'ലോകസമാധാനത്തിനും അഭിവൃദ്ധിക്കുമായി ഒരുമിച്ച് മുന്നേറാം': ട്രംപിനോട് മോദി
പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ട്രംപ്-മോദി കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്

ന്യൂഡല്‍ഹി: ആഗോളതലത്തിലെ സമാധാനത്തിനും അഭിവൃദ്ധിക്കുമായി ഒരുമിച്ച് മുന്നേറാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച ഇരുവരും തമ്മില്‍ ടെലിഫോണ്‍ സംഭാഷണത്തിൽ ഇക്കാര്യം ട്രംപുമായി സംസാരിച്ചെന്ന് മോദി എക്‌സില്‍ കുറിച്ചു.
'യുഎസ് പ്രസിഡന്റ് ട്രംപുമായി ഊഷ്മളമായ കൂടിക്കാഴ്ച നടത്തുകയുണ്ടായി. അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലുമുള്ള പുരോഗതികളെ കുറിച്ച് ക്രിയാത്മകമായി ചര്‍ച്ച ചെയ്തു. ആഗോള സമാധാനത്തിനും സുസ്ഥിരമായ അഭിവൃദ്ധിക്കും വേണ്ടി ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കും.' മോദി എക്‌സിലൂടെ അറിയിച്ചു.
ഇന്ത്യയുമായുള്ള വ്യാപാരക്കരാറിനെ കുറിച്ച് സംസാരിക്കാനായി യുഎസ് പ്രതിനിധികള്‍ ന്യൂഡല്‍ഹിയിലെത്തിയതിനിടെയാണ് ഇരുരാഷ്ട്രങ്ങളിലെയും തലവന്മാര്‍ ഫോണില്‍ ബന്ധപ്പെട്ടത്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നതിനായി ഇന്ത്യ ശക്തമായ കച്ചവടവാഗ്ധാനങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രതിനിധി വാഷിങ്ടണില്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ട്രംപ്-മോദി കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.
നേരത്തെ, ഇന്ത്യയുടെ അരി ഇറക്കുമതിക്കും കാനഡയുടെ വളം ഇറക്കുമതിക്കും പുതിയ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. വൈറ്റ് ഹൗസില്‍ വെച്ച് അമേരിക്കയിലെ കര്‍ഷകര്‍ക്കായി ഒരു കാര്‍ഷികാശ്വാസ പാക്കേജ് പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് ഇന്ത്യയില്‍ നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കാര്‍ഷിക ഇറക്കുമതിയെ വിമര്‍ശിച്ചത്. ഇത്തരം ഇറക്കുമതി ആഭ്യന്തര ഉത്പാദകരെ ദോഷകരമായി ബാധിക്കുന്നുവെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ്- മോദി കൂടികത്കാഴ്ചയെന്നതും ശ്രദ്ധേയം.
Adjust Story Font
16

