ആസ്ത്മ മുതൽ അർബുദം വരെ; ഡൽഹിയിൽ ഒരു വർഷത്തിനിടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം മരിച്ചത് 9,000 ത്തിലധികം പേർ
മൊത്തത്തിലുള്ള മരണനിരക്കും വർദ്ധിച്ചു

- Published:
16 Jan 2026 3:47 PM IST

ന്യൂഡൽഹി: 2024ൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം മരിച്ചവരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ഡൽഹി സർക്കാർ. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024ൽ മാത്രം ഡൽഹിയിൽ 9,211 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 2023 ൽ ഇത് 8,801 ആയിരുന്നു. ക്രമാധീതമായ വർദ്ധനവാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി രേഖപ്പെടുത്തുന്നത്.
ആസ്ത്മ, ന്യുമോണിയ, ശ്വാസകോശ അർബുദം, ക്ഷയം എന്നിവയാണ് സാധാരണയായി കാണുന്ന ശ്വസന സംബന്ധമായ രോഗങ്ങൾ, ഇവ പലപ്പോഴും ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
2024ലെ മരണ കാരണങ്ങളിൽ ഏറ്റവും കൂടുതലും രക്തചംക്രമണ രോഗങ്ങളായിരുന്നു. തലസ്ഥാനത്തെ മൊത്തത്തിലുള്ള മരണനിരക്കും വർദ്ധിച്ചു. 2024ൽ ഡൽഹിയിലെ ആകെ മരണങ്ങളുടെ എണ്ണം 1,39,480 ആയി ഉയർന്നു. 2023ൽ ഇത് 1,32,391 ആയിരുന്നു. ഇതിൽ 85,391 പുരുഷന്മാരും 54,051 സ്ത്രീകളും 38 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടുന്നു.
ശിശുമരണ നിരക്കിൽ (IMR) നേരിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. 1000 ജനനങ്ങൾക്ക് 22.4 ആയിട്ടാണ് ശിശുമരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. 2023 ൽ ഇത് 23.61 ആയിരുന്നു. ഒരു വയസ്സിന് താഴെയുള്ള ശിശുക്കളുടെ മരണത്തിന്റെ കണക്കാണിത്.
ഡാറ്റ പ്രകാരം, 21,262 മരണങ്ങൾ രക്തചംക്രമണ രോഗങ്ങൾ മൂലമാണ് ഉണ്ടായത്. ശ്വാസംമുട്ടൽ, പക്ഷാഘാതം, ഹൃദയസ്തംഭനം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 2023 ൽ ഇത് 15,714 ആയിരുന്നു.
മരണങ്ങളിലെ രണ്ടാമത്തെ കാരണം പകർച്ചവ്യാധികളും പരാദ രോഗങ്ങളുമാണ്. ഇതുമൂലം മരിച്ചവരുടെ എണ്ണം 16,060 ആണ്. സാധാരണയായി ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ മൂലമുണ്ടാകുന്ന ഇവ, പലപ്പോഴും മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്നു. ഇത്തരം മരണങ്ങൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20,781 ആയി കുറഞ്ഞു. 2023ൽ 15,700 -ലധികം പേർ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിച്ചുവെന്നും പറയുന്നു.
2024 ൽ നഗരത്തിൽ ആകെ 3,06,459 ജനനങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് മുൻ വർഷത്തേക്കാൾ 8,628 കുറവാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2023ൽ 6.16 ആയിരുന്ന മരണനിരക്ക് 2024ൽ 6.37 ആയി വർദ്ധിച്ചതായി ഡാറ്റ കാണിക്കുന്നു. 2036 ആകുമ്പോഴേക്കും ഡൽഹിയിലെ ജനസംഖ്യ 2.65 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16
