കശ്മീർ ഭീകരാക്രമണം: അപലപിച്ച് പ്രധാനമന്ത്രി, ഹൃദയഭേദകമെന്ന് രാഹുൽ ഗാന്ധി
അമിത് ഷാ ആക്രമണം നടന്ന പഹൽഗാം സന്ദർശിക്കും

ന്യൂ ഡൽഹി: ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിൽ എത്തിയ പ്രധാനമന്ത്രി ഭീകരാക്രമണത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെട്ടു. ആക്രമണം നടന്ന പഹൽഗാം സന്ദർശിക്കും. കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക സ്വദേശിയാണ്.
ഭീകരാക്രമണം അപലപനീയവും ഹൃദയഭേദകവുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഭീകരതക്കെതിരെ രാജ്യം മുഴുവൻ ഒറ്റക്കെട്ടാണ്. കാശ്മീരിലെ സ്ഥിതി സാധാരണമാണെന്ന പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കരുത്. സർക്കാർ കൃത്യമായ നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറഞ്ഞു. ഭീകരാക്രമണവാർത്തയിൽ അഗാധമായ ദുഃഖമുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. ഭീകരാക്രമണത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അപലപിച്ചു. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഇന്ന് ഉച്ചയോടെയാണ് തെക്കൻ കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്. പത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപതിയിൽ എത്തിച്ചു. വിനോദസഞ്ചാരികൾ മരിച്ചു കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അജ്ഞാതരായ തോക്ക്ധാരികൾ പെട്ടെന്ന് വെടി വെക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. അമിത് ഷായുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
Adjust Story Font
16

