദേശിച്ച സ്‌ഫോടനം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നു. ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് മുംബൈ പോലീസ് അധികൃതർ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു.തുടര്‍ന്ന് സന്ദേശം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.പൊലീസ് കൺട്രോൾ റൂമിലും ട്രാഫിക് പൊലീസിലും സന്ദേശം ലഭിച്ചതിനെത്തുടർന്ന് അടിയന്തര സുരക്ഷാ പരിശോധനയും നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അശ്വിൻ കുമാറിനെ നോയിഡയിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഇയാളുടെ മൊബൈൽ ഫോൺ, സിം കാർഡുകള്‍, ആറ് മെമ്മറി കാർഡ് ഹോൾഡറുകൾ, ഭീഷണി സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോഗിച്ച രണ്ട് ഡിജിറ്റൽ കാർഡുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
അതേസമയം, കൂടുതൽ അന്വേഷണങ്ങൾക്കായി മുംബൈ ക്രൈംബ്രാഞ്ച് അശ്വിൻ കുമാറിനെ മുംബൈയിലേക്ക് കൊണ്ടുപോയി. ഭീഷണിയുടെ വിശ്വാസ്യത അധികൃതർ പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മുംബൈയിൽ ബോംബ് ഭീഷണി നേരിടുന്നത് ഇതാദ്യമല്ല. ആഗസ്റ്റ് 25 ന് താനെയിലെ ഒരു റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി ലഭിച്ചിരുന്നു.ഇത് വ്യാജമാണെന്ന് പിന്നീട് തെളിയുകയും 43 കാരനായ രൂപേഷ് മധുകർ റാൻപിസെ എന്നയാള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
Adjust Story Font
16

