ചൂട് സഹിക്കാൻ വയ്യേ...; നോൺ എസി കോച്ചിൽ കൂളര്‍ ഘടിപ്പിച്ച് യാത്രക്കാരന്‍റെ ട്രെയിൻ യാത്ര; വൈറലായി വീഡിയോ, വിമര്‍ശനം
ഒരാൾ ട്രെയിനിലെ അപ്പര്‍ ബര്‍ത്തിൽ കിടന്നുറങ്ങുന്നതാണ് വീഡിയോയിലുള്ളത്

- Updated:
2026-02-25 07:00:04.0

ഡൽഹി: ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനൽക്കാലത്തെ യാത്രകൾ അത്ര സുഖമുള്ള കാര്യമല്ല. അത് ബസ് ആയാലും ട്രെയിൻ ആയാലും. കൈയിൽ പണമുള്ളവര്‍ എസി കോച്ചുകളെ ആശ്രയിക്കുമ്പോൾ കടുത്ത ചൂടും സഹിച്ച് യാത്ര ചെയ്യാനേ സാധാരണക്കാര്‍ക്ക് നിവൃത്തിയുള്ളൂ. ഇതിനിടയിൽ ജനറൽ നോൺ എസി കോച്ചിൽ എയര്‍ കൂളര്‍ ഘടിപ്പിച്ച് യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിലര്‍ യാത്രക്കാരന്‍റെ ധൈര്യത്തെയും ബുദ്ധിയെയും പ്രശംസിച്ചപ്പോൾ മറ്റുള്ളവര്‍ ഇത് സൃഷ്ടിക്കുന്ന അപകടത്തെ ചൂണ്ടിക്കാട്ടി.
@gharkekalesh എന്ന യാത്രക്കാരൻ X-ൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഒരാൾ ട്രെയിനിലെ അപ്പര്‍ ബര്‍ത്തിൽ കിടന്നുറങ്ങുന്നതാണ് വീഡിയോയിലുള്ളത്. സീറ്റിനടുത്തായി ചെറിയൊരു പോര്‍ട്ടബിൾ കൂളറും സ്ഥാപിച്ചിട്ടുണ്ട്. കൂളറിൽ നിന്നുള്ള തണുത്ത കാറ്റുമേറ്റ് സുഖമായി കിടന്നുറങ്ങുകയാണ് യാത്രക്കാരൻ. ഈ പോർട്ടബിൾ കൂളർ കോച്ചിന്റെ പവർ സോക്കറ്റിലാണ് പ്ലഗ് ചെയ്തിരിക്കുന്നത്. യാത്രക്കാരന്‍റെ നൂതനമായ 'ട്രാവൽ കൂളർ' ചിലർക്ക് ഇഷ്ടപ്പെട്ടു. ചിലർ ഇതിനെ യാത്രക്കാരന്‍റെ ബുദ്ധിപരമായ നീക്കമായി പുകഴ്ത്തിയപ്പോൾ, വലിയൊരു വിഭാഗം ആളുകൾ ഇതിലെ അപകടസാധ്യതകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
ട്രെയിൻ യാത്രയിൽ ഇത്തരത്തിൽ കൂളറുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കാം. ട്രെയിനിലെ ചാർജിങ് സോക്കറ്റുകൾ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ ചാർജ് ചെയ്യാൻ മാത്രമുള്ള കുറഞ്ഞ വോൾട്ടേജ് (Low Wattage) കണക്ഷനുകളാണ്. കൂളർ പോലുള്ള വലിയ ഉപകരണങ്ങൾ ഇതിൽ പ്രവർത്തിപ്പിക്കുന്നത് വയറിംഗ് ഓവർലോഡ് ആകാനും തീപിടിത്തമുണ്ടാകാനും കാരണമായേക്കാം.
കൂളറിൽ നിന്ന് പുറത്തേക്ക് വരുന്ന വെള്ളം തെറിക്കുന്നതും ശബ്ദവും മറ്റ് യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാക്കാം. റെയിൽവേ നിയമപ്രകാരം ട്രെയിനിനുള്ളിൽ അനുമതിയില്ലാത്ത വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഇത് പൊതുമുതൽ നശിപ്പിക്കുന്നതിനും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നതിനും തുല്യമാണ്.
ഇന്ത്യൻ റെയിൽവേയുടെ നിയമപ്രകാരം ചാർജിംഗ് പോയിന്‍റുകൾ രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ഓഫ് ചെയ്യാറുണ്ട്. കൂടാതെ, ചാർജിംഗ് പോയിന്റുകളിൽ ഹീറ്ററുകൾ, ഇൻഡക്ഷൻ കുക്കറുകൾ, കൂളറുകൾ തുടങ്ങിയവ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. യാത്രയിലെ ഇത്തരം 'ബുദ്ധിപരമായ' നീക്കങ്ങൾ ചിലപ്പോൾ വലിയ ദുരന്തങ്ങൾക്ക് വഴിവെച്ചേക്കാം എന്നതാണ് അധികൃതരുടെ മുന്നറിയിപ്പ്.
Adjust Story Font
16
