Quantcast

'വനം വകുപ്പ് ഥാർ വാങ്ങിയത് ഏഴുകോടിക്ക്, മോഡിഫിക്കേഷന് ചെലവായത് അഞ്ചുകോടി'; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡിഷ സർക്കാർ

വാഹനങ്ങളുടെ കസ്റ്റമൈസേഷൻ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണോ ചെയ്തതെന്നടക്കം ഓഡിറ്റിങ്ങിന് വിധേയമാക്കും

MediaOne Logo

Web Desk

  • Published:

    23 Dec 2025 9:15 AM IST

വനം വകുപ്പ് ഥാർ വാങ്ങിയത് ഏഴുകോടിക്ക്, മോഡിഫിക്കേഷന് ചെലവായത് അഞ്ചുകോടി; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡിഷ സർക്കാർ
X

ഭുവനേശ്വര്‍: വനം, പരിസ്ഥിതി വകുപ്പിനായി മഹീന്ദ്ര ഥാർ ഓൾ-ടെറൈൻ വാഹനങ്ങള്‍ വാങ്ങിയതിലും മോഡിഫിക്കേഷന്‍ നടത്തിയതിലും ക്രമേക്കേടുകള്‍ നടന്നെന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ട് ഒഡിഷ സര്‍ക്കാര്‍. കഴിഞ്ഞ വർഷം നവംബറിൽ 7.1 കോടി രൂപയ്ക്ക് 51 മഹീന്ദ്ര ഥാർ വാഹനങ്ങൾ വാങ്ങുകയും അവയുടെ കസ്റ്റമൈസേഷനായി ഏകദേശം അഞ്ചു കോടി രൂപ ചെലവഴിക്കുകയും ചെയ്തെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രത്യേക ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (വൈൽഡ് ലൈഫ്) ഓഫീസിൽ ഒഡിഷയിലെ അക്കൗണ്ടന്റ് ജനറലിന്റെ സ്പെഷ്യൽ ഓഡിറ്റ് ടീമായിരിക്കും പ്രത്യേക ഓഡിറ്റ് നടത്തുകയെന്ന് വനം പരിസ്ഥിതി മന്ത്രി ഗണേഷ് റാം സിംഗ്ഖുണ്ടിയ അറിയിച്ചു.വാഹനം വാങ്ങിയതിലും മോഡിഫിക്കേഷന്‍ നടത്തിയതിലുമായിരിക്കും പ്രധാനമായും ഓഡിറ്റ് നടത്തുക.

സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് ഇക്കാര്യം അന്വേഷിക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. വാഹനങ്ങളുടെ കസ്റ്റമൈസേഷൻ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണോ ചെയ്തത്,ഇതിന് ധനകാര്യ വകുപ്പിന്റെ സമ്മതം ലഭിച്ചിട്ടുണ്ടോ, ഇൻസ്റ്റാൾ ചെയ്ത ഇനങ്ങളുടെ ആവശ്യകത, ഏതെങ്കിലും ബാഹ്യ ഏജൻസികൾ ഈ പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയവയും പരിശോധിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യന്‍ എക്‍സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മോഡിഫിക്കേഷന്‍റെ ഭാഗമായി ഓരോ വാഹനത്തിലും 21 ഇനങ്ങൾ വരെ ചേർത്തതായും, മൊത്തം കസ്റ്റമൈസേഷൻ ബിൽ 5 കോടി രൂപയിലെത്തിയെന്നുമാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം.പട്രോളിങ് വേഗത്തിലാക്കാനും,മൃഗവേട്ട,മരക്കടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും വേഗത്തിലുള്ള നടപടിയെടുക്കാനുമാണ് കസ്റ്റമൈസേഷൻ നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

വനങ്ങളിലെ ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ വേഗത്തില്‍ പട്രോളിങ് നടത്തുന്നതടക്കമുള്ള വശങ്ങള്‍ കണക്കിലെടുത്താണ് വാഹനങ്ങള്‍ കസ്റ്റമൈസേഷൻ ചെയ്യാന്‍ തീരുമാനമെടുത്തതെന്നും ഓഡിറ്റ് പ്രക്രിയയിൽ എന്തെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഒഡിഷയിലെ 22 വന്യജീവി ഡിവിഷനുകളിലായി 51 വാഹനങ്ങളാണ് വാങ്ങിയത്. സിമിലിപാൽ കടുവ സംരക്ഷണ കേന്ദ്രത്തിലേക്കാണ് കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിയിരിക്കുന്നത്. ഒമ്പത് വാഹനങ്ങളാണ് ഇവിടേക്കായി വാങ്ങിയിട്ടുള്ളത്.

TAGS :

Next Story