Quantcast

'ആര്‍എസ്എസിന് 2500 സംഘടനകളുണ്ട്, ഇപ്പോള്‍ 2501 ആയി'; അണ്ണാമലൈക്ക് രൂക്ഷ വിമര്‍ശനവുമായി പി. ഷണ്മുഖം

അണ്ണാമലൈയുടെ സംഘടന മോദിയുടെയും അമിത് ഷായുടെയും ആശീര്‍വാദത്തോടെ നടപ്പാക്കുന്ന ബിജെപിയുടെ പുതിയ തന്ത്രമാണെന്ന് സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി

MediaOne Logo
P Shanmugham criticize K Annamalai movement
X

ചെന്നൈ: ബിജെപിയില്‍ നിന്ന് രാജിവെച്ച് പുതിയ സംഘടന രൂപീകരിച്ച കെ. അണ്ണാമലൈക്ക് രൂക്ഷ വിമര്‍ശനവുമായി സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം. അണ്ണാമലൈയുടെ സംഘടന മോദിയുടെയും അമിത് ഷായുടെയും ആശീര്‍വാദത്തോടെ നടപ്പാക്കുന്ന ബിജെപിയുടെ പുതിയ തന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

'അണ്ണാമലൈയുടെ സംഘടന തമിഴ്‌നാട്ടിലെ ബിജെപിയുടെ പുതിയ തന്ത്രമാണ്. ആര്‍എസ്എസിന് 2500 സംഘടനകളുണ്ട്. അണ്ണാമലൈയുടെ സംഘടന കൂടിയായതോടെ അത് 2501 ആയി. അത്രയേയുള്ളൂ. ബിജെപിക്ക് ഇതുവരെ തമിഴ് ജനതയ്ക്കുള്ളില്‍ വേരുറപ്പിക്കാനായിട്ടില്ല. പേര് മാറ്റി ബിസിനസ് വിജയിപ്പിക്കാനാകുമോയെന്നാണ് മോദിയുടെയും അമിത് ഷായുടെയും ആശീര്‍വാദത്തോടെ അണ്ണാമലൈ ശ്രമിക്കുന്നത്. ആദ്യത്തെ രണ്ട് മണിക്കൂറില്‍ രണ്ടരലക്ഷം പേര്‍ അംഗങ്ങളായെന്നാണ് പറയുന്നത്. അതെല്ലാം ബിജെപി അനുഭാവികളാണ്. അണ്ണാമലൈ ഒരു മാരീചവേഷം കെട്ടുകയാണെന്ന് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് നല്ലപോലെ അറിയാം' -പി. ഷണ്മുഖം പറഞ്ഞു.

ബിജെപിയില്‍ നിന്ന് രാജിവെച്ച് പുതിയ പ്രസ്ഥാനം ആരംഭിക്കുകയാണെന്ന് വെള്ളിയാഴ്ചയാണ് അണ്ണാമലൈ പ്രഖ്യാപിച്ചത്. മണിക്കൂറുകള്‍ക്കകം രണ്ടരലക്ഷം പേര്‍ അംഗങ്ങളായെന്നും അവകാശപ്പെട്ടിരുന്നു. സാധാരണക്കാരന്റെ രാഷ്ട്രീയം കെട്ടിപ്പടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് അണ്ണാമലൈ പ്രഖ്യാപിച്ചതെങ്കിലും ആര്‍എസ്എസിന്റെ ലക്ഷ്യത്തിന് വേണ്ടിയാണ് അണ്ണാമലൈ പ്രവര്‍ത്തിക്കുന്നതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം തികയുന്ന വേളയിലാണ് അണ്ണാമലൈ പുതിയ സംഘടനയുമായെത്തിയത്. ആകെയുള്ള 234 സീറ്റുകളില്‍ വെറും ഒരു സീറ്റ് മാത്രമാണ് ഇത്തവണ ബിജെപിക്ക് സംസ്ഥാനത്ത് നേടാനായത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അണ്ണാമലൈക്ക് ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അണ്ണാമലൈ നടത്തിവരുന്ന 'വി ദി ലീഡേഴ്‌സ്' കൂട്ടായ്മയാണ് പുതിയ സംഘടനയായി മാറിയത്. 14 ലക്ഷത്തിലേറെ പേര്‍ സംഘടനയില്‍ അംഗങ്ങളായെന്നാണ് ഇവരുടെ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്.

TAGS :

Next Story