കര്‍ണാടകയില്‍ പോക്‌സോ കേസുകളില്‍ രണ്ടുവര്‍ഷത്തിനിടെ 26% വര്‍ധന; ശിക്ഷിക്കപ്പെടുന്നത് മൂന്നിലൊന്ന് മാത്രം
പല കേസുകളിലും പ്രതികള്‍ കുടുംബാംഗങ്ങള്‍ തന്നെയായിരിക്കും

ബംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പോക്‌സോ കേസുകളില്‍ 26 ശതമാനം വര്‍ധന. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട പോക്‌സോ കേസുകളുടെ എണ്ണം 2022-ല്‍ 3209 ആയിരുന്നു. 2024-ല്‍ ഇത് 4064 ആയി വര്‍ധിച്ചെന്നും 2025-ല്‍ ഇതുവരെ 2544 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ലെജിസ്ലേറ്റീവ് കൗൺസിലിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും ശിക്ഷാനിരക്ക് കുറയുന്നുവെന്നത് ആശങ്കാജനകമാണ്. പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം മൂന്നില്‍ ഒന്നുമാത്രമാണ്. 2022-ലെ 3029 കേസുകളില്‍ 1562 എണ്ണത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കി. 1224 കേസുകളില്‍ വിചാരണ നടക്കുന്നുണ്ടെങ്കിലും 186 എണ്ണത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.
ശിക്ഷാനിരക്ക് കുറയുന്നതിന്റെ പ്രധാനകാരണം ഇത്തരം കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുന്നതാണെന്ന് കര്‍ണാടക ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ നാഗണ്ണ ഗൗഡ അഭിപ്രായപ്പെടുന്നു.''കുട്ടികള്‍ ഉള്‍പ്പെടുന്ന കേസായതിനാല്‍ പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത രക്ഷിതാക്കള്‍ കേസ് കോടതിക്കുപുറത്തുവെച്ച് തന്നെ ഒത്തുതീര്‍പ്പാക്കുന്നു''അദ്ദേഹം ഡെക്കാൺ ക്രോണിക്കിളിനോട് പറഞ്ഞു.
പല കേസുകളിലും പ്രതികള്‍ കുടുംബാംഗങ്ങള്‍ തന്നെയായിരിക്കും. അത്തരം കേസുകളില്‍ കുടുംബത്തില്‍നിന്നുള്ള സമ്മര്‍ദം കാരണം രക്ഷിതാക്കള്‍ പിന്മാറാറുണ്ട്. പൊലീസും ബാലാവകാശ കമ്മിഷന്‍ അധികൃതരും ഇടപെട്ട് അവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും അവര്‍ മൊഴിമാറ്റുകയും തെളിവുകളുടെ അഭാവത്തില്‍ കേസുകള്‍ തള്ളിപ്പോകാറുമാണ് പതിവെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.
''ജില്ലാതലത്തില്‍ കൗണ്‍സലിങ്ങുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അതിജീവിതരായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി ബാലാവകാശ കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. കേസുകളുടെ എണ്ണത്തിലെ വര്‍ധനയുടെ ഗൗരവത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്. അതിനേക്കാള്‍ പ്രധാനമായി ഇത്തരം സംഭവങ്ങള്‍ കുറയ്ക്കുന്നതിനുള്ള ജാഗ്രതയാണാവശ്യം. ഇത്തരം സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിടാനുള്ള അവബോധം കുട്ടികള്‍ക്ക് നല്‍കണം. സ്‌കൂളുകള്‍, കളിയിടങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി കുട്ടികള്‍ ഇടപെടുന്ന സ്ഥലങ്ങളിലെല്ലാം സിസിടിവി സംരക്ഷണം ഏര്‍പ്പെടുത്തണം. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയും കുട്ടികള്‍ക്ക് അനിവാര്യമാണ്. ഇത്തരം കേസുകള്‍ തടയുന്നതിനും കുട്ടികളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന്'' കർണാടക നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.
Adjust Story Font
16

