Quantcast

കർണാടകയില്‍ കുരങ്ങുകള്‍ക്കും കടുവകള്‍ക്കും പിന്നാലെ 20 മയിലുകളെ ചത്തനിലയില്‍ കണ്ടെത്തി; ദുരൂഹത,അന്വേഷണം ആരംഭിച്ച് അധികൃതര്‍

മയിലുകളുടെ ജഡങ്ങള്‍ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    4 Aug 2025 3:31 PM IST

കർണാടകയില്‍ കുരങ്ങുകള്‍ക്കും കടുവകള്‍ക്കും പിന്നാലെ 20 മയിലുകളെ ചത്തനിലയില്‍ കണ്ടെത്തി; ദുരൂഹത,അന്വേഷണം ആരംഭിച്ച് അധികൃതര്‍
X

representative image

ബംഗളൂരു: കർണാടകയിലെ ഹനുമന്തപുര ഗ്രാമത്തിൽ 20 മയിലുകളെ ദുരൂഹ സാഹചര്യത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി. ഗ്രാമത്തിലൂടെ ഒഴുകുന്ന അരുവിയോട് ചേര്‍ന്ന് കിടക്കുന്ന കൃഷിയിടങ്ങളിലാണ് മയിലുകളെ ചത്തനിലയില്‍ കണ്ടെത്തിയത്. മൂന്ന് ആണ്‍മയിലുകളും 17പെണ്‍മയിലുകളുമാണ് ചത്തതെന്ന് കര്‍ഷകര്‍ പറയുന്നു. അതേസമയം, മയിലുകളുടെ മരണകാരണം അജ്ഞാതമാണെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നു. കര്‍ഷകന്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മയിലുകളുടെ ജഡങ്ങള്‍ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ലാബ് ഫലങ്ങൾ വന്നതിനുശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ വന്യ ജീവികള്‍ കൂട്ടത്തോടെ ചാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജൂണിൽ മാലെ മഹാദേശ്വര കുന്നുകൾ വന്യജീവി സങ്കേതത്തിൽ ഒരു കടുവയും നാല് കുഞ്ഞുങ്ങളും വിഷബാധയേറ്റ് ചത്തിരുന്നു.ഇതിന് പിന്നാലെ ജൂലൈ ആദ്യവാരം ചാമരാജനഗർ ജില്ലയിൽ 20 കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

വിഷം കലര്‍ന്ന പശുവിന്‍റെ ജഡം ഭക്ഷിച്ചതിനാലാണ് കടുവയും കുഞ്ഞുങ്ങളും ചത്തതെന്ന് വനം ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹൂഗ്യം പരിധിയിലുള്ള മീന്യം വനമേഖലയിലാണ് കടുവകളുടെ ജഡം കണ്ടത്. കന്നുകാലികളെ ആക്രമിച്ച് കൊലപ്പെടുത്തുന്നതിന് പ്രതികാരമായി ഗ്രാമവാസികള്‍ വിഷം വെച്ച് കൊന്നതാകാമെന്നാണ് സംശയിക്കുന്നത്. കുരുങ്ങുകളും വിഷബാധയേറ്റാണ് ചത്തതെന്നാണ് കരുതുന്നത്. ഈ കേസുകള്‍ ഇപ്പോഴും അധികൃതര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വന്യജീവികളുടെ മരണനിരക്ക് വനം വകുപ്പിനെയും മൃഗസ്‌നേഹികളെയും ആശങ്കപ്പെടുത്തുന്നുണ്ട്. വനപ്രദേശങ്ങളിൽ നിരീക്ഷണവും പ്രതിരോധ നടപടികളും ശക്തമാക്കണമെന്ന് മൃഗസ്നേഹികളുടെ സംഘടന സംസ്ഥാന സർക്കാരിനോടും വനം വകുപ്പിനോടും ആവശ്യപ്പെട്ടു.

TAGS :

Next Story