പേരറിവാളന്‍ വീണ്ടും കോടതിയിലെത്തും, അഭിഭാഷകനായി
തമിഴ്‌നാട്-പുതുച്ചേരി ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എൻറോൾ ചെയ്തു

- Published:
28 April 2026 7:54 AM IST

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെടുകയും പിന്നീട് സുപ്രിം കോടതിയുടെ പ്രത്യേക ഇടപെടലിലൂടെ വിട്ടയക്കപ്പെടുകയും ചെയ്ത എ.ജി പേരറിവാളന്‍ അഭിഭാഷകനായി എൻറോൾ ചെയ്തു. തമിഴ്‌നാട്-പുതുച്ചേരി ബാര്‍ കൗണ്‍സിലിലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കും. 2022ല്‍ ജയില്‍ മോചിതനായ ശേഷം പേരറിവാളന്‍ നിയമപഠനം പൂര്‍ത്തിയാക്കിയിരുന്നു.
2025ല്‍ ബംഗളൂരുവിലെ ഡോ. ബി.ആര്‍ അംബേദ്കര്‍ ലോ കോളജില്‍ നിന്നാണ് പേരറിവാളന്‍ എല്‍എല്‍ബി ബിരുദം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അതേ വര്‍ഷം തന്നെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിന് ആവശ്യമായ ഓള്‍ ഇന്ത്യ ബാര്‍ എക്‌സാമിനേഷന്‍ വിജയിച്ചു. ജയിലിലായിരുന്ന കാലയളവില്‍ എംസിഎ ബിരുദവും നേടിയിരുന്നു.
30 വര്‍ഷം നീണ്ട തന്റെ നിയമപോരാട്ടങ്ങളാണ് നിയമപഠനത്തിന് പ്രേരിപ്പിച്ചതെന്ന് അഭിഭാഷകനായി എൻറോൾ ചെയ്ത ശേഷം പേരറിവാളന്‍ പ്രതികരിച്ചു. മനുഷ്യാവകാശ സംരക്ഷണം, വധശിക്ഷക്കെതിരെയുളള പോരാട്ടം എന്നിവയിലായിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
1991 മേയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുണ്ടായ സ്‌ഫോടനത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ 19കാരനായ പേരറിവാളന്‍ ഉള്‍പ്പെടെ നിരവധി പ്രതികള്‍ അറസ്റ്റിലായി. അന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയിരിക്കുകയായിരുന്നു പേരറിവാളന്‍. ബോംബ് പൊട്ടിക്കാന്‍ ആവശ്യമായ ബാറ്ററി വാങ്ങി നല്‍കി എന്നതായിരുന്നു പേരറിവാളന് മേല്‍ ആരോപിക്കപ്പെട്ട കുറ്റം. നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 2022 മേയ് 18നാണ് സുപ്രിം കോടതി പേരറിവാളനെ മോചിപ്പിച്ചത്.
30 വര്‍ഷത്തിലധികം ജയില്‍വാസം അനുഭവിച്ച പേരറിവാളനെ, ഭരണഘടനയുടെ 142-ാം അനുച്ഛേദം നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിട്ടയച്ചത്. ആദ്യം വധശിക്ഷക്ക് വിധിക്കപ്പെട്ട കേസില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ വിടുതല്‍ ശിപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാന്‍ വൈകിയത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഈ നടപടി സ്വീകരിച്ചത്. മകന്റെ മോചനത്തിനായി പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാള്‍ നടത്തിയ നിയമപോരാട്ടവും ശ്രദ്ധേയമായിരുന്നു.
Adjust Story Font
16
