Quantcast

രാമനാഥപുരത്ത് മോദി? ലീഗ് മണ്ഡലം വഴി ബിജെപി ലക്ഷ്യം ദക്ഷിണേന്ത്യ

2019ൽ വാരാണസി മണ്ഡലത്തിൽ മാത്രമാണ് മോദി മത്സരിച്ചിരുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-03-01 13:40:20.0

Published:

1 March 2024 10:28 AM GMT

narendra modi
X

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ രാമനാഥപുരം ലോക്‌സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ദേശീയശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. വാരാണസിക്കു പുറമേ, പ്രധാനമന്ത്രിയുടെ രണ്ടാം മണ്ഡലമായി രാമനാഥപുരം പരിഗണിക്കുന്നു എന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. 2014ലേതിനു സമാനമായി മോദി രണ്ടു മണ്ഡലങ്ങളിൽ ജനവിധി തേടണമെന്ന ആവശ്യമാണ് ബിജെപിക്കകത്ത് ഉയരുന്നത്. ദക്ഷിണേന്ത്യൻ മണ്ഡലത്തിൽ നിന്ന് മോദി ജനവിധി തേടുന്നത് കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നും ബിജെപി വിലയിരുത്തുന്നു. 2019ൽ വാരാണസി മണ്ഡലത്തിൽ മാത്രമാണ് മോദി മത്സരിച്ചിരുന്നത്.

രാമനാഥപുരത്ത് മോദിയെ മത്സരിപ്പിക്കണമെന്ന ആവശ്യം തമിഴ്‌നാട് ബിജെപി ഘടകത്തിന് നേരത്തെ ഉള്ളതാണ്. രണ്ടാമതൊരു മണ്ഡലത്തിൽ പ്രധാനമന്ത്രി ജനവിധി തേടുന്നുവെങ്കിൽ തമിഴ്‌നാടിനെ പരിഗണിക്കണം എന്നാണ് സംസ്ഥാന ബിജെപി ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം 2023 ജൂലൈയിൽ ഹൈദരാബാദിൽ ചേർന്ന പാർട്ടി പ്രസിഡണ്ടുമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും യോഗത്തിൽ ചര്‍ച്ചയായിരുന്നു.

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പ് മോദി രാമനാഥപുരത്തെ രാമേശ്വരം ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഹൈന്ദവ വിശ്വാസത്തിൽ ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണ് ഇവിടത്തെ രാമനാഥസ്വാമി ക്ഷേത്രം. 12 ജ്യോതിർലിംഗങ്ങ ക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്രത്തിലെ 22 തീർത്ഥ കിണറുകളിൽ പ്രധാനമന്ത്രി സ്‌നാനം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിലെ നാല് മഹാക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്. വടക്ക് ബദരീനാഥ്, കിഴക്ക് പുരി ജഗന്നാഥ ക്ഷേത്രം, പടിഞ്ഞാറ് ദ്വാരക എന്നിവയാണ് മറ്റുള്ളവ. ഇതിൽ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം. ഈ സന്ദർശനവും മോദി മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടി. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കണക്കുകൾ ബിജെപിക്ക് ഒപ്പമല്ല

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സിറ്റിങ് സീറ്റാണ് രാമനാഥപുരം. കേരളത്തിന് പുറത്ത് ലീഗിന്റെ ഏക ലോക്‌സഭാ സീറ്റും ഇതാണ്. ഡിഎംകെ സഖ്യത്തിൽ ലീഗ് തന്നെയാണ് ഇത്തവണയും രാമനാഥപുരത്ത് നിന്ന് ജനവിധി തേടുന്നത്. 2019ൽ 1,27,122 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിനാണ് ലീഗിലെ നവാസ് കനി പാർലമെന്റിലെത്തിയിരുന്നത്. ഇത്തവണയും കനി തന്നെയാണ് സ്ഥാനാർത്ഥി.

കഴിഞ്ഞ തവണ പോൾ ചെയ്ത 44.29 വോട്ടും ലഭിച്ചത് ലീഗ് സ്ഥാനാർത്ഥിക്കാണ്. ആകെ കിട്ടിയത് 469,943 വോട്ട്. ബിജെപിയുടെ നൈനാർ നാഗേന്ദ്രൻ 32.31 ശതമാനം വോട്ടു നേടി (3,42,821 വോട്ട്) രണ്ടാമതെത്തി. അണ്ണാ ഡിഎംകെയ്ക്ക് ഒപ്പമാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വതന്ത്രനായി മത്സരിച്ച വിഡിഎൻ ആനന്ദ് 1.41 ലക്ഷം വോട്ടു നേടി. നാം തമിലർ കച്ചിയുടെ ടി ഭുവനേശ്വരി, മക്കൾ നീതി മയ്യത്തിന്റെ വിജയ ഭാസ്‌കർ എന്നിവരായിരുന്നു മറ്റു സ്ഥാനാര്‍ത്ഥികള്‍.

1951ൽ നിലവിൽ വന്ന മണ്ഡത്തിൽ രണ്ടായിരത്തിന് ശേഷം മൂന്നു തവണ ഡിഎംകെ വിജയിച്ചിട്ടുണ്ട്. ഒരു തവണ അണ്ണാ ഡിഎംകെയും. ബിജെപി ഒരിക്കൽ പോലും വിജയിച്ചിട്ടുമില്ല. ആരത്തങ്കി, തിരുച്ചുളി, പരമകുടി, തിരുവടനായി, രാമനാഥപുരം, മുടക്കുളത്തൂർ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് രാമനാഥപുരത്തുള്ളത്. ഇതിൽ നാലു മണ്ഡലങ്ങളിൽ ഡിഎംകെയും രണ്ടിടത്ത് കോണ്‍ഗ്രസുമാണ് കഴിഞ്ഞ തവണ വിജയിച്ചത്.

മണ്ഡലത്തിലെ പ്രധാന സമുദായം മുക്കുളത്തോറാണ്(തേവർ)-60 ശതമാനം. 15 ശതമാനം യാദവന്മാരും അത്ര തന്നെ ദളിതരും ഇവിടെയുണ്ട്. പത്ത് ശതമാനമാണ് മുസ്‌ലിംകൾ. ബിജെപിക്ക് ആവശ്യമായ മേൽക്കൈ ഇല്ലാത്ത മണ്ഡലത്തിൽ മോദി മത്സരിക്കുമോ എന്നതാണ് പ്രധാന ചോദ്യം. നിലവിലെ രാഷ്ട്രീയ സാഹചര്യം വച്ച് അത്തരമൊരു നീക്കത്തിന് ബിജെപി തയ്യാറാവില്ല എന്നു തന്നെയാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

TAGS :

Next Story