Quantcast

പ്രശ്നങ്ങൾ കേൾക്കാൻ 250, ഒന്നിച്ച് കരയാൻ 1000 രൂപ; സങ്കടങ്ങൾ കേൾക്കൽ ബിസിനസാക്കി യുവാവ്, വൈറൽ വീഡിയോ

പേടിഎം സ്ഥാപകൻ വിജയ് ശേഖര്‍ ശര്‍മയാണ് വീഡിയോ എക്സിൽ പങ്കുവച്ചത്

MediaOne Logo
പ്രശ്നങ്ങൾ കേൾക്കാൻ 250, ഒന്നിച്ച് കരയാൻ 1000 രൂപ; സങ്കടങ്ങൾ കേൾക്കൽ ബിസിനസാക്കി യുവാവ്, വൈറൽ വീഡിയോ
X

മുംബൈ: തിരക്ക് പിടിച്ച ഈ ലോകത്ത് അടുത്തിരിക്കുന്ന ആളെ ഒന്നു നോക്കാൻ പോലും സമയമില്ലാത്ത കാലത്ത് സഹജീവികളുടെ സങ്കടങ്ങൾ കേൾക്കാൻ ആര്‍ക്കാണ് നേരമല്ലേ?. ഒറ്റക്കാവുമ്പോൾ ആരെങ്കിലും ഒന്ന് മിണ്ടിയിരുന്നെങ്കിൽ ഒന്നു കേട്ടിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. ആളുകളെ കേട്ടിരിക്കുന്നത് ചെറിയ കാര്യമല്ലെന്ന് നമ്മൾ പറയാറില്ലേ..എന്നാൽ ആ കേട്ടിരിക്കൽ ഒരു ബിസിനസാക്കി മാറ്റിയിരിക്കുകയാണ് പൃഥ്വി രാജ് ബോറ എന്ന മുംബൈക്കാരൻ. മുംബൈ കടൽത്തീരത്ത് ആളുകളുടെ സങ്കടങ്ങൾ കേൾക്കാൻ വ്യത്യസ്തമായൊരു 'ബിസിനസ് മോഡൽ' ആരംഭിച്ച പൃഥിയുടെ കഥ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

പേടിഎം സ്ഥാപകൻ വിജയ് ശേഖര്‍ ശര്‍മയാണ് വീഡിയോ എക്സിൽ പങ്കുവച്ചത്. ഈ യുവാവ് എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പോലും കഴിയില്ല" എന്ന അടിക്കുറിപ്പോടെയാണ് ശർമ വീഡിയോ പങ്കുവെച്ചത്. വഴിയാത്രക്കാരെ അവരുടെ പ്രശ്നങ്ങൾ പങ്കുവെക്കാൻ ക്ഷണിക്കുന്ന ഒരു പ്ലക്കാർഡിന് സമീപം ഇരിക്കുന്ന പൃഥ്വിയെയാണ് വീഡിയോയിൽ കാണുന്നത്. വെറുതെ സങ്കടങ്ങൾ കേൾക്കാനൊന്നും പൃഥിയെ കിട്ടില്ല, കൃത്യമായ ഫീസ് അടച്ചാൽ മാത്രമേ ഈ സേവനമുണ്ടാകൂ. നിസ്സാരമായ ദൈനംദിന പ്രശ്നങ്ങൾ കേൾക്കാൻ 250 രൂപയും കുറച്ചുകൂടി ഗൗരവമേറിയ സങ്കടങ്ങളും ആശങ്കകളും പങ്കുവെക്കാൻ 500 ഉം ഒരുമിച്ച് ഇരുന്ന് കരയാൻ 1000 രൂപയുമാണ് യുവാവ് ഈടാക്കുന്നത്.

ആളുകൾ തന്‍റെ അടുക്കൽ വരുന്നത് സ്വന്തം ഭാരങ്ങൾ ഇറക്കിവെക്കാനാണെന്ന് പൃഥ്വി വിശദീകരിക്കുന്നു. യാതൊരു മുൻവിധിയും കൂടാതെ പൃഥ്വി ആളുകളുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുന്നു. ചിലര്‍ക്ക് വലിയ ആശ്വാസം ലഭിക്കാറുണ്ടെന്നാണ് ബീച്ചിലെത്തുന്നവര്‍ പറയുന്നത്. സൈക്കോളജിയിലും തത്വചിന്തയിലുമുള്ള തന്‍റെ അറിവ് ആളുകളെ കേൾക്കാൻ മാത്രമല്ല, ആവശ്യമെങ്കിൽ അവർക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകാനും സഹായിക്കുന്നുണ്ടെന്ന് പൃഥ്വി രാജ് വ്യക്തമാക്കുന്നു. മുൻവിധികളില്ലാതെ തങ്ങളുടെ കാര്യങ്ങൾ കേൾക്കാൻ ഒരാളെ കിട്ടുന്നതിൽ വലിയൊരു വിഭാഗം ആളുകൾ സന്തോഷം പ്രകടിപ്പിക്കുന്നുണ്ടെന്നും ഇതിന് ആവശ്യക്കാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി പേരാണ് വീഡിയോക്ക് താഴെ പ്രതികരണങ്ങളുമായി എത്തിയത്. സർഗാത്മകവും ഹൃദയസ്പർശിയുമായ ആശയമെന്നാണ് നെറ്റിസൺസ് ഇതിനെ വിശേഷിപ്പിച്ചത്. ബീച്ച് സൈഡ് തെറാപ്പിസ്റ്റ് എന്നാണ് ചിലര്‍ പൃഥ്വിയെ വിളിച്ചത്.

TAGS :

Next Story