കശ്മീരിൽ ജുമുഅ ഖുതുബക്കുള്ള വിഷയം ഇനി വഖഫ് ബോർഡ് നൽകും; വിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് വിമർശനം
ജുമുഅ പ്രഭാഷണങ്ങളിൽ ഉൾപ്പെടുത്തേണ്ട പൊതുവിഷയങ്ങൾ കണ്ടെത്തി അന്തിമരൂപം നൽകുന്നതിനായി മുഫ്തിമാരും ഇമാമുമാരും ഖതീബുമാരും അടങ്ങുന്ന ഒരു കോർ കമ്മിറ്റി രൂപീകരിക്കാനാണ് ജമ്മു കശ്മീർ വഖഫ് ബോർഡ് തീരുമാനിച്ചത്

- Published:
14 Oct 2026 4:14 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ പള്ളികളിലും ദർഗകളിലും വെള്ളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണങ്ങൾക്ക് (ഖുതുബ) ഏകീകൃത വിഷയങ്ങൾ നിശ്ചയിക്കാനുള്ള വഖഫ് ബോർഡിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുസ്ലിംകളുടെ മതപരമായ കാര്യങ്ങളിലും ആരാധനാ സ്വാതന്ത്ര്യത്തിലും ഇടപെടാനും നിയന്ത്രണം ഏർപ്പെടുത്താനുമുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് നേതാക്കൾ ആരോപിച്ചു.
വെള്ളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണങ്ങളിൽ ഉൾപ്പെടുത്തേണ്ട പൊതുവിഷയങ്ങൾ കണ്ടെത്തി അന്തിമരൂപം നൽകുന്നതിനായി മുഫ്തിമാരും ഇമാമുമാരും ഖതീബുമാരും അടങ്ങുന്ന ഒരു കോർ കമ്മിറ്റി രൂപീകരിക്കാനാണ് ജമ്മു കശ്മീർ വഖഫ് ബോർഡ് തീരുമാനിച്ചത്. ശനിയാഴ്ച ശ്രീനഗറിലെ വഖഫ് ബോർഡ് ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ജമ്മു കശ്മീരിലെ വിവിധ ചിന്താധാരകളെയും വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് 1,500 ഓളം മതപണ്ഡിതന്മാർ യോഗത്തിൽ നേരിട്ടും ജമ്മു മേഖലയിൽ നിന്നുള്ളവർ വീഡിയോ കോൺഫറൻസിങ് വഴിയും പങ്കെടുത്തതായി അധികൃതർ അറിയിച്ചു.
മതസ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനവും ധാർമികത, ഐക്യം, സാമൂഹിക സൗഹാർദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രഭാഷണങ്ങൾ ഉറപ്പാക്കലുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജമ്മു കശ്മീരിലെ മുതിർന്ന ബിജെപി നേതാവ് കൂടിയായ വഖഫ് ബോർഡ് ചെയർപേഴ്സൺ ഡോ. സയ്യിദ് ദറക്ഷൻ അന്ദ്രാബി അവകാശപ്പെട്ടു. മുൻകൂട്ടി തയ്യാറാക്കുന്ന വിഷയങ്ങൾ കമ്മിറ്റി പണ്ഡിതന്മാർക്ക് കൈമാറുമെന്നാണ് ബോർഡ് അറിയിച്ചിട്ടുള്ളത്.
എന്നാൽ, ഇമാമുമാരുടെയും പണ്ഡിതന്മാരുടെയും സ്വതന്ത്രമായ നിലപാടുകളെ തകർക്കുന്നതാണ് ഈ നീക്കമെന്ന് വ്യക്തമാക്കി കശ്മീരിലെ രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും രംഗത്തെത്തി. മുസ്ലിം മതപരമായ കാര്യങ്ങളിൽ ബിജെപിയുടെ അസ്വീകാര്യമായ ഇടപെടലാണിതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, നടപടി ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു.
'ഏകോപനം' എന്ന പേരിൽ വിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്ന് ശ്രീനഗർ എംപി ആഗ സയ്യിദ് റുഹുല്ല മെഹ്ദി വിമർശിച്ചു. രാഷ്ട്രീയ അധികാരത്തിന് മുന്നിൽ കീഴടങ്ങിയാൽ മിഹ്റാബുകൾക്ക് പ്രസക്തി നഷ്ടപ്പെടുമെന്നും പള്ളികളിൽ മതപണ്ഡിതന്മാർ എന്ത് പറയണമെന്ന് തീരുമാനിക്കാൻ ഒരു കമ്മിറ്റിക്കും അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ബോർഡിന്റെ നിർദേശത്തെ മിർവായിസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള മത-സാമൂഹിക സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്ലിസെ ഉലമയും (എംഎംയു) തള്ളി. മിമ്പറുകളിൽ നിന്ന് എന്ത് പ്രസംഗിക്കണമെന്ന് ഒരു സ്റ്റാറ്റിയൂട്ടറി ബോർഡ് തീരുമാനിക്കുന്നത് കശ്മീരിലെ മുസ്ലിംകൾക്ക് അംഗീകരിക്കാനാവില്ലെന്ന് എംഎംയു വ്യക്തമാക്കി. മിമ്പർ ഒരു അമാനത്താണെന്നും മതപരമായ മാർഗനിർദേശങ്ങൾ നൽകേണ്ടത് പണ്ഡിതൻമാരും ഇമാമുമാരുമാണെന്നും വ്യക്തമാക്കിയ സംഘടന, വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിലും പരിപാലനത്തിലും മാത്രം ബോർഡ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രഭാഷണ വിഷയങ്ങൾ നിശ്ചയിക്കാൻ വഖഫ് ബോർഡിന് എന്ത് അധികാരമാണുള്ളതെന്ന് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി ചോദിച്ചു. വഖഫ് ബോർഡിന്റെ നിയന്ത്രണം ജമ്മു കശ്മീർ സർക്കാരിന് കൈമാറണമെന്നും അവർ ആവശ്യപ്പെട്ടു. കശ്മീരിലെ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ ഇനി ബിജെപി തയാറാക്കിക്കൊടുക്കുമോയെന്ന് നാഷണൽ കോൺഫറൻസ് വക്താവ് ഇമ്രാൻ ദാർ ചോദിച്ചു.
വിശ്വാസത്തെയും മതപ്രഭാഷണങ്ങളെയും രാഷ്ട്രീയമായി നിശ്ചയിക്കാൻ കഴിയില്ലെന്ന് ലാൽ ചൗക്ക് എംഎൽഎ അഹ്സാൻ പർദേസി പ്രതികരിച്ചു. നിർദേശം ഉടൻ പിൻവലിക്കണമെന്ന് എൻസി നേതാക്കളായ തൻവീർ സാദിഖ്, സൽമാൻ അലി സാഗർ, മുൻ ശ്രീനഗർ മേയർ ജുനൈദ് മട്ടു എന്നിവരും ആവശ്യപ്പെട്ടു.
കശ്മീരിലെ പ്രധാന മതപരമായ കേന്ദ്രങ്ങളിൽ നേരത്തെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജാമിഅ മസ്ജിദിൽ വെള്ളിയാഴ്ചകളിലും പ്രധാന വിശേഷ ദിവസങ്ങളിലും പ്രാർഥനകൾ പലതവണ അധികൃതർ തടഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ നിർദേശത്തിനെതിരെയും പ്രതിഷേധം ശക്തമാകുന്നത്.
Adjust Story Font
16
