Quantcast

'സര്‍വകലാശാലയില്‍ ഗോശാല നിര്‍മിക്കണം'; ഉപവാസ സമരവുമായി എന്‍എസ്‌യുഐ

മധ്യപ്രദേശിലെ മഖന്‍ലാല്‍ ചതുര്‍വേദി ജേണലിസം സര്‍വകലാശാലയിലാണ് സംഭവം

MediaOne Logo
NSUI protest for cow shelter in a journalism university
X

ഭോപ്പാല്‍: മധ്യപ്രദേശിലെ മഖന്‍ലാല്‍ ചതുര്‍വേദി ജേണലിസം സര്‍വകലാശാലയില്‍ പശുക്കള്‍ക്ക് വേണ്ടി ഗോശാല നിര്‍മിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യുഐ. ഈ ആവശ്യവുമായി എന്‍എസ്‌യുഐ സര്‍വകലാശാലയില്‍ ഉപവാസ സമരം സംഘടിപ്പിച്ചു. എന്‍എസ്‌യുഐയുടെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ് ഉപവാസം നടത്തിയത്.

സര്‍വകലാശാലയില്‍ ഗോശാല നിര്‍മിക്കാന്‍ 2017ല്‍ തന്നെ സ്ഥലം അനുവദിച്ചതാണെന്നും എന്നാല്‍ വര്‍ഷങ്ങളായി ഈ സ്ഥലം വെറുതെയിട്ടിരിക്കുകയാണെന്നും സമരത്തിന് നേതൃത്വം നല്‍കിയ എന്‍എസ്‌യുഐ സംസ്ഥാന സെക്രട്ടറി അമന്‍ പത്താന്‍ പറഞ്ഞു. സര്‍വകലാശാലയിലെ ആറാം സെമസ്റ്റര്‍ ബിഎ ജേണലിസം വിദ്യാര്‍ഥി കൂടിയാണ് അമന്‍ പത്താന്‍. അനുവദിച്ച സ്ഥലത്ത് ഗോശാല നിര്‍മിക്കുന്നില്ലെങ്കില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആശീര്‍വാദത്തോടെയാണ് സമരമെന്നും അമന്‍ പറഞ്ഞു. 'ഭോപ്പാല്‍ നോര്‍ത്ത് എംഎല്‍എ ആത്തിഖ് അഖീല്‍ സമരത്തിന് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. ഗോശാലയിലേക്ക് ഒരു പശുവിനെ സംഭാവന നല്‍കുമെന്ന് അദ്ദേഹം അറിയിച്ചിരിക്കുകയാണ്. മുന്‍ മന്ത്രി പി.സി ശര്‍മ പിന്തുണ അറിയിച്ചിട്ടുണ്ട്. ഗോശാല നിര്‍മാണം വിശ്വാസത്തിന്റെ മാത്രം കാര്യമല്ല, പ്രകൃതിസംരക്ഷണത്തിന്റെയും അനുകമ്പയുടെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും കൂടി ഭാഗമാണെന്നാണ് അദ്ദേഹം പറഞ്ഞത്' -അമന്‍ പറഞ്ഞു. ഉപവാസ സമരത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് എന്‍എസ്‌യുഐ നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സര്‍വകലാശാല രജിസ്ട്രാര്‍ നേരിട്ടെത്തുകയും ആവശ്യത്തില്‍ ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. വിദ്യാര്‍ഥികളുടെ ആവശ്യം സര്‍വകലാശാല മാനേജ്‌മെന്റിനെ അറിയിക്കുമെന്നും ഗോശാല നിര്‍മിക്കുന്നതില്‍ പോസിറ്റീവായ പരിഹാരമുണ്ടാകുമെന്നും രജിസ്ട്രാര്‍ പി. ശശികല പറഞ്ഞു.

ബിജെപി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന ആവശ്യമാണ് ഗോശാലയെന്ന് എന്‍എസ്‌യുഐയുടെ സമരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ മാനുഷികതയുടെ പുറത്തുയരുന്ന ആവശ്യമെന്നാണ് എന്‍എസ്‌യുഐ ഇതിനെ വിശദീകരിക്കുന്നത്. അതേസമയം, മുന്‍കൂര്‍ അനുമതി വാങ്ങാതെ സമരം നടത്തിയതിന് വിശദീകരണം നല്‍കണമെന്ന് കാണിച്ച് സര്‍വകലാശാല അമന്‍ പത്താന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. അനുവാദമില്ലാതെയാണ് സമരം ചെയ്തതെങ്കില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍വകലാശാലയുടെ മുന്നറിയിപ്പുണ്ട്.

TAGS :

Next Story