Quantcast

മുസ്‌ലിംകൾക്കെതിരായ 'പോയിന്റ് ബ്ലാങ്ക് വെടിവെപ്പ്': ഹിമന്തയ്ക്കെതിരെ പൊലീസിൽ പരാതി നൽകി ഉവൈസി

നിർഭാഗ്യവശാൽ, വംശഹത്യാപരമായ വിദ്വേഷ പ്രസംഗം ഇന്ന് സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്ന് ഉവൈസി പറഞ്ഞു.

MediaOne Logo
Owaisi lodges complaint against CM Himanta Biswa Sarma for Shooting Muslims video
X

ഹൈദരാബാദ്: മുസ്‌ലിംകൾക്കെതിരെ പ്രതീകാത്മകമായി പോയിന്റ് ബ്ലാങ്കിൽ വെടിവയ്ക്കുന്ന വീഡിയോ പങ്കുവച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ പരാതി നൽകി എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി എംപി. ഹൈദരാബാദ് പൊലീസിനാണ് ഉവൈസി പരാതി നൽകിയത്. വീഡിയോ അക്രമോത്സുകവും പ്രകോപനപരവുമാണെന്നും ഹിമന്തയ്ക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

നിർഭാഗ്യവശാൽ, വംശഹത്യാപരമായ വിദ്വേഷ പ്രസംഗം ഇന്ന് സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്ന് ഉവൈസി പറഞ്ഞു. സോഷ്യൽമീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പൊതുപരിപാടികളിലൂടെയും ഹിമന്ത ശർമ മുസ്‌ലിംകൾക്കെതിരെ വർഷങ്ങളായി നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തിവരികയാണെന്ന് പരാതിയിൽ പറയുന്നു. അത്തരം നിരവധി വിദ്വേഷ പ്രസം​ഗങ്ങൾ ഇപ്പോഴും സോഷ്യൽമീഡിയകളിൽ കാണാം.

സമീപ മാസങ്ങളിൽ, മുസ്‌ലിംകളുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാനും ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും ഇടയിൽ ശത്രുതയും വിദ്വേഷവും വളർത്താനുമുള്ള വ്യക്തവും ബോധപൂർവവുമായ ഉദ്ദേശ്യത്തോടെ, മുഖ്യമന്ത്രി മനഃപൂർവം വിദ്വേഷ പ്രസംഗങ്ങൾ കടുപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരം പരാമർശങ്ങൾ ദേശീയോദ്ഗ്രഥനത്തിന് ദോഷകരവും സാമുദായിക ഐക്യം തകർക്കുന്നതുമാണെന്ന് ഹിമന്തയ്ക്ക് കൃത്യമായി അറിയാമാമെന്നും ഉവൈസി വിശദമാക്കി.

അതേസമയം, മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പ്രസം​ഗങ്ങളിലും നീക്കങ്ങളിലും ഹിമന്തയുൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കുമെതിരെ നടപടിയാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകർ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. രൂപ് രേഖ വർമ, മുൻ ലെഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ്, ജോൺ ദയാൽ ഉൾപ്പെടെ 12 സാമൂഹിക പ്രവർത്തകരാണ് വിഷയത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹരജി സമർപ്പിച്ചത്.

ഉന്നത പദവികൾ വഹിക്കുന്ന വ്യക്തികളുടെ ഇത്തരം പരാമർശങ്ങളും പ്രവൃത്തികളും ഭരണഘടനാ ഉത്തരവാദിത്തങ്ങളുടെ ലംഘനമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാ ചുമതല വഹിക്കുന്നവർ വിദ്വേഷം വളർത്തുകയും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നത് തുടരുകയാണെന്നും ഹരജിയിൽ പറയുന്നു. ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ കോടതി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും രം​ഗത്തെത്തിയിരുന്നു.

മുസ്‌ലിംകൾക്കെതിരെ പ്രതീകാത്മകമായി പോയിന്റ് ബ്ലാങ്കിൽ വെടിവയ്ക്കുന്ന ഹിമന്ത ബിശ്വ ശർമയുടെ വീഡിയോ ആണ് അസം ബിജെപി ഔദ്യോ​ഗിക സോഷ്യൽമീഡിയ പേജിലൂടെ പങ്കുവച്ചത്. ഇതിൽ വ്യാപക പ്രതിഷേധവും വിമർശനവുമാണ് ഹിമന്തയ്ക്കും ബിജെപിക്കുമെതിരെ ഉണ്ടായത്. ഹിമന്തയുടേത് ഫാസിസത്തിന്റെ മുഖമാണെന്നും കൂട്ട ആക്രമണത്തിനും വംശഹത്യക്കുള്ള ആഹ്വാനവുമാണെന്നും കോൺ​ഗ്രസ് വിമർശിച്ചു. സംഭവത്തിൽ ഹിമന്തയ്ക്കെതിരെ കോടതി ശക്തമായ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വീഡിയോ അങ്ങേയറ്റം വെറുപ്പുളവാക്കുന്നതും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്നും കേവലം ട്രോൾ ഉള്ളടക്കമായി തള്ളിക്കളയാനാവില്ലെന്നും കോൺ​ഗ്രസ് എക്സിൽ കുറിച്ചു. മുസ്‌ലിംകളുടെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന ബിജെപി വിദ്വേഷത്തെ സാധാരണവത്കരിക്കുകയാണെന്ന് തൃണമൂൽ കോൺ​ഗ്രസ് പ്രതികരിച്ചു. ബിജെപി രക്തം തേടി അലറിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ അവർ അധികാരികളെ വെല്ലുവിളിക്കുന്നു. ഒരു ഭരണകക്ഷി മുഖ്യമന്ത്രി ക്യാമറയ്ക്ക് മുന്നിൽ പ്രതീകാത്മക വംശഹത്യ നടത്തുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ എവിടെയാണ്? വംശഹത്യാ സൂചനകൾ രാഷ്ട്രീയ സന്ദേശമായി നൽകുമ്പോൾ ദേശീയമനുഷ്യാവകാശ കമ്മീഷൻ എവിടെയാണെന്നും തൃണമൂൽ ചോദിച്ചിരുന്നു.

'പോയിന്റ് ബ്ലാങ്ക് ഷൂട്ട്' എന്ന ക്യാപ്ഷനോടെയാണ് അസം ബിജെപിയുടെ പേജിൽ വീഡിയോ പങ്കുവച്ചത്. ബംഗാളി മുസ്‌ലിംകൾക്കെതിരെ ഹിമന്തയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായായിരുന്നു വീഡിയോ. തോക്ക് പിടിച്ചുനിൽക്കുന്ന മുഖ്യമന്ത്രി എഐ വഴി നിർമിച്ച മുസ്‌ലിംകളുടെ ഫോട്ടോയ്ക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എന്നാൽ വീഡിയോ വിവാദമായതോടെ ഇത് ഡിലീറ്റ് ചെയ്തു.

TAGS :

Next Story