കിങ് മേക്കർ ആവുകയല്ല, ജയമാണ് ലക്ഷ്യം: വിജയ്
കരൂരിൽ ഉണ്ടായ തിക്കുംതിരക്കും അപ്രതീക്ഷിത സംഭവങ്ങളും തന്നെ ഇപ്പോഴും അലട്ടുന്നുണ്ടെന്ന് വിജയ് പറഞ്ഞു.

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി കടന്നതിനു പിന്നാലെ തന്റെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കി നടനും ടിവികെ മേധാവിയുമായ വിജയ്. കിങ് മേക്കർ ആവാൻ അല്ല, ജയിക്കാനാണ് താൻ മത്സരിക്കുന്നതെന്ന് താരം വ്യക്തമാക്കി. ചെന്നൈയിൽ നടന്ന എൻഡിടിവി തമിഴ്‌നാട് ഉച്ചകോടിക്ക് പിന്നാലെ, നടന്ന അഭിമുഖത്തിലായിരുന്നു വിജയ് നിലപാട് വ്യക്തമാക്കിയത്.
'ഞാൻ എന്തിനാണ് കിങ് മേക്കർ ആകേണ്ടത്? വരുന്ന ജനക്കൂട്ടം കണ്ടില്ലേ?'- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടും വിജയ് ആവർത്തിച്ചു.
കരൂരിൽ ഉണ്ടായ തിക്കുംതിരക്കും അപ്രതീക്ഷിത സംഭവങ്ങളും തന്നെ ഇപ്പോഴും അലട്ടുന്നുണ്ടെന്ന് വിജയ് പറഞ്ഞു. അതേസമയം, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ നേരിടേണ്ടി വരുന്ന സമ്മർദങ്ങളും പ്രശ്നങ്ങളും മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ജനനായകൻ’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തടസങ്ങളിൽ നിർമാതാവിനോടുള്ള വിഷമവും വിജയ് പങ്കുവച്ചു.
ഇത്തരത്തിൽ എന്തെങ്കിലും സംഭവിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നെന്നും രാഷ്ട്രീയത്തിന്റെ പേരിൽ തന്റെ സിനിമ വേട്ടയാടപ്പെടുകയാണെന്നും എല്ലാം നേരിടാൻ മാനസികമായി തയ്യാറെടുത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. താൻ ഷാരൂഖ് ഖാന്റെ ആരാധകനാണെന്നും എംജിആറും ജയലളിതയും തന്റെ രാഷ്ട്രീയ റോൾ മോഡലുകളാണെന്നും വിജയ് പറഞ്ഞു.
ആരാധകരെ പാർട്ടി പ്രവർത്തകരാക്കി മാറ്റുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഒരു സന്ദേശം നൽകാൻ മാത്രമല്ല, വിജയിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ടിവികെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി ‘വിസിൽ’ അനുവദിച്ചതിനെ ആദ്യ വിജയം എന്നാണ് വിജയ് വിശേഷിപ്പിച്ചത്. പതിറ്റാണ്ടുകളായി സിനിമയിലെ സൂപ്പർ താരമായിരുന്ന താൻ ഇപ്പോൾ രാഷ്ട്രീയത്തെ ജീവിത ദൗത്യമായി കാണുന്നുവെന്നും ഈ മാറ്റം എളുപ്പമായിരുന്നില്ലെന്നും വിജയ് കൂട്ടിച്ചേർത്തു.
Adjust Story Font
16

