'ആഗോള വ്യാപാരത്തിന് ആശ്വാസം': ഇറാൻ-അമേരിക്ക സമാധാന കരാറിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
നീണ്ട അനിശ്ചിതത്വങ്ങൾ മറികടന്നാണ് അമേരിക്കയും ഇറാനും തമ്മിൽ പുതിയ സമാധാനക്കരാറിലേക്ക് എത്തുന്നത്.

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ ഉണ്ടാക്കിയ ധാരണാപത്രത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ധാരണാപത്രം മേഖലയിൽ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരുമെന്നും ആഗോള വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രി തന്റെ പ്രതികരണം അറിയിച്ചത്.
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം ലോകമെമ്പാടും കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമായതായും നിരവധി രാജ്യങ്ങളിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
"പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഈ യുദ്ധം ലോകമെമ്പാടും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിക്കുകയും പല രാജ്യങ്ങളിലും ജീവഹാനിക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്," പ്രധാനമന്ത്രി കുറിച്ചു.
നീണ്ട അനിശ്ചിതത്വങ്ങൾ മറികടന്നാണ് അമേരിക്കയും ഇറാനും തമ്മിൽ പുതിയ സമാധാനക്കരാറിലേക്ക് എത്തുന്നത്. വെള്ളിയാഴ്ച സ്വിറ്റ്സർലാന്റിലെ ജനീവയിൽ ഇരുപക്ഷവും കരാറിൽ ഒപ്പുവെക്കും. തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണമായി തുറക്കും. ഇറാന് മേലുള്ള ഉപരോധം നീക്കാൻ താൻ അനുമതി നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രാലയവും കരാർ സ്ഥിരീകരിച്ചു. കരാറിന്‍റെ പൂർണ്ണ വിവരങ്ങൾ കരാർ ഒപ്പുവെച്ചു മാത്രമേ പുറത്തുവിടുകയുള്ളൂ.
Adjust Story Font
16

