ഹജ്ജ് കമ്മിറ്റിക്ക് അമുസ്‌ലിം സിഇഒ; വിവാദ തീരുമാനമായി മഹാരാഷ്ട്ര സർക്കാർ
ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജാദവാണ് പുതിയ സിഇഒ

മുംബൈ: മഹാരാഷ്ട്ര ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തിലാദ്യമായി അമുസ്ലിം ഉദ്യോഗസ്ഥനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) നിയമിച്ച് ബിജെപി സർക്കാർ. ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജാദവാണ് പുതിയ സിഇഒ. ശെയ്ഖ് ഇബ്രാഹിം ശെയ്ഖ് അസ്ലമിന് പകരമാണ് ജാദവ് ചുമതലയേറ്റത്.
നിയമനത്തിനെതിരെ മുതിർന്ന അഭിഭാഷകൻ യൂസഫ് അബ്രഹാനി രംഗത്തെത്തി. ഹജ്ജ് തീർഥാടകരുടെ മതപരമായ പ്രത്യേക ആവശ്യങ്ങൾ മനസിലാക്കാൻ കഴിയുന്ന ആളായിരിക്കണം ഹജ്ജ് കമ്മിറ്റിയുടെ തലപ്പത്തിരിക്കേണ്ടത്. മുസ്‌ലിമല്ലാത്ത ഒരാൾക്ക് അത് എത്രത്തോളം സാധിക്കുമെന്നതിൽ സംശയമുണ്ടെന്ന് അബ്രഹാനി പറഞ്ഞു.
ഭരണനിർവഹണത്തിൽ പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണെങ്കിലും ഹജ്ജിന്റെ ആത്മീയ വശങ്ങൾ ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിയുമോ എന്നതിൽ സംശയമുണ്ടെന്ന് ജമാ മസ്ജിദ് ട്രസ്റ്റി ശുഐബ് ഖത്തീബ് പറഞ്ഞു. നേരത്തെ ഉത്തർപ്രദേശ് സർക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റി സെക്രട്ടറി ആയി അമുസ്‌ലിം ഉദ്യോഗസ്ഥനെ നിയമിച്ചത് വലിയ വിവാദമായിരുന്നു.
Adjust Story Font
16

