Quantcast

രാമനവമി സംഘർഷം: ഹൂ​ഗ്ലിയിൽ 50ലേറെ പേർ അറസ്റ്റിൽ; ആക്രമണത്തിന് പിന്നിൽ ബിജെപി, കലാപകാരികളെ വെറുതെ വിടില്ലെന്ന് മമത

രാമനവമി ഘോഷയാത്രയ്ക്കിടെ അക്രമം സംഘടിപ്പിച്ച് ബിജെപി രാമന്റെ നാമത്തെ അപകീർത്തിപ്പെടുത്തുകയാണെന്ന് മമത പറഞ്ഞു.

MediaOne Logo

Web Bureau

  • Published:

    4 April 2023 11:13 AM GMT

രാമനവമി സംഘർഷം: ഹൂ​ഗ്ലിയിൽ 50ലേറെ പേർ അറസ്റ്റിൽ; ആക്രമണത്തിന് പിന്നിൽ ബിജെപി, കലാപകാരികളെ വെറുതെ വിടില്ലെന്ന് മമത
X

കൊൽക്കത്ത: രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ 50ലേറെ പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. പ്രദേശത്ത് കല്ലേറ് നടത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. റിഷ്‌റ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് 12 പേരെയും ശ്രീരാംപൂർ സ്റ്റേഷനിലും റിഷ്‌റ പൊലീസ് സ്റ്റേഷനിലുമായി രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ 40ലധികം പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പെലീസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, കലാപകാരികളെ വെറുതെ വിടില്ലെന്നും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. രാമനവമി ഘോഷയാത്രയ്ക്കിടെ അക്രമം സംഘടിപ്പിച്ച് ബിജെപി രാമന്റെ നാമത്തെ അപകീർത്തിപ്പെടുത്തുകയാണെന്ന് പുർബ മേദിനിപൂർ ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് അവർ ആരോപിച്ചു.

'ഹൂഗ്ലിയിലെയും ഹൗറയിലെയും അക്രമങ്ങൾക്ക് പിന്നിൽ ബിജെപിയാണ്. ബംഗാളിൽ അക്രമം അഴിച്ചുവിടാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാടക ഗുണ്ടകളെ കൊണ്ടുവന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു. ഇത് നമ്മുടെ സംസ്‌കാരത്തിലില്ലാത്തതാണ്. ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ നിർത്തി ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുകയാണ് അവർ ചെയ്യുന്നത്. കലാപകാരികൾക്ക് മതമില്ല. അവർ രാഷ്ട്രീയ ഗുണ്ടകൾ മാത്രമാണ്. ശാന്തത പാലിക്കാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു'- മമത വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പേരെടുത്ത് പറയാതെ പരിഹസിച്ച അവർ, 'ബിഹാറിൽ പാർട്ടി അധികാരത്തിലെത്തിയാൽ കലാപകാരികളെ തലകീഴായി തൂക്കിക്കൊല്ലുമെന്ന് ബിജെപി പറഞ്ഞു, പിന്നെ എന്തുകൊണ്ട് അവർ ബംഗാളിൽ പ്രശ്‌നമുണ്ടാക്കുന്ന ഗുണ്ടകളോട് അത് ചെയ്യുന്നില്ല' എന്നും ചോദിച്ചു.

അതേസമയം, സംഘർഷമുണ്ടായ ഹൂ​ഗ്ലിയിലെ റിഷ്റ മേഖലയിൽ ​ഗവർണർ സി.വി ആനന്ദ ബോസ് സന്ദർശനം നടത്തി. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ​ഗുണ്ടകളെ നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും നിയമസംവിധാനങ്ങൾ ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

'അക്രമികളെയും ഗുണ്ടകളെയും നിയമം കൈയിലെടുക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല. ഇവർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും. ബംഗാളിലെ ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടും'- അദ്ദേഹം പറഞ്ഞു.

അതേസമയം, റിഷ്റയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ബം​ഗാൾ സർക്കാരിന് കൽക്കട്ട ഹൈക്കോടതി നിർദേശം നൽകി. വിഷയത്തിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് കോടതിയെ സമീപിച്ചത്. സംഭവത്തിൽ അനുബന്ധ സത്യവാങ്മൂലം സമർപ്പിക്കാൻ നിയമസഭാ പ്രതിപക്ഷ നേതാവ് കൂടിയായ സുവേന്ദു അധികാരിയോട് കോടതി നിർദേശിച്ചു.

റിഷ്റയിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷം ഹൗറ- ബർധമാൻ റൂട്ടിൽ ട്രെയിൻ സർവീസുകളേയും ബാധിച്ചിരുന്നു. രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഹൂഗ്ലി ജില്ലയിൽ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംഘർഷമുണ്ടായ ഹൗറയിലെ സംഭവങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സംഘർഷത്തിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു. സ്ഥിതിഗതികൾ ശാന്തമായി വരുമ്പോഴാണ് ബംഗാളിലെ ഹൂഗ്ലിയിൽ ബിജെപി നടത്തിയ ഘോഷയാത്രയിൽ സംഘർഷമുണ്ടായത്. ജില്ലയിൽ നിരോധനാജ്ഞയും ഇന്‍റര്‍നെറ്റ് വിലക്കും ഏർപ്പെടുത്തി. ബിജെപി നേതാക്കളുടെ യാത്രകളാണ് സംഘർഷത്തിന് കാരണമെന്നും തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. ബംഗാൾ രാജ്ഭവനിൽ സംഘർഷം നിരീക്ഷിക്കാൻ പ്രത്യേക മേൽനോട്ട സെല്ലും സ്ഥാപിച്ചിരുന്നു.

അതേസമയം, ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഹിന്ദു സഹോദരങ്ങൾ ഉറപ്പാക്കണമെന്ന് മമത ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സമാധാനം പുലർത്താനും അവർ ആഹ്വാനം ചെയ്തു. ഈസ്റ്റ് മെദ്‌നിപൂരിലെ കെജൂരിയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ശ്രീരാമനു വേണ്ടി സമർപ്പിക്കപ്പെട്ട രാമനവമി ആഘോഷങ്ങൾ കഴിഞ്ഞ് ദിവസങ്ങൾക്കുശേഷം എന്തിനാണ് ഘോഷയാത്ര നടത്തുന്നതെന്ന് മമത ചോദിച്ചു. നാട്ടിൽ സംഘർഷം സൃഷ്ടിക്കാനും കലാപമുണ്ടാക്കാനും ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.

ബം​ഗാളിലേത് കൂടാതെ ബിഹാറിലും രാമനവമി ആഘോഷത്തിനിടെ വൻ ആക്രമണം നടന്നിരുന്നു. ആയിരത്തോളം വരുന്ന ഹിന്ദുത്വവാദികൾ നളന്ദ ജില്ലയിലെ ബിഹാർ ഷെരീഫിലെ മുരാർപൂർ പ്രദേശത്തെ മദ്രസ തകർക്കുകയും ലൈബ്രറിക്ക് തീയിടുകയും ചെയ്തതായി മസ്ജിദിന്‍റെ ഇമാമും കാര്യസ്ഥനുമായ മുഹമ്മദ് സിയാബുദ്ദീൻ പറഞ്ഞിരുന്നു. 4,500ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള 110 വർഷം പഴക്കമുള്ള ലൈബ്രറി ആക്രമണത്തിൽ ചാരമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മസ്ജിദിന്‍റെ മിനാരവും അക്രമികൾ തകർത്തിരുന്നു.

ബിഹാർ ഷെരീഫിൽ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് 77 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു. പ്രദേശത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷമാണ് ആക്രമണം നടന്നതെന്നും രാത്രി 11 മണിയായിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്നും സിയാബുദ്ദീൻ ആരോപിച്ചു.





TAGS :

Next Story