ട്രംപ് വെനസ്വേലൻ പ്രസിഡന്റിനെ പിടിച്ചു, മോദിക്ക് എന്തുകൊണ്ട് പാകിസ്താനിൽ പോയി ഭീകരാക്രമണ സൂത്രധാരന്മാരെ പിടിച്ചുകൂടാ...?: ഉവൈസി
മോദി, അമിത് ഷാ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരോടാണ് ഉവൈസിയുടെ ചോദ്യം.

- Updated:
2026-01-04 09:17:51.0

ഹൈദരാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ പിടികൂടാൻ കഴിയുമെങ്കിൽ 26/11 ഭീകരാക്രമണ സൂത്രധാരന്മാരെ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി. പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരോടാണ് ഉവൈസിയുടെ ചോദ്യം.
'യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈന്യം വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ പിടികൂടി അദ്ദേഹത്തിന്റെ രാജ്യത്ത് നിന്ന് അമേരിക്കയിലേക്ക് കൊണ്ടുപോയത് നമ്മൾ കണ്ടു. ട്രംപിന് തന്റെ സൈന്യത്തെ അയച്ച് വെനസ്വേലൻ പ്രസിഡന്റിനെ സ്വന്തം രാജ്യത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ കഴിയുമെങ്കിൽ, സൗദിക്ക് യെമൻ തുറമുഖങ്ങളിൽ ബോംബ് വയ്ക്കാൻ കഴിയുമെങ്കിൽ പാകിസ്താനിലേക്ക് സൈന്യത്തെ അയച്ച് 26/11 ഭീകരാക്രമണ സൂത്രധാരന്മാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ മോദിജീ നിങ്ങൾക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?'- ഉവൈസി ചോദിച്ചു.
'മസൂദ് അസ്ഹറിനെയോ ലഷ്കർ-ഇ-ത്വയ്ബയിലെ ക്രൂരനായ പിശാചിനെയോ ആകട്ടെ, 56 ഇഞ്ച് നെഞ്ചളവുള്ള മോദിജി അവരെ ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടുവരിക'- ഉവൈസി കൂട്ടിച്ചേർത്തു.
യുഎസ് സമയം ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ ഏഴിടങ്ങളിൽ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മദൂറോയെ യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയത്. പ്രസിഡന്റിന്റെ വസതിയിൽ അതിക്രമിച്ചുകയറിയ യുഎസ് സൈന്യം കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന നിക്കോളാസ് മദൂറോയെയും ഭാര്യയേയും വലിച്ചിഴച്ച് പുറത്തുകൊണ്ടുപോവുകയായിരുന്നു. കാരക്കാസിലെ അതീവ സുരക്ഷയുള്ള ഫോർട്ട് ടിയൂന സൈനിക താവളത്തിനുള്ളിലെ പ്രസിഡന്റിന്റെ വസതിയിലായിരുന്നു സംഭവം.
തുടർന്ന്, ന്യൂയോര്‍ക്ക് നഗരത്തിലേക്ക് മാറ്റിയ മദൂറോയെ, മാന്‍ഹാറ്റന്റെ പടിഞ്ഞാറന്‍ ഭാഗത്തെ യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി ആസ്ഥാനത്തെത്തിക്കുകയും ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയും ചെയ്തു. അമേരിക്കൻ സൈന്യത്തിന്റെ എലൈറ്റ് വിഭാഗമായ ഡെൽറ്റ ഫോഴ്‌സ്, എഫ്ബിഐയുടെ പിന്തുണയോടെയാണ് ഏകപക്ഷീയ ആക്രമണം നടത്തിയത്.
Adjust Story Font
16
