ധാർമിക തകർച്ച ലൈംഗികാതിക്രമങ്ങൾ വർധിക്കാൻ കാരണമാകുന്നു; പൊലീസ് വിചാരിച്ചാൽ മാത്രം ഇത് തടയാനാവില്ല: മധ്യപ്രദേശ് ഡിജിപി
ഇന്റർനെറ്റിൽ ലഭിക്കുന്ന പോൺ വീഡിയോകളും മദ്യവും സമൂഹത്തിന്റെ ധാർമികബോധം തകർക്കുന്നു. പൊലീസ് മാത്രം വിചാരിച്ചാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവില്ലെന്നും ഡിജിപി കൈലാഷ് മക്‌വാന പറഞ്ഞു.

ഭോപ്പാൽ: പൊലീസ് വിചാരിച്ചാൽ മാത്രം ലൈംഗികാതിക്രമങ്ങൾ തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി കൈലാഷ് മക്‌വാന. മൊബൈൽ ഫോണുകളിലും ഇന്റർനെറ്റിലും ലഭ്യമാകുന്ന പോൺ വീഡിയോകൾ മൂലം സമൂഹത്തിലുണ്ടാകുന്ന ധാർമിക തകർച്ച ഇത്തരം കേസുകൾ വർധിക്കാൻ കാരണമാകുന്നുവെന്നും ഡിജിപി പറഞ്ഞു.
''ഇന്റർനെറ്റിൽ യഥേഷ്ടം പോൺ വീഡിയോകൾ കിട്ടുന്നത് കുട്ടികളുടെ മനസ്സിനെപ്പോലും ദുഷിപ്പിക്കുന്നു. ലൈംഗിക പീഡനക്കേസുകൾ വർധിക്കുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. മൊബൈലിലും ഇന്റർനെറ്റിലും കിട്ടുന്ന പോൺ വീഡിയോകളും മദ്യവും ഇതിൽ പ്രധാനപ്പെട്ടതാണ്. ഇതുപോലുള്ള നിരവധി കാരണങ്ങൾ സമൂഹത്തിന്റെ ധാർമിക ബോധം തകരാൻ കാരണമാകുന്നു. ഇതെല്ലാം പൊലീസിന് മാത്രം ഒറ്റക്ക് പരിഹരിക്കാൻ കഴിയുന്നതല്ല''- ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഡിജിപി പറഞ്ഞു.
മുമ്പ് കുട്ടികൾ അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും നിർദേശങ്ങൾ ശ്രദ്ധിക്കുമായിരുന്നു. എന്നാൽ ഇന്ന് ഒരു കുടുംബത്തിൽ തന്നെ ഒരാൾക്ക് മറ്റൊരാളെ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഇപ്പോൾ എല്ലാ അതിരുകളും തകർക്കപ്പെട്ടിരിക്കുന്നു. ഇന്റർനെറ്റിൽ ലഭിക്കുന്ന അശ്ലീല ഉള്ളടക്കമുള്ള വീഡിയോകൾ കുട്ടികളുടെ മനസ്സിനെ വികലമാക്കുന്നുണ്ട്. അതുകൊണ്ട് ലൈംഗിക പീഡനക്കേസുകൾ വർധിക്കുന്നതെന്നും ഡിജിപി പറഞ്ഞു.
Adjust Story Font
16

