Quantcast

റിപ്പബ്ലിക് ദിനത്തിൽ ഒഡീഷയിൽ മാംസാഹാര വിൽപ്പന നിരോധിച്ചു; പ്രതിഷേധം

നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-01-25 04:05:37.0

Published:

25 Jan 2026 9:33 AM IST

റിപ്പബ്ലിക് ദിനത്തിൽ ഒഡീഷയിൽ മാംസാഹാര വിൽപ്പന നിരോധിച്ചു; പ്രതിഷേധം
X

ഭുവനേശ്വർ: റിപ്പബ്ലിക് ദിനത്തിൽ ഒഡീഷയിലെ കോരാപുട്ട് ജില്ലാ ഭരണകൂടം മാംസാഹാര വിൽപ്പന നിരോധിച്ചു. റിപ്പബ്ലിക് ദിനത്തോടുള്ള 'ആദരസൂചകമായി' സസ്യാഹാരം കഴിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് ശനിയാഴ്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

നഗര, ഗ്രാമപ്രദേശങ്ങളിൽ മാംസം, ചിക്കൻ, മത്സ്യം, മുട്ട എന്നിവയുടെ വിൽപ്പന നിരോധിച്ചുകൊണ്ട് എല്ലാ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർക്കും, തഹസിൽദാർമാർക്കും, എക്സിക്യൂട്ടീവ് ഓഫീസർമാർക്കും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഈ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ മാംസ നിരോധന ഉത്തരവ് സ്വാതന്ത്ര്യ സങ്കൽപ്പത്തിന് വിരുദ്ധമാണെന്ന് കോൺഗ്രസ് എംഎൽഎ രാം ചന്ദ്ര കദം പറഞ്ഞു. 'ആളുകളുടെ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കേണ്ടത് ജില്ലാ കലക്ടറല്ല. ജില്ല ഭരിക്കാനാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. അദേഹം ഭരണം ശ്രദ്ധിക്കണം.' എംഎൽഎ പറഞ്ഞു.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുകയും തുല്യത ഉറപ്പാക്കുകയും ചെയ്യുന്ന ആർട്ടിക്കിൾ 14, 15 എന്നിവ മാംസ നിരോധനം ലംഘിക്കുന്നുവെന്ന് കോരാപുട്ടിലെ അഭിഭാഷകൻ സത്യബാദി മൊഹപത്ര പറഞ്ഞു. റിപ്പബ്ലിക് ദിനം ഒരു ദേശീയ ഉത്സവമാണ്, മതപരമായ ഒരു അവസരമല്ല. ഭരണഘടനാ മൂല്യങ്ങളുടെ ആഘോഷത്തിനിടെ ഭക്ഷണത്തെ കുറിച്ച് എന്തിനാണ് നിർദേശിക്കുന്നതെന്ന് അദേഹം ചോദിച്ചു.

ദൈനംദിന വിൽപ്പനയെ ആശ്രയിച്ചു ജീവിക്കുന്ന ചെറുകിട മാംസ, മത്സ്യ കച്ചവടക്കാർക്ക് നിരോധനം സാമ്പത്തികമായി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പ്രദേശവാസിയായ വയോധികനായ ബിദ്യുത് ഖര ഹിന്ദുസ്താൻ ടൈംസിനോട് പറഞ്ഞു.

ഈ മാസം ആദ്യം, അയോധ്യ ഭക്ഷ്യ കമ്മീഷണർ മണിക് ചന്ദ്ര സിംഗ് അയോധ്യ ധാം പ്രദേശത്തെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നോൺ-വെജ് ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിയിരുന്നു. രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളിലും ഇത് ബാധകമാണ്.

TAGS :

Next Story