Quantcast

ജഹാംഗീർപുരിയിൽ ബുൾഡോസർ രാജുമായി നോർത്ത് ഡൽഹി കോർപ്പറേഷൻ; 'കയ്യേറ്റമൊഴിപ്പിക്കൽ ഡ്രൈവി'ന് 400 പൊലീസുകാർ, പത്ത് ബുൾഡോസർ

ജഹാംഗീർപുരിയിലും ബുൾഡോസർ ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബിജെപി പ്രസിഡൻറായ ആദേഷ് ഗുപ്ത നേരത്തെ നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന് കത്തയച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-20 04:42:07.0

Published:

20 April 2022 4:20 AM GMT

ജഹാംഗീർപുരിയിൽ ബുൾഡോസർ രാജുമായി നോർത്ത് ഡൽഹി കോർപ്പറേഷൻ; കയ്യേറ്റമൊഴിപ്പിക്കൽ ഡ്രൈവിന് 400 പൊലീസുകാർ, പത്ത് ബുൾഡോസർ
X

ന്യൂഡൽഹി: വിമർശകരെയും പ്രതിഷേധകരെയും അടിച്ചമർത്താൻ മധ്യപ്രദേശിലും ഉത്തർപ്രദേശിലും ബിജെപി സർക്കാറുകൾ ഉപയോഗിച്ച ബുൾഡോസർ തന്ത്രം ഹനുമാൻ ജയന്തിയെ സംഘർഷം നടന്ന ഡൽഹി ജഹാംഗീർപുരിയിലും നടത്തുന്നു. 'കയ്യേറ്റം ഒഴിപ്പിക്കൽ ഡ്രൈവി'ന് 400 പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചു. പത്തു ബുൾഡോസറുകളും സ്ഥലത്തെത്തി. നടപടിയിൽ രാഷ്ട്രീയ ഇടപെടലില്ലെന്നാണ് നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ (എംസിഡി) വ്യക്തമാക്കുന്നതെങ്കിലും സംഘർഷത്തിലെ കുറ്റാരോപിതരുടെ കെട്ടിടങ്ങൾ പൊളിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. 'കയ്യേറ്റം ഒഴിപ്പിക്കൽ ഡ്രൈവി'ന് ബിജെപി ഭരിക്കുന്ന നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പൊലീസ് സഹായം തേടിയിരുന്നു. നോർത്ത് വെസ്റ്റ് ഡിസിപിക്ക് ഇത് സംബന്ധിച്ച് ഔദ്യോഗികമായി കത്തയച്ചു. നിയമവാഴ്ച ഉറപ്പാക്കാൻ ഏപ്രിൽ 20,21 തിയ്യതികളിൽ വനിതാ പൊലീസുകാരും ഔട്ടർ ഫോഴ്‌സുമടക്കം 400 പൊലീസുകാരെ വേണമെന്നാണ് അസിസ്റ്റൻറ് കമ്മീഷണർ ആവശ്യപ്പെട്ടിരുന്നത്.



ചൊവ്വാഴ്ച ഡ്രൈവ് നടത്തണമെന്ന് കരുതിയിരുന്നെന്നും എന്നാൽ പൊലീസുകാരെ ലഭിക്കാത്തതിനാൽ നടന്നില്ലെന്നും നോർത്ത് എംസിഡി മേയർ രാജാ ഇഖ്ബാൽ സിങ് പറഞ്ഞു. ഇന്ന് നടക്കുമെന്നാണ് കരുതന്നതെന്നും മേയർ പറഞ്ഞു. ജഹാംഗീർപുരിയിലും ബുൾഡോസർ ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബിജെപി പ്രസിഡൻറായ ആദേഷ് ഗുപ്ത നേരത്തെ നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന് കത്തയച്ചിരുന്നു. സംഘർഷത്തിൽ അറസ്റ്റിലായവരുടെ 'നിയമവിരുദ്ധ നിർമിതികൾ' തകർക്കണമെന്നായിരുന്നു ഗുപ്ത ആവശ്യപ്പെട്ടിരുന്നത്.


രാമ നവമി ഘോഷയാത്രയ്ക്ക് നേരെയുള്ള കല്ലേറിൽ കുറ്റാരോപിതരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 45 പേരുടെ സ്വത്തുവകകൾ മധ്യപ്രദേശിലെ ഖർഗോണിൽ പൊലീസ് സുരക്ഷയിൽ അധികൃതർ നശിപ്പിച്ചിരുന്നു. അനിഷ്ട സംഭവം നടന്ന് 48 മണിക്കൂറിനകമായിരുന്നു ഭരണകൂട നടപടി. പൊതു സ്ഥലങ്ങൾ കൈയേറിയാണ് മിക്കവരും കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളതെന്ന് ഇൻഡോർ ഡിവിഷണൽ കമ്മിഷണർ പവൻ ശർമ്മ ദ ഹിന്ദുവിനോട് പറഞ്ഞിരുന്നു. എന്നാൽ തകർക്കപ്പെട്ട വീടുകളിൽ നിയമപ്രകാരം നിർമിച്ചവയുമുണ്ടെന്ന് പിന്നീട് രേഖകൾ വഴി തെളിയിക്കപ്പെട്ടിരുന്നു. കയ്യേറ്റമാരോപിച്ച് സർക്കാർ പൊളിച്ച് നീക്കിയ ഖർഗോണിലെ ചില വീടുകൾ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിച്ചതാണെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. പദ്ധതി പ്രകാരം ഖാർഗൂൻ പ്രദേശത്ത് വീടുവെച്ച ഹസീന ഫക്രുവിന് ലഭിച്ച വീട് ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റിയിരുന്നു. ആവശ്യമായ മുഴുവൻ രേഖകളും പരിശോധിച്ച ശേഷമാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് അനുവദിച്ചിരുന്നത്. രാമനവമി ദിവസം നടന്ന സംഘർഷത്തിൽ പ്രതിയാക്കപ്പെട്ടവരുടെ വീടുകൾ ഖർഗോൺ ജില്ലാ ഭരണകൂടമാണ് പൊളിച്ച് നീക്കിയിരുന്നത്.


ഇത്തരം തകർക്കലുകൾക്കെതിരെ എസ്പി നേതാവ് അഖിലേഷ് യാദവ്, രാഹുൽ ഗാന്ധി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലിം സ്വത്തുക്കൾ വ്യാപകമായി ഇടിച്ചുനിരപ്പാക്കുന്ന സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജിയും സമർപ്പിക്കപ്പെട്ടിരുന്നു. ജംഇയ്യത്തുൽ ഉലമായെ ഹിന്ദാണ് കോടതിയെ സമീപിച്ചിരുന്നത്. കുറ്റകൃത്യങ്ങൾ തടയാനെന്ന പേരിൽ മുസ്ലിംകളടങ്ങുന്ന ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള തന്ത്രമാണിതെന്നും അപകടകരമായ രാഷ്ട്രീയമാണിതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മദനിയാണ് സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്. കോടതിയുടെ അനുമതിയില്ലാതെ ഒരാളുടെയും വീടും കടയും തകർക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്ന് ഹരജിയിൽ കോടതിയോട് ആവശ്യപ്പെട്ടു. ബുൾഡോസർ രാഷ്ട്രീയം നേരത്തെ തന്നെ ഉത്തർപ്രദേശിൽ തുടർന്നുവരുന്നുണ്ട്. ഇപ്പോൾ ഈ ഹീനകൃത്യം ഗുജറാത്തിലും മധ്യപ്രദേശിലുമെല്ലാം ആരംഭിച്ചിരിക്കുകയാണെന്നും ഹരജിയിൽ കുറ്റപ്പെടുത്തിയിരുന്നു.



BJP - ruled North Delhi Municipal Corporation seek Police help for 'encroachment evacuation drive' in Delhi's Jahangirpuri

TAGS :

Next Story