രാജ്യത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വർധിക്കുന്നു; കേരളത്തിലെ നഗരവും പട്ടികയിൽ
സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന സെർവിക്കൽ കാൻസർ, ബ്രെസ്റ്റ് കാൻസർ, ഓറൽ കാൻസർ എന്നിവക്ക് പുറമേ ലങ് കാൻസറും വർധിക്കുന്നതായി ഐസിഎംആർ റിപ്പോർട്ട് ചെയ്യുന്നു

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയിലെ കാന്‍സര്‍ റിപ്പോർട്ട് ചെയ്യുന്നത് വർധിക്കുന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന സെർവിക്കൽ കാൻസർ, ബ്രെസ്റ്റ് കാൻസർ, ഓറൽ കാൻസർ എന്നിവക്ക് പുറമേ ലങ് കാൻസറും വർധിക്കുന്നതായി ഐസിഎംആർ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ വിവിധ നഗരങ്ങളിൽ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ഐടി നഗരമായ ബംഗളൂരുവാണ് സ്ത്രീകളിലെ കാൻസറിൽ മുൻ നിരയിലുള്ള നഗരം. ബംഗളൂരുവിലെ സ്ത്രീകളിൽ തന്നെ മൂന്ന് വിവിധ തരത്തിലുള്ള ബ്രെസ്റ്റ് കാൻസറും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ബംഗളൂരുവിലെ സ്ത്രീകൾക്ക് പുറമേ പുരുഷന്മാരിലും കാൻസർ വർധിച്ചുവരുന്നുണ്ട്. ഡൽഹി, ചെന്നൈ, തിരുവനന്തപുരം എന്നീ പ്രദേശങ്ങളും ബംഗളൂരുവിനെ കൂടാതെ പട്ടികയിൽ ഉണ്ട്.
സ്ത്രീകളിലെ ലങ് കാൻസർ
പുരുഷന്മാരിൽ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം കൂടുതൽ ആയതിനാലാണ് വായയിലെ കാൻസർ, ലങ് കാൻസർ തുടങ്ങിയവ സംഭവിക്കുന്നത്. സ്ത്രീകളിൽ നിലവിൽ പുകയിലയുടെ ഉപയോഗം വർധിച്ചുവരുന്നുണ്ടെങ്കിലും ലങ് കാൻസറിന് അത് മാത്രമാണോ കാരണം എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഗ്ലോബൽ കാൻസർ ഒബ്സെർവേറ്ററിയുടെ റിപ്പോർട്ട് പ്രകാരം ജീവിതശൈലിക്ക് പുറമേ വായു മലിനീകരണവും കാൻസറിന്റെ പ്രധാന കാരണമായി പറയുന്നുണ്ട്. ഇന്ത്യയിൽ സ്ത്രീകളിൽ കാൻസർ സ്ഥിരീകരിക്കപ്പെടുന്ന സ്ഥലങ്ങളിലെല്ലാം വായു മലിനീകരണം രൂക്ഷമാണെന്നത് വസ്തുതയാണ്. ഇതിന് പുറമേ അനാരോഗ്യമായ ഭക്ഷണരീതിയും ഉറക്കമില്ലായ്മയും കാരണമാകുന്നുണ്ട്.
വർധിക്കുന്ന കാൻസർ
ഏഷ്യയിൽ ഏറ്റവും കൂടുതൽ കാൻസർ റിപ്പോർട്ട് ചെയ്യുന്നതിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തിൽ മൂന്നാം സ്ഥാനത്തും. ഒരു ശരാശരി ഇന്ത്യക്കാരന്റെ ജീവിതകാലത്ത് കാൻസർ വരാനുള്ള സാധ്യത 11 ശതമാനമാണെന്നും 2045 ഓടെ കാൻസർ രോഗികളുടെ എണ്ണം 25 ലക്ഷമായി ഉയരുമെന്നും ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററി മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇന്ത്യയിലെ മഹാനഗരങ്ങളെലില്ലാം കാൻസർ വർധിക്കുന്നതായുള്ള റിപ്പോർട്ട് ഐസിഎംആർ പുറത്ത് വിട്ടിരുന്നു. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസർ മഹാരാഷ്ട്രയിലെ ഗ്രാമീണ പ്രദേശമായ ബാർസിയിലേക്കാൾ മൂന്നിരട്ടി അധികമാണ്. ഡൽഹിക്ക് പുറമേ ബംഗളൂരു, വിശാഖപ്പട്ടണം, ചെന്നൈ, തിരുവനന്തപുരം എന്നീ നഗരങ്ങളും ഏറ്റവും കൂടുതൽ കാൻസർ സ്ഥിരീകരിക്കപ്പെടുന്ന നഗരങ്ങളാണ്. നഗരങ്ങൾക്ക് പുറമേ ഐസോൾ, ഈസ്റ്റ് ഖാസി ഹിൽസ്, പാപുംപാറെ, കാംറൂപ് അർബൻ, മിസോറാം തുടങ്ങിയ നോർത്തീസ്റ്റ് സംസ്ഥാനങ്ങളും കാൻസറിന്റെ അമിതഭാരം പേറുന്നവയാണ്. ഈ പട്ടികയിൽ കേരളവും കാശ്മീറും ഇടംപിടിച്ചിട്ടുണ്ട്. ആയുഷ്മാൻ ഭാരത്-പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന വഴി കാൻസർ രോഗികൾക്കായി സർക്കാർ ചിലവഴിച്ച തുക 13,000 കോടി രൂപയാണ്.
Adjust Story Font
16

