Quantcast

താലിബാനെ ഭീകരവാദികളായി പ്രഖ്യാപിക്കുമോ? കേന്ദ്രത്തോട് ഉവൈസി

"സർവകക്ഷി യോഗത്തിൽ മോദി സർക്കാറിനോട് ഞാൻ ചോദിച്ചു, താലിബാൻ ഒരു ഭീകരസംഘടന ആണോ എന്ന്. ആണെങ്കിൽ, ഐക്യരാഷ്ട്രസഭയിലെ ഉപരോധ കമ്മിറ്റിയുടെ ചെയർമാൻ ഇന്ത്യയാണ്..."

MediaOne Logo

Web Desk

  • Updated:

    2021-09-07 12:52:20.0

Published:

7 Sep 2021 12:43 PM GMT

താലിബാനെ ഭീകരവാദികളായി പ്രഖ്യാപിക്കുമോ? കേന്ദ്രത്തോട് ഉവൈസി
X

അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചത് ഇന്ത്യക്ക് തിരിച്ചടിയെന്ന് ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഉവൈസി. അഫ്ഗാനിലെ സംഭവ വികാസങ്ങളിൽ പാകിസ്താനാണ് നേട്ടമുണ്ടാക്കുകയെന്നും നരേന്ദ്ര മോദി സർക്കാർ ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ഉവൈസി പത്രസമ്മേളനത്തിൽ പറഞ്ഞു.

'ഭാരതത്തിലെ നികുതിദായകരുടെ പണത്തിൽനിന്ന് 55,000 കോടി രൂപയാണ് അഫ്ഗാനിൽ ചെലവഴിച്ചത്. വാജ്‌പെയ് സർക്കാറും മൻമോഹൻ സിങ് സർക്കാറും മോദി സർക്കാറും അവിടെ പണം ചെലവഴിച്ചു. ഈ 55,000 കോടി ഉപയോഗിച്ച് നമ്മൾ അണക്കെട്ട് നിർമിച്ചു, അഫ്ഗാൻ പാർലമെന്റ് കെട്ടിടം നിർമിച്ചു, ഇറാനിൽ നിന്നുള്ള വ്യാപാരം എളുപ്പമാക്കുന്നതിനായി ഛഭാർ പോർട്ട് നിർമിച്ചു. ഇപ്പോൾ അഫ്ഗാനിൽ താലിബാൻ വന്നിരിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ ഓരോ വർഷവും നമ്മൾ 800 മുതൽ 900 വരെ അഫ്ഗാനികളെ ഇന്ത്യയിൽ കൊണ്ടുവന്ന് വിദ്യാഭ്യാസം നൽകി ഡോക്ടർമാരും എഞ്ചിനീയർമാരുമാക്കുന്നു. ഇങ്ങനെ 16,000 പേരുണ്ടാകും.' ഉവൈസി പറഞ്ഞു.

'സർവകക്ഷി യോഗത്തിൽ മോദി സർക്കാറിനോട് ഞാൻ ചോദിച്ചു, താലിബാൻ ഒരു ഭീകരസംഘടന ആണോ എന്ന്. ആണെങ്കിൽ, ഐക്യരാഷ്ട്രസഭയിലെ ഉപരോധ കമ്മിറ്റിയുടെ ചെയർമാൻ ഇന്ത്യയാണ്. താലിബാനെ ഡിലിസ്റ്റ് ചെയ്യുകയാണോ ഇപ്പോഴുള്ളതു പോലെ നിലനിർത്തുകയാണോ ചെയ്യുക? അല്ലെങ്കിൽ യു.എ.പി.എ നിയമത്തിൽ അവരെ ഭീകരവാദ ലിസ്റ്റിൽ ഉൾപ്പെടുത്തുമോ? ഈ ചോദ്യം ഞാൻ സർവകക്ഷി യോഗത്തിലും പൊതുജനമധ്യത്തിലും ചോദിച്ചു. ഇപ്പോൾ നിങ്ങളുടെ മുന്നിലും ഉന്നയിക്കുന്നു. എനിക്ക് പറയാനുള്ളത് ഇത്രയുമാണ്, അഫ്ഗാനിൽ വന്ന മാറ്റങ്ങൾ ഇന്ത്യയ്ക്ക് നല്ലതല്ല.'

'ഇന്നലത്തെ ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൽ അഫ്ഗാനിലെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഒരു അഭിമുഖമുണ്ട്. അദ്ദേഹം പറയുന്നത് ഇന്ത്യ, തങ്ങളുടെ രാജ്യത്തെ മുസ്ലിംകളെ അപരവൽക്കരിച്ചു കൊണ്ട് വലിയ അബദ്ധമാണ് ചെയ്യുന്നത് എന്നാണ്. ഇന്ത്യയിൽ മതത്തിന്റെയും ദേശീയതയുടെയും പേരിൽ നടക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. അഫ്ഗാനിലെ സി.ഐ.എയുടെ ഈ പ്രതിനിധി പറയുന്നത് സത്യമാണോ കള്ളമാണോ എന്നാണ് എനിക്ക് മോദി സർക്കാറിനോട് ചോദിക്കാനുള്ളത്. കള്ളം പറയുകയാണെങ്കിൽ അതിനെ അപലപിക്കൂ... അഫ്ഗാനിൽ നടന്നതും നടക്കാനിരിക്കുന്നതും പാകിസ്താന് ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. ഭാവിയിൽ ഇന്ത്യക്ക് വെല്ലുവിളി ഉണ്ടാകാൻ ഇത് കാരണമാകും. കേന്ദ്രസർക്കാർ ആണ് ഇക്കാര്യത്തിൽ മറുപടി പറയേണ്ടത്.'

TAGS :

Next Story