Quantcast

ഇലക്ടറൽ ബോണ്ട് ആഘോഷിക്കുന്നവരെല്ലാം ഖേദിക്കേണ്ടിവരും-നരേന്ദ്ര മോദി

ഒരു സംവിധാനവും പൂർണമല്ലെന്നും കുറ്റവും കുറവുകളുമെല്ലാം പരിഹരിക്കാവുന്നതേയുള്ളൂവെന്നും പ്രധാനമന്ത്രി മോദി

MediaOne Logo

Web Desk

  • Published:

    2 April 2024 5:11 AM GMT

Those dancing over it are going to repent: PM Narendra Modi on the electoral bonds data
X

തമിഴ് ചാനലിന്‍റെ അഭിമുഖത്തില്‍ നരേന്ദ്ര മോദി

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിഷയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്ടറൽ ബോണ്ടിൽ ഇപ്പോൾ ആഹ്ലാദിക്കുന്നവർ ഖേദിക്കേണ്ടിവരുമെന്ന് മോദി പറഞ്ഞു. ഒരു സംവിധാനവും പൂർണമല്ല. കുറ്റവും കുറവുകളുമുണ്ടാകും. അതു പരിഹരിക്കാവുന്നതേയുള്ളൂവെന്നും മോദി പറഞ്ഞു.

തമിഴ് ടെലിവിഷൻ ചാനൽ 'തന്തി ടി.വി'ക്കു നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പ്രതികരണം. ''തിരിച്ചടിയുണ്ടാകാൻ ഞങ്ങൾ എന്താണു ചെയ്തത്? അതും വച്ച് ആഘോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നവർ ഖേദിക്കുമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു.''-അദ്ദേഹം പറഞ്ഞു. സുപ്രിംകോടതി വിധി വന്ന ശേഷം ഇതാദ്യമായാണ് ഇലക്ടറൽ ബോണ്ട് വിഷയത്തിൽ മോദി പ്രതികരിക്കുന്നത്.

ഇലക്ടറൽ ബോണ്ട് സംവിധാനം കാരണമാണ് രാഷ്ട്രീയ ഫണ്ടുകളുടെ സ്രോതസും ഗുണഭോക്താക്കളുമെല്ലാം അറിയാനായതെന്നും മോദി വിശദീകരിച്ചു. 2014ൽ എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തുംമുൻപ് ഈ കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് എത്ര നൽകിയെന്ന് പറയാനാകുമോ? മോദി ഇലക്ടറൽ ബോണ്ട് സംവിധാനിച്ച കാരണമാണ് ആരൊക്കെയാണ് ബോണ്ട് വാങ്ങിയതെന്നും അത് എങ്ങോട്ടു പോയെന്നും എങ്ങനെ ചെലവാക്കിയെന്നുമെല്ലാം ഇപ്പോൾ നമുക്ക് അന്വേഷിക്കാൻ കഴിയുന്നത്. ഒന്നും സമ്പൂർണമല്ല. കുറവുകൾ പരിഹരിക്കാവുന്നതേയുള്ളൂവെന്നും നരേന്ദ്ര മോദി പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതായുള്ള ആരോപണങ്ങളെ കുറിച്ചും മോദി പ്രതികരിച്ചു. മുഴുവൻ കേന്ദ്ര ഏജൻസികളും സ്വതന്ത്രമായാണു പ്രവർത്തിക്കുന്നത്. ഞങ്ങൾ അവരുടെ പ്രവർത്തനം തടയുകയോ എന്തെങ്കിലും നിർദേശം നൽകുകയോ ചെയ്യുന്നില്ല. അതു സ്വതന്ത്രമായി തന്നെയാണു പ്രവർത്തിക്കേണ്ടത്. ജുഡിഷ്യറിയാണ് അതു വിലയിരുത്തേണ്ടതും. നിലവിൽ 7,000ത്തോളം ഇ.ഡി കേസുകളുണ്ട്. ഇതിൽ മൂന്നു ശതമാനം മാത്രമാണു രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകൾ. കോൺഗ്രസ് ഭരിച്ച പത്തു വർഷക്കാലം 35 ലക്ഷം രൂപ മാത്രമാണു പിടിച്ചെടുക്കാനായതെങ്കിൽ ഞങ്ങൾ 2,200 കോടി രൂപ പിടികൂടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കൽ നിയമം കോൺഗ്രസ് കാലത്തും ഉണ്ടായിരുന്നു. എന്നാൽ, അവരതു കൃത്യമായി ഉപയോഗിച്ചില്ലെന്നും മോദി വിമർശിച്ചു. വളരെ മുൻപുള്ളതാണു നിയമം. (വിവിധ കമ്പനികളെയും വ്യക്തികളെയും) കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽനിന്ന് ഒഴിവാക്കാനായി 150ഓളം ഹരജികൾ കോടതിയിലെത്തിയിട്ടുണ്ട്. അഴിമതിക്കെതിരായ മോദിയുടെ നടപടികൾ നിൽക്കാൽ പോകുന്നില്ലെന്ന് അറിയുന്നതിനാൽ കോൺഗ്രസ് ജുഡിഷ്യറിയെ ആയുധമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പേരുവിവരങ്ങളും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്താതെ തന്നെ കമ്പനികൾക്കും വ്യക്തികൾക്കും രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകാൻ സഹായിക്കുന്ന സംവിധാനമാണ് ഇലക്ടറൽ ബോണ്ട്. സംഭാവന നൽകിയവരുടെ പേരുകളും വിവരങ്ങളുമെല്ലാം രഹസ്യമായി സൂക്ഷിക്കുന്നതായിരുന്നു ഇതിന്റെ രീതി. എന്നാൽ, കഴിഞ്ഞ ഫെബ്രുവരി 15ന് ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും കനത്ത തിരിച്ചടിയായിരുന്നു വിധി.

ബോണ്ടുകൾ വാങ്ങിയവരുടെയും ഗുണഭോക്താക്കളുടെയും വിശദമായ വിവരങ്ങൾ പുറത്തുവിടണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക്(എസ്.ബി.ഐ) കോടതി കർശന നിർദേശവും നൽകി. മാർച്ച് ആറിനകം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു വിവരങ്ങൾ കൈമാറാനായിരുന്നു നിർദേശം. എസ്.ബി.ഐ സമയം നീട്ടിച്ചോദിച്ചെങ്കിലും കോടതി വഴങ്ങിയില്ല. കോടതിയുടെ ഉത്തരവ് അനുസരിക്കാത്തതിനു കണക്കറ്റ് ശകാരവും ലഭിച്ചു. ഒടുവിൽ മാർച്ച് 14ഓടെ എസ്.ബി.ഐ വിവരങ്ങൾ പരസ്യമാക്കി തുടങ്ങുകയായിരുന്നു.

Summary: "Those dancing over it are going to repent": PM Narendra Modi on the electoral bonds data

TAGS :

Next Story