Quantcast

ആകാശച്ചുഴിയിൽ പെട്ട ഇൻഡിഗോ വിമാനത്തിന് പാകിസ്താൻ വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ചു; റിപ്പോര്‍ട്ട്

ബുധനാഴ്ച ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പറന്ന ഇൻഡിഗോയുടെ 6E 2142 വിമാനം പിന്നീട് സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    23 May 2025 8:09 AM IST

IndiGo
X

ഡല്‍ഹി: ആലിപ്പഴ വർഷത്തിന് പിന്നാലെ ആകാശച്ചുഴിയിൽ പെട്ട ഡല്‍ഹി- ശ്രീനഗര്‍ വിമാനത്തിന്‍റെ പൈലറ്റ് പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുമതി തേടിയിരുന്നതായി റിപ്പോര്‍ട്ട്. എന്നാൽ ഇൻഡിഗോ പൈലറ്റിന്‍റെ അഭ്യര്‍ഥന പാകിസ്താൻ നിരസിച്ചുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പറന്ന ഇൻഡിഗോയുടെ 6E 2142 വിമാനം പിന്നീട് സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തിയിരുന്നു.

227 യാത്രക്കാരുമായി പറന്ന വിമാനം ആകാശച്ചുഴിയിൽ പെട്ട് ആടിയുലഞ്ഞിരുന്നു. പരിഭ്രാന്തരായ യാത്രക്കാർ നിലവിളിക്കുകയും കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഞ്ച് ടിഎംസി (തൃണമൂൽ കോൺഗ്രസ്) എംപിമാരും വിമാനത്തിൽ ഉണ്ടായിരുന്നു. അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ വിമാനം ഒടുവിൽ ശ്രീനഗർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.

ബുധനാഴ്ച അമൃത്സറിന് മുകളിലൂടെ പറക്കുമ്പോഴാണ് സംഭവം. അപകടം ഒഴിവാക്കാൻ പാകിസ്താൻ വ്യോമാതിർത്തി ഉപയോഗിക്കാൻ ലാഹോർ എയർ ട്രാഫിക് കൺട്രോളിൽ (എടിസി) അനുമതി ചോദിച്ചു. എന്നാൽ ലാഹോര്‍ എടിസി ഇത് നിരസിച്ചു. ഇതുമൂലം വിമാനത്തിന് അതേ റൂട്ടിൽ തന്നെ തുടരേണ്ടിവന്നു.തങ്ങളുടെ വിമാനത്തിന് യാത്രാമധ്യേ പെട്ടെന്ന് ആലിപ്പഴ വർഷവും മോശം കാലാവസ്ഥയും നേരിട്ടതായി ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചിരുന്നു.

അതേസമയം ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കുകയാണ് ഇന്ത്യ. അതിർത്തികടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക്‌ പാകിസ്താൻ നൽകുന്ന പിന്തുണ മറ്റ് രാജ്യങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന്‍റെ ലക്ഷ്യം.ബൈ ജയന്ത് പാണ്ഡെ നയിക്കുന്ന സംഘം ഇന്ന് ബഹ്റൈനിലേക്ക് പുറപ്പെടും. 7 സർവ്വകക്ഷി പ്രതിനിധി സംഘങ്ങളാണ് വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നത്. യുഎഇയിൽ എത്തിയ ഇന്ത്യൻ പ്രതിനിധിസംഘം സഹിഷ്ണുതാ മന്ത്രി നഹ് യാൻ ബിൻ മുബാറകുമായി കൂടിക്കാഴ്ച നടത്തി.

യുഎഇ ഫെഡറൽ നാഷണൽ കൗൺസിലിലെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി ചെയർമാൻ,നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ തുടങ്ങിയവരുമായി സംഘം ചർച്ചകൾ നടത്തി ജെഡിയു എംപി സഞ്ജയ് കുമാർ ഝായുടെ നേതൃത്വത്തിൽ ജപ്പാനിൽ എത്തിയ സംഘം ജാപ്പനീസ് വിദേശ കാര്യ മന്ത്രി തകേഷി ഇവായുമായി കൂടിക്കാഴ്ച നടത്തി. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ പിന്തുണയാണ് ജപ്പാൻ ഉറപ്പു നൽകുന്നത്. ശശി തരൂർ എംപി നയിക്കുന്ന യുഎന്‍ സംഘം നാളെയാണ് അമേരിക്കയ്ക്ക് പുറപ്പെടുക.

TAGS :

Next Story