രാഹുൽ ഗാന്ധിയെ തടഞ്ഞ് ബിഹാര്‍ പൊലീസ്; നടപടി വിദ്യാർഥികളുമായി സംവദിക്കാനെത്തിയപ്പോള്‍
ദര്‍ഭംഗയിലെ അംബേദ്കർ ഹോസ്റ്റലിലാണ് ന്യായ് സംവാദ് എന്ന പേരില്‍ പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്

പറ്റ്ന: രാഹുൽ ഗാന്ധിയെ തടഞ്ഞ് ബിഹാർ പൊലീസ്. കോൺഗ്രസിന്റെ ന്യായ് സംവാദ് പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുമായി സംവദിക്കാൻ എത്തിയപ്പോഴാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുലിനെ പൊലീസ് തടഞ്ഞത്.
ദര്‍ഭംഗയിലെ അംബേദ്കർ ഹോസ്റ്റലിലാണ് ന്യായ് സംവാദ് എന്ന പേരില്‍ പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു ദലിത് വിദ്യാർഥികളുമായിട്ടുള്ള സംവാദം.
അതേസമയം ഭരണകൂടം തടയാൻ ശ്രമിച്ചിട്ടും രാഹുൽ ഗാന്ധി ദർഭംഗയിലെ വേദിയിലേക്ക് എത്തി.
ഹോസ്റ്റല്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാരോപിച്ചാണ് ജില്ലാ ക്ഷേമ ഓഫീസർ അലോക് കുമാർ പരിപാടിക്ക് അനുമതി നിഷേധിച്ചത്. ഹോസ്റ്റൽ സാഹചര്യങ്ങളിൽ ഇതുപോലുള്ള ഒരു പരിപാടി അനുവദിക്കാൻ കഴിയില്ലെന്നും ബദൽ വേദിയായി ടൗൺ ഹാൾ ഒരുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംസ്ഥാന സര്‍ക്കാരാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജെഡിയു-ബിജെപി സഖ്യത്തിന്റെ പ്രേരണയിലാണ് ജില്ലാ ഭരണകൂടം പ്രവര്‍ത്തിച്ചതെന്ന് എഐസിസി ദേശീയ മാധ്യമ കൺവീനർ അഭയ് ദുബെ പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചതോടെ കോൺഗ്രസ് നേതാക്കളും ജില്ലാ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റണ്ടമുണ്ടായി. ഭരണകൂടം ബോധപൂർവമായ തടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
Adjust Story Font
16

