വംശീയ കലാപത്തിന് രണ്ടാണ്ട്; ഒടുവിൽ മോദി മണിപ്പൂരിലെത്തുന്നു?
മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു

ന്യൂഡല്‍ഹി: വംശീയ കലാപം ആളിക്കത്തിയ മണിപ്പൂരില്‍ രണ്ട് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്നതായി റിപ്പോര്‍ട്ട്. ഈ മാസം 13 ന് മിസോറാമും മണിപ്പൂരും മോദി സന്ദർശിക്കുമെന്നും ഇതിനായി ഇരു സംസ്ഥാനങ്ങളിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈറാബി-സൈരംഗ് റെയിൽവേ ലൈൻ മിസോറാമിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. മിസോറാം സന്ദർശനത്തിന് ശേഷം, പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി മിസോറാം ചീഫ് സെക്രട്ടറി ഖില്ലി റാം മീണ തിങ്കളാഴ്ച വിവിധ വകുപ്പുകളുമായും നിയമ നിർവഹണ ഏജൻസികളുമായും യോഗം വിളിച്ചുചേർത്തിരുന്നു. സുരക്ഷാ നടപടികൾ, ഗതാഗത ക്രമീകരണം, സ്വീകരണം തുടങ്ങിയവയുള്‍പ്പടെയുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഐസ്വാളിലെ ലാമൗളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സർക്കാർ ജീവനക്കാർ, കർഷകർ, വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ എന്നിവരെ പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
2023 മേയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ മെയ്‌തേയ്-കുക്കി സമുദായങ്ങള്‍ തമ്മില്‍ രൂക്ഷമായ വംശീയ ഏറ്റുമുട്ടലില്‍ 260 ലേറെ പേരാണ് കൊല്ലപ്പെട്ടത്. കലാപത്തില്‍ ഏകദേശം 60,000 പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് ഇപ്പോഴും ജീവിക്കുന്നത്. വംശീയ കലാപത്തിന് പിന്നാലെ മണിപ്പൂരിൽ കഴിഞ്ഞ ആറുമാസമായി രാഷ്ട്രപതി ഭരണമാണ്. കേന്ദ്രനിർദേശപ്രകാരമാണ് മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ് രാജിവെച്ചത്.
വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.പ്രധാനമന്ത്രി കലാപ മേഖല സന്ദര്‍ശിക്കണമെന്നും ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനായി ആവശ്യപ്പെടണമെന്നുമടക്കം നിരവധി കോണുകളില്‍ നിന്ന് നിരന്തരം ആവശ്യം ഉയര്‍ന്നെങ്കിലും അതിനെക്കുറിച്ച് ഒരുവാക്ക് പോലും പറയാന്‍ മോദി തയ്യാറായിരുന്നില്ല.പാര്‍ലമെന്റില്‍ പോലും മോദി മണിപ്പൂര്‍ എന്ന പദം പോലും പറയാത്തതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. എന്നാല്‍ മോദിയുടെ സന്ദർശനത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ഇംഫാലിലെ ഉദ്യോഗസ്ഥർ പറയുന്നു.
Adjust Story Font
16

