ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും യുവജന വിരുദ്ധനായ പ്രധാനമന്ത്രിയായി മോദി മാറി; വിമര്‍ശനവുമായി രാഹുൽ ഗാന്ധി
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ചോദിച്ചു വാങ്ങാൻ പോലുമാകാത്തത്ര യുവജനവിരുദ്ധനാണ് പ്രധാനമന്ത്രി മോദിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പാർലമെന്റ് മാർച്ച് നടത്തിയവർക്കെതിരെ പൊലീസ് ലാത്തിചാർജ് നടത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ യുവജനവിരുദ്ധനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ചോദിച്ചു വാങ്ങാൻ പോലുമാകാത്തത്ര യുവജനവിരുദ്ധനാണ് പ്രധാനമന്ത്രി മോദിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
"രാജ്യത്ത് ഇതുവരെ 152 ചോദ്യപ്പേപ്പർ ചോർച്ചകൾ നടന്നു. 7.5 കോടി വിദ്യാർഥികളുടെ ഭാവി ചോദ്യചിഹ്നമായി. എന്നാൽ ഇതുവരെ ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. പകരം, അഹോരാത്രം കഠിനാധ്വാനം ചെയ്ത രാജ്യത്തെ യുവാക്കളാണ് ശിക്ഷ അനുഭവിക്കുന്നത്'- രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
'' വിദ്യാഭ്യാസ സംവിധാനത്തിലെ ക്രമക്കേടുകളെക്കുറിച്ച് ന്യായമായ ചോദ്യങ്ങൾ ഉന്നയിച്ച വിദ്യാർഥികളെ ലാത്തിച്ചാർജ് നടത്തിയും കസ്റ്റഡിയിലെടുത്തുമാണ് സർക്കാർ നേരിട്ടത്. ചോദ്യപ്പേപ്പർ ചോർത്തിയ ക്രിമിനലുകൾ പുറത്ത് സ്വതന്ത്രരായി നടക്കുമ്പോൾ, അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ കുട്ടികളെ വഴിയിൽ ഇട്ട് തല്ലുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. ഈ സർക്കാർ യുവാക്കളെ പരാജയപ്പെടുത്തുക മാത്രമല്ല, അവരെ വേട്ടയാടുക കൂടിയാണ് ചെയ്യുന്നത്"- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അതേസമയം ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡയുമായി അദ്ദേഹത്തിന്റെ വസതിയിൽ സിജെപി നേതാക്കൾ പത്ത് മിനിറ്റ് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവച്ചെന്ന് സിജെപി വക്താവ് അറിയിച്ചു. സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
Adjust Story Font
16

