Quantcast

'സിറിഞ്ചുകൾ വലിച്ചെറിയുന്നു, വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുന്നില്ല'; പാട്ടുപാടി ചിരിപ്പിച്ച് കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ എടുക്കുന്ന 'റീൽ ഡോക്ടര്‍ക്ക്' വിമര്‍ശനം

മാതാപിതാക്കളുടെ സമ്മതത്തോടെയാണോ ഇത്തരം റീലുകൾ എടുക്കുന്നതെന്നും സുരക്ഷാനടപടികൾ പാലിച്ചിട്ടുണ്ടോ എന്നും ചോദിച്ചു

MediaOne Logo

Web Desk

  • Published:

    22 Nov 2025 8:59 AM IST

സിറിഞ്ചുകൾ വലിച്ചെറിയുന്നു, വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുന്നില്ല; പാട്ടുപാടി ചിരിപ്പിച്ച് കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ എടുക്കുന്ന റീൽ ഡോക്ടര്‍ക്ക് വിമര്‍ശനം
X

അഹമ്മദാബാദ്: പാട്ടുംപാടി കുഞ്ഞുങ്ങൾ അറിയാതെ അവര്‍ക്ക് വാക്സിനേഷൻ എടുക്കുന്ന 'റീൽ ഡോക്ടറെ' പരിചയമില്ലാത്തവര്‍ ചുരുക്കമായിരിക്കും. അഹമ്മാദാബാദിലെ ഏഷ്യൻ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യനായ ഡോ.ഇമ്രാൻ എസ്.പട്ടേലിന്‍റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഇമ്രാന്‍റെ കുഞ്ഞുങ്ങൾക്കൊപ്പമുള്ള വീഡിയോകൾ കാണാൻ തന്നെ രസമാണ്. കുത്തിവെപ്പ് എടുക്കുമ്പോൾ ഡോക്ടര്‍ പാട്ട് പാടുന്നതും മേശയിൽ തട്ടുന്നതും കുഞ്ഞുങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി കുഞ്ഞുകുഞ്ഞു വികൃതികൾ കാണിക്കുന്നതും കാണാം. കുത്തിവെപ്പ് എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് തുടക്കത്തിൽ കരുതിയിരുന്നെങ്കിലും നിരവധി ആരോഗ്യ വിദഗ്ധരും രക്ഷിതാക്കളും ആശങ്കകൾ ഉന്നയിച്ചു.

പട്ടേൽ ഉപയോഗിച്ച സിറിഞ്ചുകൾ അനുചിതമായി സംസ്കരിക്കുന്നതും മെഡിക്കൽ വേസ്റ്റ് ഇടുന്ന പാത്രങ്ങളിൽ നിക്ഷേപിക്കുന്നതിനുപകരം മാറ്റിവയ്ക്കുകയുമാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി. ഇത്തരം വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് മെഡിക്കൽ പ്രോട്ടോകോൾ ലംഘനമാണെന്നും ഇത് അപകടകരമായ മാതൃകയാണ് സൃഷ്ടിക്കുന്നതെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ''ഞങ്ങളുടെ കുട്ടിയെ നിങ്ങളുടെ റീലിനുള്ള ഉള്ളടക്കമാകാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്‍റെ സിറിഞ്ച് നിർമാർജന രീതികൾ ആശങ്കയുയര്‍ത്തുന്നു''ഒരാൾ ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ സമ്മതത്തോടെയാണോ ഇത്തരം റീലുകൾ എടുക്കുന്നതെന്നും സുരക്ഷാനടപടികൾ പാലിച്ചിട്ടുണ്ടോ എന്നും ചോദിച്ചു.

TAGS :

Next Story