Quantcast

കേന്ദ്ര ബജറ്റ്: രൂക്ഷ വിമർശനവുമായി പ്രതിപക്ഷം, 'ബുള്ളറ്റ് മുറിവുകൾക്കുള്ള ബാൻഡ് എയ്‌ഡെന്ന്' രാഹുൽ ഗാന്ധി

'ഖജനാവിൻ്റെ വലിയൊരു ഭാഗം മുതലാളിമാരുടെ വായ്പകൾ എഴുതിത്തള്ളാൻ ചിലവഴിക്കുന്നു' - കെജ്‌രിവാൾ

MediaOne Logo

Web Desk

  • Updated:

    2025-02-01 14:43:25.0

Published:

1 Feb 2025 11:01 AM GMT

കേന്ദ്ര ബജറ്റ്: രൂക്ഷ വിമർശനവുമായി പ്രതിപക്ഷം, ബുള്ളറ്റ് മുറിവുകൾക്കുള്ള ബാൻഡ് എയ്‌ഡെന്ന് രാഹുൽ ഗാന്ധി
X

ന്യൂ ഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ബജറ്റ് 'ബുള്ളറ്റ് മുറിവുകൾക്കുള്ള ബാൻഡ് എയ്ഡ്' ആണെന്നായിരുന്നു രാഹുലിന്റെ വിമർശനം. കേന്ദ്രത്തിന് 'ആശയങ്ങളുടെ പാപ്പരത്തമാണെന്നും' രാഹുൽ ആഞ്ഞടിച്ചു.

"ബുള്ളറ്റ് മുറിവുകൾക്ക് ഒരു ബാൻഡ് എയ്ഡ്! ആഗോള അനിശ്ചിതത്വത്തിനിടയിൽ, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്," എക്സ് പോസ്റ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസും നേരത്തെ ബജറ്റിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. എൻഡിഎ സഖ്യകക്ഷിയായ നിതീഷ് കുമാർ ഭരിക്കുന്ന ബിഹാറിന് നരേന്ദ്ര മോദി സർക്കാർ വാരിക്കോരി നൽകിയതായും, മറ്റൊരു സഖ്യ കക്ഷിയായ ആന്ധ്രാപ്രദേശിനെ ക്രൂരമായി അവഗണിച്ചതായും കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ള പ്രതിപക്ഷ നേതാക്കളും ബജറ്റിൽ കേന്ദ്രത്തിനെ കടന്നാക്രമിച്ചിരുന്നു. "രാജ്യത്തിൻ്റെ ഖജനാവിൻ്റെ വലിയൊരു ഭാഗം ചില സമ്പന്നരായ ശതകോടീശ്വരന്മാരുടെ വായ്പകൾ എഴുതിത്തള്ളുന്നതിനാണ് ചെലവഴിക്കുന്നത്. യഥാർത്ഥത്തിൽ ഇടത്തരക്കാരുടെ ഭവനവായ്പകളും വാഹന വായ്പകളും എഴുതിത്തള്ളണം. കർഷകരുടെ വായ്പകൾ എഴുതിത്തള്ളണം, ആദായനികുതി, ജിഎസ്ടി നികുതി നിരക്കുകൾ പകുതിയായി കുറയ്ക്കണം. ഇത് ചെയ്യാത്തതിൽ എനിക്ക് സങ്കടമുണ്ട്," കെജ്‌രിവാൾ കൂട്ടിച്ചേർത്തു.കോർപ്പറേറ്റ് വായ്പകൾ എഴുതിത്തള്ളുന്നത് നിർത്തി മോദി തൻ്റെ മുതലാളിത്ത സുഹൃത്തുക്കൾക്ക് ഇളവ് ചെയ്ത 16 ലക്ഷം കോടി രൂപ തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിക്കണമെന്ന് കെജ്‌രിവാൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മോദി സർക്കാർ മുതലാളിമാരുടെ വൻതുക എഴുതിത്തള്ളുന്നത് തുടരുകയാണെന്ന് എഎപി എംപി സഞ്ജയ് സിംഗ് ആരോപിച്ചു. വരാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിനെ മനസ്സിൽ കണ്ടാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതെന്നും, പശ്ചിമ ബംഗാളിന് ഒന്നും ലഭിച്ചിട്ടില്ലെന്നും തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി പറഞ്ഞു. മറ്റ് നേതാക്കളും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

TAGS :

Next Story