Quantcast

എക്സിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ലൈംഗിക ഡീപ്ഫേക്ക് ഉള്ളടക്കവും: മസ്കിന് സമൻസ് അയച്ച് പാരീസ് പ്രോസിക്യൂട്ടർ

പാരീസിലെ ഓഫീസിൽ ഏപ്രിൽ 20ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് ആവശ്യം.

MediaOne Logo
എക്സിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ലൈംഗിക ഡീപ്ഫേക്ക് ഉള്ളടക്കവും: മസ്കിന് സമൻസ് അയച്ച് പാരീസ് പ്രോസിക്യൂട്ടർ
X

പാരീസ്: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കുന്നതിൽ പങ്കാളിയാകലും ലൈംഗിക ഡീപ്ഫേക്കുകൾ പ്രചരിപ്പിക്കലും ഹോളോകോസ്റ്റ് നിഷേധവും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി എക്സ് ഉടമ ഇലോൺ മസ്‌കിന് സമൻസ്. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് പാരീസ് പബ്ലിക് പ്രോസിക്യൂട്ടറാണ് സമൻസ് അയച്ചത്.

പാരീസിലെ ഓഫീസിൽ ഏപ്രിൽ 20ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് ആവശ്യം. ചൊവ്വാഴ്ച പുലർച്ചെ ഫ്രഞ്ച് തലസ്ഥാനത്തെ എക്‌സിന്റെ ഓഫീസുകളിൽ പരിശോധന നടത്തിയ ശേഷമായിരുന്നു സമൻസ് അയച്ചത്. ഫ്രഞ്ച് പൊലീസിന്റെ സൈബർ ക്രൈം യൂണിറ്റിന്റെയും യൂറോപോളിന്റേയും പങ്കാളിത്തത്തോടെ പ്രോസിക്യൂട്ടർ സൈബർ ക്രൈം യൂണിറ്റാണ് പരിശോധന നടത്തിയത്. മസ്കിനെ കൂടാതെ എക്സ് മുൻ സിഇഒ ലിൻഡ യാകാരിയോയ്ക്കും സമൻസ് അയച്ചിട്ടുണ്ട്. എക്സിൽ ഫ്രഞ്ച് നിയമങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചകൾ സംബന്ധിച്ച് ഉത്തരം തേടുകയാണ് ലക്ഷ്യം.

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കലിലും വിതരണത്തിലും പങ്കാളിത്തം വഹിക്കുക, ലൈം​ഗിക ഡീപ്ഫേക്കുകൾ സൃഷ്ടിക്കുന്നതിലൂടെ വ്യക്തിപരമായ അവകാശങ്ങളുടെ ലം​ഘനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ നിഷേധം, ഒരു സംഘടിത സംഘത്തിന്റെ ഭാഗമായി ഓട്ടോമേറ്റഡ് പ്രോസസിങ് സിസ്റ്റത്തിൽ നിന്ന് നിയമവിരുദ്ധമായി ഡാറ്റ ശേഖരിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷിക്കുന്നത്.

നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ പ്രചാരണവും മറ്റ് ഓൺലൈൻ ക്രിമിനൽ പ്രവർത്തനങ്ങളും ഉൾപ്പെടെ എക്സിന്റെ പ്രവർത്തനവും ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങൾ അന്വേഷണത്തിൽ ഉൾപ്പെടുന്നതായി യൂറോപ്യൻ യൂണിയന്റെ നിയമ നിർവഹണ ഏജൻസിയായ യൂറോപോൾ പ്രസ്താവനയിൽ അറിയിച്ചു.‌ അതേസമയം, റെയ്ഡും സമൻസും സംബന്ധിച്ച് പ്രതികരിക്കാൻ എക്സ് തയാറായില്ല.

എന്നാൽ നടപടികളിൽ പ്രതികരണവുമായി എക്സിന്റെ ആഗോള ഗവൺമെന്റ് അഫയേഴ്‌സ് അക്കൗണ്ട് രം​ഗത്തെത്തി. ഈ നടപടികളിൽ തങ്ങൾ നിരാശരാണെന്നും പക്ഷേ അതിൽ അതിശയമില്ലെന്നും അവർ പറ‍ഞ്ഞു. റെയ്ഡ് നടപടികൾ പാരീസ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യാപകമായി പ്രചരിപ്പിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ആവിഷ്കരിച്ച അപമാനകരമായ നടപടിയാണിതെന്നും അവർ ആരോപിച്ചു.

പ്രോസിക്യൂട്ടറുടെ നടപടി രാഷ്ട്രീയ ആക്രമണം ആണെന്നായിരുന്നു ഗവൺമെന്റ് അഫയേഴ്‌സ് അക്കൗണ്ട് പങ്കുവച്ച് മസ്ക് കുറിച്ചത്. അതേസമയം, തങ്ങളുടെ എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയാണെന്നും പകരം ലിങ്ക്ഡ് ഇൻ വഴിയും ഇൻസ്റ്റ​ഗ്രാം വഴിയുമാണ് ഇനി ആശയവിനിമയം നടത്തുകയെന്നും പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.

TAGS :

Next Story