വാഹനത്തിന് ഇൻഷുറൻസില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
അബദ്ധത്തില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ മറന്നുപോയാല്‍, ആക്‌സിഡന്റ് സംഭവിച്ചാല്‍, വല്ല ലീഗല്‍ നോട്ടീസുകളും വിലാസം തേടിവന്നാല്‍ തലകീഴായി മറിയാവുന്നതേയുള്ളൂ മിക്കവരുടേയും സ്വസ്ഥജീവിതം

- Published:
3 March 2026 6:19 PM IST

അബദ്ധത്തില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ മറന്നുപോയാല്‍, ആക്‌സിഡന്റ് സംഭവിച്ചാല്‍, വല്ല ലീഗല്‍ നോട്ടീസുകളും വിലാസം തേടിവന്നാല്‍ തലകീഴായി മറിയാവുന്നതേയുള്ളൂ മിക്കവരുടേയും സ്വസ്ഥജീവിതം. ആയുഷ്‌കാലമത്രയം സ്വരുക്കൂട്ടിയ സമ്പാദ്യം, വാഹനം, സര്‍വ്വോപരി സമാധാനം എന്നിവയെല്ലാം എന്തുമാത്രം കൂര്‍ത്ത മുള്‍മുനയിലാണ് നില്‍ക്കുന്നതെന്നറിയാന്‍ ഇത്തരമൊരു സാഹചര്യം വന്നാല്‍ മതിയായേക്കും. അശ്രദ്ധമായി വാഹനമോടിക്കുകയോ കൃത്യമായ ഇന്‍ഷൂറന്‍സില്ലാതെ നിരത്തിലിറക്കുകയോ ചെയ്യുന്നതിന്റെ പരിണിതഫലം ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്ന് ചുരുക്കം.
ഇന്ത്യയില്‍ 52 ശതമാനം ആളുകള്‍ മാത്രമേ കൃത്യമായ ഇന്‍ഷുറന്‍സോട് കൂടെ വാഹനം നിരത്തിലിറക്കുന്നുള്ളൂവെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. നിരവധി ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ ഡ്രൈവറുമാരുടെ ചുറ്റിലും കറങ്ങിനടപ്പുണ്ടെങ്കിലും മിക്കവരും സ്വന്തം പേരിലേക്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നതാണ് കണക്കുകള്‍. ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് ഇന്ത്യയില്‍ നിയമലംഘനമാണെന്ന് അറിയാത്തതും അതിന്റെ കാരണങ്ങളില്‍ പെടുന്നു.
1988ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം, വ്യക്തമായ ഇന്‍ഷൂറന്‍സ് പോളിസിയില്ലാതെ വാഹനം കളത്തിലിറക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഓരോ വര്‍ഷംതോറും ഇന്‍ഷുറന്‍സ് പോളിസികള്‍ കാര്‍ കമ്പനികള്‍ മുന്നോട്ടുവെക്കുന്നുണ്ട്.
ഇന്‍ഷുറന്‍സില്ലാത്ത വാഹനം നിരത്തിലിറക്കിയാലുള്ള ഭവിഷ്യത്തുകൾ
1. പിഴയും ശിക്ഷയും
ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തെ പറഞ്ഞു. ഇത് കനത്ത പിഴയിലേക്കും ശിക്ഷാ നടപടികളിലേക്കും വാഹനഉടമകളെ കൊണ്ടെത്തിക്കും. ഇന്‍ഷുറന്‍സില്ലാത്ത വാഹനവുമായി നിങ്ങളെ പിടികൂടുകയാണെങ്കില്‍ ആദ്യതവണ 2,000 രൂപയും ആവര്‍ത്തിക്കുന്ന മുറയ്ക്ക് 4,000 രൂപയും മൂന്ന് മാസം തടവിനും കാരണമാകും.
2. സ്വന്തം നിലക്ക് പരിഹരിക്കേണ്ടുന്ന സാമ്പത്തിക നഷ്ടങ്ങള്‍
ഇന്‍ഷുറന്‍സില്ലാത്ത വാഹനവുമായി നിങ്ങള്‍ വല്ല അപകടത്തിലും ചെന്ന് ചാടിയാലോ? വാഹനത്തിന്റെ തകരാറ് നിങ്ങള്‍ തന്നെ പരിഹരിക്കേണ്ടിവരും. വാഹനത്തിന്റെ സവിശേഷമായ ചില ഭാഗങ്ങള്‍ക്കാണ് പരിക്ക് സംഭവിക്കുന്നതെങ്കില്‍ അധികചിലവിന് കാരണമാകുകയും ചെയ്യും. മികച്ച ഇന്‍ഷുറന്‍സ് പോളിസി ഈ നഷ്ടം നികത്തും.
3. ശിക്ഷാ നടപടികള്‍
ഇന്‍ഷുറന്‍സില്ലാതെ നിരത്തിലിറങ്ങുന്നതിലൂടെ പിഴയോ സാമ്പത്തിക നഷ്ടമോ മാത്രമല്ല ഡ്രൈവറെ തേടിയെത്തുക, മറിച്ച് തടവിലാക്കപ്പെടാനുള്ള സാധ്യതയുമേറെയാണ്. നിങ്ങളുടെ വാഹനം തട്ടി ആര്‍ക്കേലും പരിക്കോ മരണമോ സംഭവിക്കുകയാണെങ്കില്‍ കടുത്ത ശിക്ഷാ നടപടികള്‍ തന്നെ നേരിടേണ്ടിവരും. മികച്ച പോളിസികള്‍ സ്വീകരിക്കുന്നതിലൂടെ തേര്‍ഡ് പാര്‍ട്ടിയുമായുള്ള ഇടപാടുകള്‍ ഇന്‍ഷുറന്‍സ് കമ്പനി നേരിട്ടുകൊള്ളും.
4. വാഹനം പിടിച്ചെടുത്തേക്കാം
ഇന്‍ഷുറന്‍സില്ലാതെ നിരത്തിലിറങ്ങിയ വാഹനം പിടിച്ചെടുക്കാന്‍ പൊലീസിന് സാധിക്കും. നിങ്ങള്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്താനുമാകും.
5. ലൈസന്‍സ് സസ്‌പെന്‍ഷന്‍
ഇന്‍ഷുറന്‍സില്ലാത്ത വാഹനം നിരത്തിലിറക്കുന്നത് നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനിടയാക്കുമെന്ന് മിക്കവര്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ഥ്യം. കൂടാതെ, നിരവധി നിയമപ്രശ്‌നങ്ങള്‍ നിങ്ങളെ തേടി വരികയും ചെയ്യും.
ഇന്‍ഷുറന്‍സ് കൂടാതെ വാഹനം നിരത്തിലിറക്കാതിരിക്കുകയെന്നതാണ് വാഹന ഉടമയെന്ന നിലയ്ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള മാര്‍ഗം. ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണം ക്രമാനുഗതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പരമാവധി ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും.
Adjust Story Font
16
