'ഇതാണോ ഗോസംരക്ഷണം?'; മാലിന്യങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് പശുക്കളുടെ ജഡം, ദൃശ്യങ്ങള്‍ ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ നിന്ന്
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് രാജസ്ഥാന്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി

- Published:
25 May 2026 10:26 PM IST

ജയ്പൂര്‍: കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന മാലിന്യകേന്ദ്രം. അതില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന പശുക്കളുടെ ജഡം. അഞ്ചോ പത്തോ അല്ല, മൂന്നൂറിലേറെ പശുക്കളുടെ ജഡം. പലതും ചീഞ്ഞഴുകിയിരിക്കുന്നു. ഗോസംരക്ഷണം പ്രധാന പ്രചാരണമാക്കുന്ന ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ നിറഞ്ഞുകിടക്കുന്ന പശുക്കളുടെ ജഡങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. പശുക്കളുടെ ജഡം സംസ്‌കരിക്കുന്നതിലും മാലിന്യസംസ്‌കരണത്തിലും വന്‍ വീഴ്ചയാണുണ്ടായത്. ഉടമകളില്ലാത്ത പശുക്കളുടെ ജഡം സംസ്‌കരിക്കുന്നതിന് കരാര്‍ എടുത്തയാള്‍ ജഡങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് പകരം മാലിന്യകേന്ദ്രത്തില്‍ തള്ളുകയായിരുന്നു. അധികൃതരും ഇതിന് കൂട്ടുനിന്നതോടെ മാലിന്യ കേന്ദ്രം പശുക്കളുടെ ജഡം കൊണ്ട് നിറഞ്ഞു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് വന്‍ വിമര്‍ശനമുയര്‍ന്നത്.
ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെടുകയും മുനിസിപ്പാലിറ്റിയിലെ കരാറുകാരന് നോട്ടീസ് നല്‍കുകയുമായിരുന്നു. കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കി. തുടര്‍ന്നാണ് പശുക്കളുടെ ജഡങ്ങള്‍ കുഴിയെടുത്ത് മൂടിയത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട ജില്ലാ കലക്ടര്‍ അനുപമ ജോര്‍വാള്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് രാജസ്ഥാന്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. 'പശുവിന്റെയും മതത്തിന്റെയും സനാതന ധര്‍മത്തിന്റെയും പേരിലാണ് ബിജെപി ജനങ്ങളോട് വോട്ട് തേടിയത്. എന്നാല്‍, ജയ്‌സാല്‍മീറില്‍ വിശപ്പും ദുരിതവും മൂലം മരിക്കുന്ന പശുക്കള്‍ യാഥാര്‍ഥ്യം എന്താണെന്ന് വെളിപ്പെടുത്തുകയാണ്. നൂറ്റാണ്ടുകളായി പശുക്കള്‍ മേയാറുണ്ടായിരുന്ന പുല്‍മേടുകള്‍ വലിയ വ്യവസായികള്‍ക്കും കമ്പനികള്‍ക്കും കൈമാറി. അതിന്റെ ഫലമായി പശുക്കള്‍ ഇന്ന് ഭക്ഷണം തേടി മാലിന്യങ്ങള്‍ക്കിടയില്‍ അലഞ്ഞുതിരിയുകയാണ്. ഓരോ തെരഞ്ഞെടുപ്പിലും പശുഭക്തരെന്ന് നടിക്കുന്ന ബിജെപി ഇതിന് മറുപടി പറയണം. 'ഗോരക്ഷ' എന്ന മുദ്രാവാക്യം കൊണ്ട് എന്ത് പ്രയോജനം? മതവും സനാതനവും രാഷ്ട്രീയ ആയുധമാക്കി അധികാരം നേടിയെങ്കിലും ഗോമാതാവിനെ സംരക്ഷിക്കാന്‍ യാതൊരു നടപടിയുമെടുത്തില്ല. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്' -കോണ്‍ഗ്രസ് പറഞ്ഞു.
Adjust Story Font
16
